മക്ക : ഈ വര്‍ഷത്തെ ഹജിന് വിദേശ ഹജ് തീര്‍ഥാടകര്‍ക്ക് താമസ സൗകര്യം നല്‍കുന്നതിന് മക്കയില്‍ ഇതുവരെ 1,456 കെട്ടിടങ്ങള്‍ക്ക് ലൈസന്‍സ് അനുവദിച്ചതായി പില്‍ഗ്രിംസ് ഹൗസിംഗ് കമ്മിറ്റി അറിയിച്ചു. രണ്ടു ലക്ഷത്തിലേറെ മുറികളുള്ള ഈ കെട്ടിടങ്ങളില്‍ ആകെ പത്തു ലക്ഷത്തോളം ഹാജിമാര്‍ക്ക് താമസ സൗകര്യം ലഭിക്കും. മറ്റു കെട്ടിടങ്ങളുടെ ലൈസന്‍സ് നടപടികള്‍ പൂര്‍ത്തിയാക്കിവരികയാണ്. പരിശോധനകള്‍ പൂര്‍ത്തിയാക്കി വരും ദിവസങ്ങളില്‍ കൂടുതല്‍ കെട്ടിടങ്ങള്‍ക്ക് ലൈസന്‍സ് അനുവദിക്കും.
മക്ക നഗരസഭയുടെയും സിവില്‍ ഡിഫന്‍സിന്റെയും അംഗീകാരമുള്ള എന്‍ജിനീയറിംഗ് ഓഫീസുകള്‍ കെട്ടിടങ്ങള്‍ പരിശോധിച്ച് വ്യവസ്ഥകളും മാനദണ്ഡങ്ങളും പൂര്‍ണമാണെന്ന് ഉറപ്പുവരുത്തി നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് പില്‍ഗ്രിംസ് ഹൗസിംഗ് കമ്മിറ്റി കെട്ടിടങ്ങള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നത്. ഹജ് തീര്‍ഥാടകര്‍ക്ക് താമസസൗകര്യം നല്‍കുന്നതിന് കെട്ടിടങ്ങള്‍ വാടകക്ക് നല്‍കാന്‍ ആഗ്രഹിക്കുന്ന കെട്ടിട ഉടമകളില്‍ നിന്ന് മുഹറം ഒന്നു മുതലാണ് പില്‍ഗ്രിംസ് ഹൗസിംഗ് കമ്മിറ്റി അപേക്ഷകള്‍ സ്വീകരിക്കാന്‍ തുടങ്ങിയത്. ലൈസന്‍സ് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് എത്രയും വേഗം അംഗീകൃത എന്‍ജിനീയറിംഗ് ഓഫീസുകളെ സമീപിക്കണമെന്ന് കെട്ടിട ഉടമകളോട് കമ്മിറ്റി ആവശ്യപ്പെട്ടു. ലൈസന്‍സ് അപേക്ഷകള്‍ സ്വീകരിക്കുന്നത് റജബ് അവസാനം വരെ തുടരുമെന്നും ശഅബാന്‍ അവസാനം വരെ ലൈസന്‍സുകള്‍ അനുവദിക്കുമെന്നും മക്ക നഗരസഭ നേരത്തെ വ്യക്തമാക്കിയിരുന്നു.