റിയാദ് : സൗദിയില്‍ മയക്കുമരുന്ന് കടത്ത് വ്യാപകം. കര്‍ക്കശ പരിശോധനകള്‍ തുടരുന്നതിനാല്‍ ദിനേന നിരവധി മയക്കുമരുന്ന് കടത്ത് വാര്‍ത്തകളാണ് പുറത്തുവരുന്നത്. എല്ലാ പ്രധാന നഗരങ്ങളിലും കര്‍ശന പരിശോധനയാണ്. രാത്രിയില്‍ വാഹന പരിശോധന വ്യാപകമാക്കിയിട്ടുണ്ട്.
ഇന്ന് ജിസാനില്‍നിന്നും അസീറില്‍നിന്നും അല്‍ ഖസീമില്‍നിന്നും മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അല്‍ ഖസീമില്‍ മയക്കുമരുന്നായി ഉപയോഗിക്കുന്ന ഗുളിക വിറ്റതിന് ഒരു സ്വദേശിയെ പിടികൂടി. അസീറില്‍ വാഹനത്തിനുള്ളില്‍നിന്ന് 40 കിലോ ഹഷീഷ് പിടികൂടിയതായും നാര്‍കോടിക്‌സ് വിഭാഗം അറിയിക്കുന്നു. ജിസാന്‍ അതിര്‍ത്തിയില്‍ 61800 ഗുളികകളാണ് കടത്താന്‍ ശ്രമിച്ചത്. അതിര്‍ത്തിരക്ഷാ സേന കടത്ത് വിഫലമാക്കി.
രാത്രി വൈകി സഞ്ചരിക്കുന്ന വാഹനങ്ങള്‍, പ്രത്യേകിച്ച് കാറുകള്‍ പോലീസ് നിശ്ചിത സ്ഥലങ്ങളില്‍ തടഞ്ഞ് പരിശോധന നടത്തുന്നുണ്ട്. സംശയം തോന്നുന്ന വാഹനങ്ങള്‍ മാറ്റിനിര്‍ത്തി വിശദമായ പരിശോധന നടത്തും. ചില സന്ദര്‍ഭങ്ങളില്‍ യാത്രക്കാരെ പുറത്തിറക്കിയും പരിശോധിക്കുന്നുണ്ട്.