റിയാദ് : സാറ്റലൈറ്റ് വഴി സൗദിയിലെ റോഡുകൾ സദാ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന നൂതന സംവിധാനവുമായി റോഡ് സുരക്ഷാവകുപ്പ്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ രാജ്യത്തെ പൊതുഗതാഗത മാർഗങ്ങളെ സമാധാന പാതകളാക്കുകയാണ് ലക്ഷ്യം. രാജ്യത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ നിർഭയമായി സഞ്ചരിക്കാൻ കഴിയുന്ന തരത്തിൽ റോഡുകളെ പരിവർത്തിപ്പിക്കുകയാണ് സൗദി റോഡ് സുരക്ഷാവകുപ്പ്.
റിയാദിൽ നടക്കുന്ന അന്താരാഷ്ട്ര ഡിഫൻസ് എക്‌സിബിഷനിലെ സുരക്ഷാസേനയുടെ പവലിയനിൽ സൗദി റോഡ് സുരക്ഷാവിഭാഗത്തെ കുറിച്ച് പരിചയപ്പെടുത്തിയ സ്‌പെഷ്യൽ ഫോഴ്‌സ് വാക്താവ് മസ്തൂർ അൽകഥീരി സാങ്കേതിക വിദ്യ എങ്ങനെയാണ് റോഡ് സുരക്ഷാവിഭാഗം പ്രയോജനപ്പെടുത്തുന്നതെന്ന് വിശദീകരിച്ചു. ട്രാഫിക് വിഭാഗത്തിന്റെ വാഹനങ്ങളിൽ ഘടിപ്പിച്ച സാഹിർ ക്യാമറയും സ്പീഡ് ട്രാക്കിംഗ് ഉപകരണങ്ങളും വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ തിരിച്ചറിയുന്നതിനും അവയെ കൺട്രോൾ റൂമുകളുമായി ബന്ധിപ്പിക്കുന്നതിനും സഹായിക്കുന്ന വാസിഖ്, വാസിഖ് പ്ലസ് സംവിധാനങ്ങളുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. നെറ്റ്‌വർക്ക് കണക്ഷൻ തകരാറിലായാൽ ഉപഗ്രഹം വഴി ആശയവിനിമയം നടത്താൻ വാഹനത്തെ പ്രാപ്തമാക്കുന്ന ‘ഹൈബ്രിഡ്’ സംവിധാനങ്ങളും വാഹനങ്ങളിലുണ്ട്.