ദുബായ് : ചെങ്കടലിൽ ഹൂത്തികൾ ഡ്രോൺ ഉപയോഗിച്ച് ആക്രമണം നടത്തിയത് അമേരിക്കയിൽനിന്ന് ഇന്ത്യയിലേക്ക് വരുന്ന കപ്പലിന് നേരെ. ആഗോള കപ്പൽ ഗതാഗതത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ ഹൂത്തികൾ നടത്തുന്ന ആക്രമണങ്ങളിലെ ഏറ്റവും പുതിയ സംഭവവികാസമാണിത്. അമേരിക്കയുടെയും ബ്രിട്ടന്റെയും കപ്പലുകൾ തകർത്തതായി ഹൂത്തികൾ അവകാശപ്പെട്ടിരുന്നു. ഇസ്രായിൽ-ഹമാസ് യുദ്ധത്തിൽ ഫലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഹൂത്തികൾ ആക്രമണം നടത്തുന്നത്.
ചൊവ്വാഴ്ച നടന്ന ആദ്യ ആക്രമണം അമേരിക്കൻ കപ്പലായ സ്റ്റാർ നാസിയക്ക് നേരെയായിരുന്നു. ഈ കപ്പൽ അമേരിക്കയിൽനിന്ന് ഇന്ത്യയിലേക്ക് വരുന്നതായിരുന്നു. മറ്റൊന്ന് ബ്രിട്ടീഷ് കപ്പലായ മോണിംഗ് ടൈഡിനെ ലക്ഷ്യമിട്ടായിരുന്നുവെന്നും ഹൂതി വക്താവ് യഹ്‌യ ചൊവ്വാഴ്ച രാവിലെ വ്യക്തമാക്കി. ആക്രമണത്തിൽ ആർക്കും പരിക്കില്ലെന്ന് കപ്പൽ അധികൃതർ വ്യക്തമാക്കി. കപ്പലും ജീവനക്കാരും സുരക്ഷിതരാണെന്നും കപ്പൽ യാത്ര തുടരുകയാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.