ജിദ്ദ : സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് എട്ടു പുതിയ ഇ-സർവീസുകൾക്ക് കൂടി ജവാസാത്ത് വിഭാഗം തുടക്കം കുറിച്ചു. അബ്ഷിർ, മുഖീം സൈറ്റുകളിലൂടെയാണ് പുതിയ സേവനങ്ങൾ ലഭ്യമാകുക. അബ്ഷിറിലും മുഖീമിലുമായി നാലു പുതിയ സേവനങ്ങളാണ് പുതുതായി ഏർപ്പെടുത്തിയത്.
പാസ്പോർട്ട് മോഷണം, പാസ്പോർട്ട് നഷ്ടമാകൽ എന്നിവ അറിയിക്കുന്നതിന് അബ്ഷിറിൽ പുതിയ സേവനം ഏർപ്പെടുത്തി. സന്ദർശക വിസയിൽ വരുന്നവർക്കുള്ള ഡിജിറ്റൽ ഐ.ഡി, മുഖീം പ്രിന്റ് എന്നിവയും ഇനി മുതൽ അബ്ഷിറിലൂടെ ലഭ്യമാകും. (ഇതേവരെ പ്രിന്റ് എടുക്കാൻ നേരിട്ട് ജവാസാത്തിൽ പോകേണ്ട ആവശ്യമുണ്ടായിരുന്നു.
ഇഖാമയിൽ പേര് ട്രാൻസിലേറ്റ് ചെയ്യുമ്പോൾ സംഭവിച്ച മാറ്റം ശരിയാക്കുന്നതിനുള്ള സേവനം മുഖീമിൽ ലഭ്യമാകും. ഇതിന് പുറമെ, ഇഖാമ നഷ്ടപ്പെടുന്നത് അറിയിക്കാനും മുഖീമിൽ സേവനം ലഭ്യമാക്കി. വിസ വിവരങ്ങൾ അറിയുന്നതിനും മുഖീമിൽ ഇനി മുതൽ സാധിക്കും. സ്പോൺസറുടെ വിസ അലർട്ട് ലഭിക്കുന്നതിനുള്ള സേവനവും ഏർപ്പെടുത്തി.
ആഭ്യന്തര മന്ത്രി രാജകുമാരൻ അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് ബിൻ അബ്ദുൽ അസീസ് രാജകുമാരന്റെ നേതൃത്വത്തിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് ആസ്ഥാനത്താണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സേവന പ്ലാറ്റ്ഫോമാണ് അബ്ഷിറും മുഖീമും.
പാസ്പോർട്ട് ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ സുലൈമാൻ ബിൻ അബ്ദുൽ അസീസ് അൽ യഹ്യ, നാഷണൽ ഇൻഫർമേഷൻ സെന്റർ ഡയറക്ടർ ഡോ. എസ്സാം ബിൻ അബ്ദുല്ല അൽ വാഖിത്, ടെക്നോളജി അഫയേഴ്സ് ഡെപ്യൂട്ടി അസിസ്റ്റന്റ് മന്ത്രി എഞ്ചിനീയർ താമർ ബിൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. ഇൽമ് സി.ഇ.ഒ ഡോ. അബ്ദുൾ റഹ്മാൻ ബിൻ സാദ് അൽ ജാദിയും പങ്കെടുത്തു.