റിയാദ് : സൗദിയില്‍ കൊറിയര്‍, പാഴ്‌സല്‍ വിതരണത്തിന് ഡ്രോണുകള്‍ ഉപയോഗപ്പെടുത്താന്‍ ലക്ഷ്യമിട്ട് സാല്‍ സൗദി ലോജിസ്റ്റിക്‌സ് സര്‍വീസസ് കമ്പനിയും ഡ്രോണുകള്‍, ഉപഗ്രഹങ്ങള്‍, നൂതന വ്യോമഗതാഗത പരിഹാരങ്ങള്‍ എന്നീ മേഖലകളില്‍ സാങ്കേതിക പരിഹാരങ്ങള്‍ നല്‍കുന്ന സ്‌പേസ് ഏജ് കമ്പനിയും ധാരണാപത്രം ഒപ്പുവെച്ചു. സാല്‍ സൗദി ലോജിസ്റ്റിക്‌സ് സര്‍വീസസ് കമ്പനിയില്‍ ലോജിസ്റ്റിക്‌സ് സൊല്യൂഷന്‍സ് മേഖലാ സി.ഇ.ഒ എന്‍ജിനീയര്‍ ഥുനയ്യാന്‍ ആലുഥുനയ്യാനും സ്‌പേസ് ഏജ് കമ്പനി സ്ഥാപകനും സി.ഇ.ഒയുമായ ജഫ്‌നാന്‍ അല്‍ദോസരിയുമാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.
സൗദിയില്‍ കൊറിയര്‍, പാഴ്‌സല്‍ വിതരണ മേഖലയില്‍ വലിയ മാറ്റമുണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ള ധാരണാപത്രം റിയാദില്‍ രണ്ടാമത് വേള്‍ഡ് ഡിഫന്‍സ് ഷോക്കിടെയാണ് ഇരു കമ്പനികളും ഒപ്പുവെച്ചത്. ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍, ഡ്രോണുകള്‍ ഉപയോഗിച്ച് കൊറിയര്‍ നീക്കം, വിതരണം, ഡ്രോണ്‍ വ്യവസായം പ്രാദേശികവല്‍ക്കരിക്കുന്നതിന് ആവശ്യമായ സാങ്കേതിക പരിഹാരങ്ങളും പശ്ചാത്തല സൗകര്യങ്ങളും നിര്‍മിക്കല്‍ എന്നീ മേഖലകളില്‍ ഇരു കമ്പനികളുടെയും ശേഷികള്‍ പ്രയോജനപ്പെടുത്തി പങ്കാളിത്തം സ്ഥാപിക്കുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ ആരംഭിക്കും.