ജിദ്ദ : സൗദിയിൽ അരിക്ക് വൻ ക്ഷാമം നേരിടുന്നതായി വ്യാപാരികൾ വ്യക്തമാക്കുന്നു. ബസുമതി അല്ലാത്ത മിക്ക അരികളും മാർക്കറ്റിൽനിന്ന് അപ്രത്യക്ഷമായ അവസ്ഥയാണ്. അതേസമയം, ലഭ്യമായ അരികൾക്ക് പൊള്ളുന്ന വിലയും. കേരളത്തിൽനിന്നുള്ള അരിക്കും ക്ഷാമം നേരിടുന്നുണ്ട്. ജീരകശാല, മട്ട അരികൾ മാർക്കറ്റിൽനിന്ന് ഏറെക്കുറെ അപ്രത്യക്ഷമായ മട്ടാണ്. പത്തു കിലോക്ക് 115 റിയാലുണ്ടായിരുന്ന ജീരകശാലക്ക് ഇപ്പോൾ കിട്ടുകയാണെങ്കിൽ തന്നെ 185 റിയാൽ വരെ മുടക്കേണ്ട അവസ്ഥയിലെത്തി. മറ്റുള്ള അരികൾക്കും വില കുത്തനെ കൂടി.
ഇരുപത് വർഷത്തിനിടയിലെ ഏറ്റവും വലിയ ക്ഷാമമാണ് അരിക്ക് നേരിടുന്നത്. ചില ഇനം അരികളുടെ കയറ്റുമതി നിരോധനം ഇന്ത്യ നടപ്പാക്കിയതോടെ പ്രതിസന്ധി ഗണ്യമായി വർധിച്ചു. ആഗോള അരി വിപണിയിൽ നാൽപത് ശതമാനത്തിന്റെ കുറവാണ് നിലവിൽ രേഖപ്പെടുത്തുന്നത്. കയറ്റുമതിക്ക് ഇരുപത് ശതമാനം നികുതി കൂടി ഏർപ്പെടുത്തിയതോടെ വിലയും കൂടി.
നേരത്തെ ഇന്ത്യ പ്രത്യേക തരം അരിക്ക് മാത്രമായിരുന്നു നിരോധനം ഏർപ്പെടുത്തിയത്. എന്നാൽ കഴിഞ്ഞ വർഷം ജൂലൈയിൽ പ്ലെയിൻ വൈറ്റ് ലോംഗ് ഗ്രെയിൻ റൈസിനും നിയന്ത്രണം ഏർപ്പെടുത്തി. ആഭ്യന്തര ഭക്ഷ്യസുരക്ഷ സംരക്ഷിക്കുകയും പ്രാദേശികമായി വില കുറക്കുകയുമായിരുന്നു ഉദ്ദേശം. ഇതിന്റെ പ്രതിഫലനം ലോകമെമ്പാടും പ്രതിധ്വനിക്കുകയും ചെയ്തു. ഇതാണ് സൗദിയെയും ബാധിച്ചത്. ഇന്റർനാഷണൽ ഫുഡ് പോളിസി റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടിന്റെ കണക്കനുസരിച്ച്, അരി വില 12 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണിപ്പോൾ.
അരിക്ക് പുറമെ മറ്റു അവശ്യസാധനങ്ങൾക്കും വില കൂടിയത് സൗദിയിലെ ഹോട്ടൽ വ്യവസായത്തെയും പ്രതികൂലമായി ബാധിച്ചു. വലിയ ഉള്ളിക്കാണ് ഇതിൽ ഏറ്റവും കൂടുതൽ വില വർധിച്ചത്. 16 റിയാലിന് പത്തു കിലോ വലിയ ഉള്ളി കിട്ടിയിരുന്ന സ്ഥാനത്ത് നിലവിൽ ഹോൾസെയിൽ മാർക്കറ്റിലെ വില 68 റിയാലായി ഉയർന്നു. ഇറാൻ, ചൈന, യെമൻ എന്നിവടങ്ങളിൽനിന്നാണ് സൗദിയിലേക്ക് ഉള്ളി എത്തിയിരുന്നത്. ചൈനയിൽനിന്നുള്ള ഉള്ളിക്ക് വില നേരത്തെ കുറവായിരുന്നെങ്കിലും ഇതിനും വില കൂടി. ഇന്ത്യയിൽനിന്നുള്ള ബീഫിനും കുത്തനെ വില കൂടിയിട്ടുണ്ട്.