റിയാദ് : സൗദിയില്‍ തൊഴില്‍ കരാറുകള്‍ സാക്ഷ്യപ്പെടുത്തുന്നത് ഇനി മുതല്‍ ഖിവ പ്ലാറ്റ്‌ഫോം വഴി മാത്രമാക്കി ചുരുക്കിയതായി മാനവശേഷി വികസന മന്ത്രാലയം അറിയിച്ചു. നേരത്തെ ജനറല്‍ അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് (ഗോസി) വഴിയുണ്ടായിരുന്ന സാക്ഷ്യപ്പെടുത്തല്‍ പൂര്‍ണമായി നിര്‍ത്തലാക്കിയതായും അറിയിപ്പില്‍ പറയുന്നു.
ഖിവ പ്ലാറ്റ്‌ഫോം വഴിയുണ്ടായിരുന്ന സ്ഥാപനങ്ങളുടെ ഗ്രേഡ് മാറ്റലും ഉടമസ്ഥാവകാശം മാറ്റലും നിര്‍ത്തലാക്കിയതായി മറ്റൊരു അറിയിപ്പില്‍ പറയുന്നു. നേരത്തെ എസ്റ്റാബ്ലിഷ്‌മെന്റുകള്‍ കമ്പനികളാക്കുവാനോ സ്ഥാപന രജിസ്േ്രടഷന്‍ മറ്റൊരു ഉടമയുടെ പേരിലേക്കു മാറ്റാനോ ഖിവയില്‍ രജിസ്റ്റര്‍ ചെയ്തു കാത്തിരിക്കണമായിരുന്നു. പുതുതായി നിലവില്‍ വന്ന രീതിയനുസരിച്ച് തൊഴില്‍ മന്ത്രാലയ ഓഫീസുകളെ സമീപിക്കാതെ തന്നെ പുതിയ ഉടമയിലേക്ക് നേരിട്ട് സ്ഥാപനവുമായി ബന്ധപ്പെട്ട ഫയലുകള്‍ എത്തും.
പുതിയ നടപടികളനുസരിച്ച് പഴയ സ്ഥാപനം പുതിയ ഉടമയിലേക്ക് മാറുന്നതോടെ ജോലിക്കാരുടെ വര്‍ക്ക് പെര്‍മിറ്റുകളുടെ ഫീസുകള്‍, പിഴ തുടങ്ങി പഴയ എല്ലാ സാമ്പത്തിക ബാധ്യതകളും പുതിയ ഉടമയിലേക്ക് മാറും. സ്ഥാപന രജിസ്‌ട്രേഷന്‍ മാറുന്നതോടെ പഴയ മാനേജര്‍ക്ക് സ്ഥാപനത്തിന്റെ ഖിവയിലേക്ക് ആക്‌സസ് ഉണ്ടായിരിക്കില്ല. പഴയ മാനേജര്‍ തന്നെ തുടരുന്നുവെങ്കില്‍ പുതിയ ഉടമയുമായി ബന്ധപ്പെട്ട് വീണ്ടും ഖിവയില്‍ ചേര്‍ക്കണം.