റിയാദ് : മെഡിക്കല്‍ ലീവ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നിട്ടും ദുരുപയോഗം വര്‍ധിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്. തൊഴില്‍ മേഖലയുടെ സംരക്ഷണം ഉറപ്പുവരുത്താനും കൃത്രിമാവധിയും തട്ടിപ്പും തടയാനുമുള്ള കര്‍ശന നിര്‍ദേശങ്ങളും നിയമങ്ങളുമുണ്ടായിരുന്നിട്ടും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇഷ്യു ചെയ്തു നല്‍മാകെന്ന പേരില്‍ വ്യാപകമായി പരസ്യങ്ങള്‍ പ്രചരിക്കുന്നു.
ആശുപത്രികള്‍, സ്വകാര്യ മെഡിക്കല്‍ സെന്ററുകള്‍ എന്നിവയുടെ പേരില്‍ സിഹ ആപഌക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഔദ്യോഗിക സര്‍ട്ടിഫിക്കറ്റുകളായിരിക്കും നല്‍കുന്നതെന്ന ഉറപ്പോടെയാണ് പരസ്യങ്ങള്‍ കറങ്ങുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മെഡിക്കല്‍ അവധിക്ക് ഒരു ദിവസത്തിനു നല്‍കേണ്ട ഫീസ് 50 റിയാലാണ്.
അതേസമയം ഇത്തരം ഓഫറുകളോട് പ്രതികരിക്കരുതെന്ന് ബന്ധപ്പെട്ട ഡിപ്പാര്‍ട്ടുമെന്റ് അധികാരികള്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
തൊഴില്‍ നിയമപ്രകാരം രോഗബാധിതരായ ജീവനക്കാര്‍ക്ക് ഒരു വര്‍ഷത്തിനിടയില്‍ ശമ്പളത്തോടു കൂടി 30 ദിവസത്തെ മെഡിക്കല്‍ ലീവും കൂടുതല്‍ ആവശ്യമാണെങ്കില്‍ തുടര്‍ന്ന് മുക്കാല്‍ ശമ്പളത്തോടു കൂടി 60 ദിവസത്തെ അവധിയും അനുവദിക്കും. അവധി തുടരുകയാണെങ്കില്‍, തുടര്‍ന്നുള്ള 30 ദിവസം ശമ്പളമില്ലാതെ ലീവ് അനുവദിക്കും. അവധി തുടര്‍ച്ചയായോ ഇടവിട്ടോ എടുത്താലും ഈ നിയമം ബാധകമായിരിക്കും. വനിതാ ജോലിക്കാര്‍ക്ക് 70 ദിവസത്തെ ശമ്പളത്തോടുകൂടിയ പ്രസവാവധിക്ക് അര്‍ഹതയുണ്ട്. ആവശ്യമെങ്കില്‍ ഈ കാലയളവ് അഞ്ച് ആഴ്ച വരെ നീട്ടാനുള്ള ഓപ്ഷനുമുണ്ട്.
പുരുഷ തൊഴിലാളികള്‍ക്ക് അവരുടെ കുഞ്ഞ് ജനിച്ച് ആദ്യ ആഴ്ചയില്‍ 3 ദിവസത്തെ ശമ്പളത്തോടുകൂടിയ പിതൃത്വ അവധിക്ക് അര്‍ഹതയുണ്ട്.
മുസ്‌ലിം വനിത ജീവനക്കാര്‍ക്ക് ഭര്‍ത്താവ് മരണപ്പെടുന്ന സാഹചര്യത്തില്‍ നാല് മാസവും പത്ത് ദിവസവും പൂര്‍ണ ശമ്പളമുള്ള അവധി ലഭിക്കും. ഏതു സാഹചര്യത്തിലും ശമ്പളത്തോടുകൂടി അവധിയെടുക്കുന്ന കാലയളവില്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ജോലി ചെയ്യാന്‍ അനുവാദമുണ്ടായിരിക്കില്ലെന്നും തൊഴില്‍ നിയമം അനുശാസിക്കുന്നു.