ജിദ്ദ : രണ്ടു വർഷത്തിനുള്ളിൽ ഗതാഗത, ലോജിസ്റ്റിക്സ് മേഖലയിൽ കൂടുതൽ തൊഴിലുകൾ സൗദിവൽക്കരിക്കുമെന്ന് സൗദി ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി വക്താവ് സ്വാലിഹ് അൽ സുവൈദ് പറഞ്ഞു. സമീപ കാലത്ത് ഈ മേഖലയിൽ പത്തു തൊഴിലുകൾ പൂർണമായും സൗദിവൽക്കരിച്ചിട്ടുണ്ട്.
എയർ ട്രാഫിക് കൺട്രോളർ, കോ-പൈലറ്റ്, ഫ്ളൈറ്റ് ഡിസ്പാച്ചർ, റോഡ് മോണിട്ടർ, മറൈൻ ഇൻസ്പെക്ടർ, റെന്റ് എ കാർ ഓഫീസ്, റോഡ് സെക്യൂരിറ്റി എൻജിനീയർ, കാർഗോ ബ്രോക്കർ, തപാൽ-പാഴ്സൽ ഓഫീസ്, കാർഗോ സേവനം എന്നീ മേഖലകളും തൊഴിലുകളുമാണ് സൗദിവൽക്കരിച്ചത്. ബസ് ഡ്രൈവർമാരും ഹെവി വാഹന ഡ്രൈവർമാരുമായി ജോലി ചെയ്യാൻ സൗദികൾക്ക് പിന്തുണ നൽകുന്നതിന് സ്വകാര്യ മേഖലാ സ്ഥാപനങ്ങളുമായി 30 കരാറുകൾ ഒപ്പുവെച്ചിട്ടുണ്ട്.
ഗതാഗത, ലോജിസ്റ്റിക്സ് സർവീസ് മേഖലയിൽ ജോലി ചെയ്യുന്ന സൗദി പൗരന്മാർക്കും ഈ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കും പിന്തുണയും പ്രോത്സാഹനങ്ങളും നൽകുന്നതിന് നിരവധി കരാറുകൾ ഒപ്പുവെച്ചിട്ടുണ്ട്. ഓൺലൈൻ ടാക്സി കമ്പനികൾക്കു കീഴിൽ പ്രവർത്തിക്കുന്ന സൗദികൾക്ക് പ്രതിമാസം 2400 റിയാൽ വരെയും ഡെലിവറി ആപ്പുകൾക്കു കീഴിൽ ജോലി ചെയ്യുന്ന സ്വദേശികൾക്ക് പ്രതിമാസം 3000 റിയാൽ വരെയും മാനവശേഷി വികസന നിധിയിൽ നിന്ന് സാമ്പത്തിക സഹായം നൽകുന്നുണ്ട്.
ഗതാഗത, ലോജിസ്റ്റിക്സ് മേഖലക്ക് ആവശ്യമായ, കഴിവും യോഗ്യതകളുമുള്ള സ്വദേശി ജീവനക്കാരെ ലഭ്യമാക്കാൻ പരിശീലന സ്ഥാപനങ്ങൾ സഹായിക്കുന്നു. സൗദി ലോജിസ്റ്റിക്സ് അക്കാദമി ഏഴു തൊഴിൽ മേഖലകളിൽ പരിശീലനം നൽകുന്നുണ്ട്. തൊഴിൽ നിയമനം ഉറപ്പു നൽകുന്ന അക്കാദമി പരിശീലന പദ്ധതികൾ രണ്ടു വർഷത്തിനിടെ 500 ലേറെ പേർ പ്രയോജനപ്പെടുത്തി. സൗദി റെയിൽവെ പോളിടെക്നിക് നാലു തൊഴിൽ മേഖലകളിൽ പരിശീലനം നൽകുന്നു. സമുദ്ര ഗതാഗത, വ്യോമഗതാഗത മേഖലകളിലെ തൊഴിലുകളിൽ പരിശീലന പ്രോഗ്രാമുകൾ നടപ്പാക്കുന്ന സ്ഥാപനങ്ങളും രാജ്യത്തുണ്ടെന്നും ഇവ മികച്ച ഫലങ്ങൾ നൽകുന്നതായും സ്വാലിഹ് അൽ സുവൈദ് പറഞ്ഞു.