ജിദ്ദ : കോടിക്കണക്കിന് റിയാൽ വില കണക്കാക്കുന്ന സർക്കാർ ഭൂമി കൈയേറി അനധികൃതമായി പ്രമാണങ്ങൾ നിർമിച്ച് വിൽപന നടത്തിയ മുൻ നോട്ടറി പബ്ലിക് മേധാവിയെയും സഹോദരനെയും നീതിന്യായ മന്ത്രാലയവുമായി സഹകരിച്ച് അറസ്റ്റ് ചെയ്തതായി ഓവർസൈറ്റ് ആന്റ് ആന്റി-കറപ്ഷൻ അതോറിറ്റി അറിയിച്ചു. പബ്ലിക് നോട്ടറി മേധാവി വിശാലമായ സർക്കാർ ഭൂമി സഹോദരന്റെ പേരിൽ രജിസ്റ്റർ ചെയ്യുകയും പിന്നീട് ഇരുവരും ചേർന്ന് ഇത് വിൽപന നടത്തി 14.8 കോടി റിയാൽ നേടുകയുമായിരുന്നു. സർക്കാർ ഭൂമി കൈയേറി അനധികൃത പ്രമാണങ്ങൾ നിർമിക്കാൻ നോട്ടറി പബ്ലിക് മേധാവിക്ക് കൂട്ടുനിന്ന് 1,02,50,000 റിയാൽ കൈക്കൂലി കൈപ്പറ്റിയ മുൻ ജഡ്ജിയെയും 50 ലക്ഷം റിയാൽ കൈക്കൂലി സ്വീകരിച്ച രണ്ടു നോട്ടറി പബ്ലിക് ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതടക്കം സമീപ കാലത്ത് അന്വേഷണം നടത്തിയ പ്രമാദമായ 20 അഴിമതി കേസുകളുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ അതോറിറ്റി പുറത്തുവിട്ടു. ഈ കേസുകളിൽ അറസ്റ്റിലായ പ്രതികൾക്കെതിരെ നിയമാനുസൃത നടപടികൾ പൂർത്തിയാക്കിവരികയാണ്.
തന്റെ പരിചയക്കാരുടെ ഉടമസ്ഥതയിലുള്ള മൂന്നു സ്ഥാപനങ്ങൾക്ക് അനധികൃതമായി 17.1 കോടിയിലേറെ റിയാലിന്റെ കരാറുകൾ അനുവദിച്ച് 6.3 കോടി റിയാൽ കൈക്കൂലി കൈപ്പറ്റിയ മുൻ നഗരസഭാ ഉദ്യോഗസ്ഥനും അറസ്റ്റിലായിട്ടുണ്ട്. ഈ സ്ഥാപനങ്ങൾക്ക് നഗരസഭാ ഉദ്യോഗസ്ഥൻ അനധികൃതമായി 299 കരാറുകളാണ് അനുവദിച്ചത്. കേസിൽ സ്ഥാപന ഉടമകളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
വ്യാജ രേഖകൾ ഉപയോഗിച്ച് നഗരസഭാ ഉദ്യോഗസ്ഥന്റെ സഹായത്തോടെ മൂന്നു പ്ലോട്ടുകൾ കൈയേറി 12,23,000 റിയാലിന് സൗദി പൗരന്മാർക്ക് വിൽപന നടത്തിയ മറ്റൊരു പ്രവിശ്യയിലെ നോട്ടറി പബ്ലിക് മേധാവിയും അറസ്റ്റിലായിട്ടുണ്ട്. ഈ കേസിൽ നഗരസഭാ ഉദ്യോഗസ്ഥനെയും അറസ്റ്റ് ചെയ്തു. ബന്ധുവിന്റെ സ്ഥാപനത്തിന് ഗവർണറേറ്റിന്റെ പതിനാറു പദ്ധതികളുടെ കരാറുകൾ അനധികൃതമായി അനുവദിച്ച് ഈ വകയിലെ ലാഭമായ 26,55,071 റിയാൽ വ്യക്തിപരമായി പ്രയോജനപ്പെടുത്തിയ ഗവർണറേറ്റ് ഉദ്യോഗസ്ഥനും അറസ്റ്റിലായി. തടവുകാരുടെ ഭക്ഷണ വിതരണ നിധിയിൽ നിന്നും ലോക്കറിൽ നിന്നും 28,96,179 റിയാൽ തട്ടിയെടുത്ത ജയിൽ വകുപ്പിലെ മേജർ റാങ്കിലുള്ള ഉദ്യോഗസ്ഥനെയും പത്താം ഗ്രേഡിലുള്ള ഉദ്യോഗസ്ഥനെയും മറ്റൊരു കേസിൽ ലോക്കറിൽ നിന്ന് 19,32,264 റിയാൽ തട്ടിയെടുത്ത പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥനെയും ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് അറസ്റ്റ് ചെയ്തു.
തനിക്കൊപ്പം കാറിലുണ്ടായിരുന്ന, പോലീസ് അന്വേഷിക്കുന്ന പ്രതിയായ വിദേശിയെ ചെക്ക് പോയിന്റിൽ നിന്ന് വിട്ടയക്കുന്നതിന് സുരക്ഷാ സൈനികന് ഒരു ലക്ഷം റിയാൽ വാഗ്ദാനം ചെയ്ത സൗദി പൗരനും പിടിയിലായി. പ്രതിരോധ മന്ത്രാലയ വാഹനങ്ങൾക്ക് നീക്കിവെച്ച ഇന്ധനം മറിച്ചുവിറ്റ് 57,000 റിയാൽ സ്വീകരിച്ച പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥനെയും ബ്രിഗേഡിയർ റാങ്കിലുള്ള ഉദ്യോഗസ്ഥനെയും പ്രതിരോധ മന്ത്രാലയവുമായി സഹകരിച്ച് അറസ്റ്റ് ചെയ്തതായും ഓവർസൈറ്റ് ആന്റ് ആന്റി-കറപ്ഷൻ അതോറിറ്റി അറിയിച്ചു. തനിക്ക് ഓഹരി പങ്കാളിത്തമുള്ള ഫാർമസിക്ക് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിൽ നിന്നുള്ള പദ്ധതി കരാർ അനധികൃതമായി തരപ്പെടുത്തിയ മന്ത്രാലയത്തിലെ ജീവനക്കാരനായ വെറ്ററിനറി ഡോക്ടറും കുടുങ്ങി.