സൗദിയില്‍ വാടക അടക്കുന്നതിനും റിയല്‍ എസ്‌റ്റേറ്റ് ഉടമയും വാടകക്കാരനുമായുള്ള കരാര്‍ അടക്കം എല്ലാം ഡിജിറ്റലൈസ് ചെയ്യുന്നതിനുമുള്ള പ്ലാററ്‌ഫോമാണ് ഈജാര്‍. ഒട്ടനവധി ഗുണങ്ങളുണ്ടെങ്കിലും ഈജാര്‍ പ്ലാറ്റ്‌ഫോമിലെ രണ്ട് പോരായ്മകള്‍ ചൂണ്ടിക്കാട്ടുകയാണ് പത്രപ്രവര്‍ത്തകന്‍ പ്രൊഫ. യാസിന്‍ അബ്ദുറഹ്മാന്‍ അല്‍ജാഫ്രി.
ആദ്യത്തേത്, ഭൂവുടമക്ക് പേയ്‌മെന്റ് സന്ദേശം അയയ്ക്കുമ്പോള്‍ വാടകക്കാരന്റെ പേര് പരാമര്‍ശിക്കാത്തതാണ്, പകരം രജിസ്റ്റര്‍ ചെയ്ത നമ്പര്‍ മാത്രമേ കിട്ടുന്നുള്ളു. അതിനാല്‍ നിരവധി വാടകക്കാരില്‍ ആരാണ് വാടക അടച്ചതെന്ന കാര്യം ഉടമയെ ആശയക്കുഴപ്പത്തിലാക്കുന്നു.
രണ്ടാമത്തേത് വാടകയുടെ ഒരു ഭാഗം മാത്രം നല്‍കുന്ന വാടകക്കാരനെതിരെ എന്തെങ്കിലും നിയമനടപടി കൈക്കൊള്ളാന്‍ ഈജാറില്‍ സംവിധാനമില്ല എന്നതാണ്. ഇതു രണ്ടും പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു.
‘അല്‍മദീന’ പത്രത്തില്‍ ‘സന്തുലിതമായ ഒരു വാടക സംവിധാനം’ എന്ന ലേഖനത്തിലാണ് അല്‍ജിഫ്രി തന്റെ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചത്. ‘പ്രാഥമികമായി വാടകക്കാരനും ഉടമയും തമ്മിലുള്ള ബന്ധം, കരാറിന്റെ വ്യവസ്ഥകള്‍ക്കുള്ളില്‍ നിന്ന് നിയന്ത്രിക്കുന്നതിനാണ് വാടക സംവിധാനം സ്ഥാപിച്ചത്. വ്യവഹാരം സുഗമമാക്കുന്നതിനായി ആവശ്യങ്ങള്‍ ഉന്നയിക്കുക, പണമടക്കാന്‍ ഒരു ചാനല്‍ കണ്ടെത്തുക, വ്യവസ്ഥകള്‍ നിര്‍ണയിക്കുക, ഭൂവുടമയ്ക്കും പാട്ടക്കാരനും അവരുടെ ചുമതലകള്‍ നിര്‍ണയിക്കുക, കൃത്രിമം, കരാര്‍ ലംഘനം എന്നിവ ഇല്ലാതാക്കുക എന്നീ കാര്യങ്ങളില്‍ ഈജാര്‍ മികച്ചതാണ്. ലോകത്തിലെ വിവിധ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം ഇത് ഒരു കുതിച്ചുചാട്ടമായി കണക്കാക്കപ്പെടുന്നു, കൂടാതെ ഭരണകൂടം സാങ്കേതികവിദ്യയെ വിജയകരമായ ഉപയോഗിക്കുന്നതിന്റെ തെളിവും.
വാടകക്കാരന് തന്റെ വാടക നേരിട്ട് ഭൂവുടമക്ക് നേരത്തെ നല്‍കാനാവുമായിരുന്നു. എന്നാല്‍ ജനുവരി 15 മുതല്‍ വാടകക്കാരന്‍ വാടക ഈജാര്‍ ചാനലിലൂടെ അടയ്ക്കാന്‍ ബാധ്യസ്ഥനാണ്. അഞ്ചോ പത്തോ പ്രവൃത്തി ദിവസങ്ങള്‍ കഴിഞ്ഞതിന് ശേഷം അത് ഭൂവുടമക്ക് അക്കൗണ്ടില്‍ അടയ്ക്കുന്നു. എന്നാല്‍ പേയ്‌മെന്റ് സന്ദേശം അയയ്ക്കുമ്പോള്‍, വാടകക്കാരന്റെ പേര് പരാമര്‍ശിക്കാത്തത് ആശയക്കുഴപ്പമുണ്ടാക്കുന്നു.
കൂടാതെ വാടകക്കാരന്‍ വാടക പേയ്‌മെന്റിന്റെ ഒരു ഭാഗം അടയ്ക്കുകയും വാടക നല്‍കാന്‍ വൈകുകയും ചെയ്യുന്നു. പക്ഷെ ഈജാര്‍ ഒന്നും ചെയ്യുന്നില്ല. നിയമനടപടി ഭൂവുടമയാണ് കൈക്കൊള്ളേണ്ടത്. ചിലപ്പോള്‍ സിസ്റ്റത്തില്‍ ഒരു തകരാര്‍ സംഭവിക്കാം, അതുവഴി സന്ദേശം ഭൂവുടമയില്‍ എത്താതിരിക്കാം. കൂടാതെ കരാറുമായോ ഉപഭോക്താവുമായോ ബന്ധിപ്പിച്ചിട്ടില്ലാത്ത തുക തന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചതായി അദ്ദേഹം കണ്ടെത്തുന്നു. ആരാണ് തുക നല്‍കിയതെന്ന് കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടാകുന്നു.
ഉത്തരവാദിത്തപ്പെട്ട അധികാരികള്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെ ഈ സംവിധാനം ലക്ഷ്യം കൈവരിക്കുമെന്നും അല്‍ ജാഫ്രി പറയുന്നു.