റിയാദ് : സൗദി കമ്പനികൾക്ക് ആഗോളതലത്തിലുള്ള നിക്ഷേപങ്ങളുടെ കണക്കെടുക്കുന്നു. രാജ്യത്തെ സ്വകാര്യമേഖലയുടെ നിക്ഷേപങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിനും സൗദി കമ്പനികളെ ആഗോള തലത്തിൽ വിപുലീകരിക്കുന്നതിനും സംരക്ഷിക്കുന്നതിനും സ്വകാര്യമേഖലയുടെ വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട ഭാവി നയങ്ങൾ രൂപപ്പെടുത്തുന്നതിനും വേണ്ടിയാണ് സൗദി നിക്ഷേപ മന്ത്രാലയം പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ആഭ്യന്തര വിദേശ നിക്ഷേപങ്ങളിലെ അന്തിമ തീരുമാനങ്ങളെടുക്കാൻ നിക്ഷേപ മന്ത്രാലയത്തിനാണ് അധികാരമെന്നും സർവേ വഴി ശേഖരിക്കുന്ന ഡാറ്റ ബേസ് നിക്ഷേപകരെ സഹായിക്കുന്നതിനും സംരക്ഷിക്കുന്നതിനും ഉപയോഗപ്പെടുത്തുമെന്നും വകുപ്പ് മന്ത്രി ഖാലിദ് അൽ ഫാലിഹ് പറഞ്ഞു. വിദേശ നിക്ഷേപ രംഗത്ത് രാജ്യത്തിന്റെ സ്ഥാനവും പ്രാധാന്യവും വ്യക്തമാക്കുന്നതിനും ആഗോള സാമ്പത്തിക ശക്തിയെന്ന നിലയിൽ രാജ്യത്തിനു നേട്ടമുണ്ടാക്കുന്നതിനും ഇത്തരമൊരു സർവേ ആവശ്യമാണ്. സൗദി കമ്പനികൾ വിദേശത്തു നടത്തുന്ന നേരിട്ടുള്ള നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട് കമ്പനിയുടെ പേര്, നിക്ഷേപ രാജ്യം, മൂല ധനം,നിക്ഷേപ നഗരം,മേഖല,ഷെയറുകൾ തുടങ്ങി നിരവധി ചോദ്യങ്ങൾ അടങ്ങിയതാണ് സർവേ.