ജിദ്ദ : സൗദി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ 1.26 ട്രില്യൺ റിയാൽ മൂല്യമുള്ള ഓഹരികൾ സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഉടമസ്ഥതയിലുള്ളതായി കണക്ക്. ഷെയർ വിപണിയിൽ ലിസ്റ്റ് ചെയ്ത 28 കമ്പനികളിൽ പി.ഐ.എഫിന് ഓഹരികളുണ്ട്. പി.ഐ.എഫിന് ഏറ്റവുമധികം ഓഹരി ഉടമസ്ഥാവകാശമുള്ളത് സൗദി അറാംകൊയിലാണ്. സൗദി അറാംകൊയുടെ 635.98 ബില്യൺ റിയാലിന്റെ ഓഹരികൾ പി.ഐ.എഫിനുണ്ട്. അറാംകൊയുടെ എട്ടു ശതമാനം ഓഹരികളാണ് പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ ഉടമസ്ഥതയിലുള്ളത്. ഇതിൽ നാലു ശതമാനം ഓഹരികൾ പി.ഐ.എഫിന്റെ നേരിട്ടുള്ള ഉടമസ്ഥതയിലും നാലു ശതമാനം ഓഹരികൾ പി.ഐ.എഫിനു കീഴിലെ നിക്ഷേപ കമ്പനിയായ സനാബിൽ കമ്പനിയുടെ ഉടമസ്ഥതയിലുമാണ്.
പി.ഐ.എഫിന് ഏറ്റവുമധികം ഓഹരി ഉടമസ്ഥാവകാശമുള്ള രണ്ടാമത്തെ കമ്പനി എസ്.ടി.സി ആണ്. സൗദി ടെലികോം കമ്പനിയുടെ 64 ശതമാനം ഓഹരികൾ പി.ഐ.എഫിനാണ്. ഇവക്ക് ആകെ 131.36 ബില്യൺ റിയാൽ മൂല്യം കണക്കാക്കുന്നു. മൂന്നാം സ്ഥാനത്തുള്ള മആദിൻ കമ്പനിയിൽ 112.36 ബില്യൺ റിയാലിന്റെ ഓഹരികളുണ്ട്. മആദിൻ കമ്പനിയുടെ 67.18 ശതമാനം ഓഹരികൾ പി.ഐ.എഫിന്റെ ഉടമസ്ഥതയിലാണ്.
അൽഅഹ്ലി ബാങ്ക്, അക്വാപവർ, സൗദി ഇലക്ട്രിസിറ്റി കമ്പനി, ഇൽമ്, അൽമറാഇ, റിയാദ് ബാങ്ക്, സൗദി ഓഹരി വിപണി (തദാവുൽ) എന്നീ ഏഴു കമ്പനികൾ 10 ബില്യൺ റിയാൽ മുതൽ 100 ബില്യൺ റിയാൽ വരെ മൂല്യമുള്ള ഓഹരി ഉടമസ്ഥാവകാശം പി.ഐ.എഫിനുണ്ട്. ഈ ഏഴു കമ്പനികളിലും കൂടി ആകെ 335.23 ബില്യൺ റിയാലിന്റെ ഓഹരികളാണ് പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിനുള്ളത്. അൽഇൻമാ ബാങ്ക്, അഡിസ് ഹോൾഡിംഗ്, കിംഗ്ഡം ഹോൾഡിംഗ്, അൽഅഖാരിയ, അൽബഹ്രി, നാദിക്, മറാഫിഖ്, ഇഅ്മാർ, സതേൺ സിമന്റ്സ്, അൽഖസീം സിമന്റ്സ് എന്നീ പത്തു കമ്പനികളിൽ ഒരു ബില്യൺ റിയാൽ മുതൽ 10 ബില്യൺ റിയാൽ വരെ പി.ഐ.എഫിന് ഓഹരി പങ്കാളിത്തമുണ്ട്. ഈ കമ്പനികളിൽ ആകെ 38.65 ബില്യൺ റിയാലിന്റെ ഓഹരികളാണ് ഫഫണ്ടിനുള്ളത്. മിഡിൽ ഈസ്റ്റ് പേപ്പർ കമ്പനി, തൈബ, ഗ്യാസ്കോ, യാമ്പു സിമന്റ്സ്, സാപ്റ്റ്കോ, സൗദി ഫിഷറീസ്, അശ്ശർഖിയ സിമന്റ്സ്, സൗദി സെറാമിക് എന്നീ എട്ടു കമ്പനികളിൽ സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന് ഒരു ബില്യൺ റിയാലിൽ കുറവ് വീതം ഓഹരികളുണ്ട്.