മദീന : മസ്ജിദുന്നബവിയിലെ റൗദ ശരീഫിൽ നമസ്‌കാരം നിർവഹിക്കുന്നതിന് പുതിയ ക്രമീകരണം ഏർപ്പെടുത്താൻ ഹറം പരിചരണ വകുപ്പ് ആലോചിക്കുന്നു. റൗദ ശരീഫിലേക്കുള്ള വിശ്വാസികളുടെ നീക്കവും പ്രവേശനവും എളുപ്പമാക്കാനും റൗദയിലേക്കുള്ള ഇടനാഴികൾ പുനഃക്രമീകരിക്കുന്നതിനെ കുറിച്ച് പഠിക്കാനുമാണ് നീക്കം. റൗദ ശരീഫ് സിയാറത്ത് പെർമിറ്റ് വർഷത്തിൽ ഒരു തവണയാക്കി ഹജ്, ഉംറ മന്ത്രാലയം അടുത്തിടെ പരിമിതപ്പെടുത്തിയിരുന്നു. ഏറ്റവും ഒടുവിൽ പെർമിറ്റ് ലഭിച്ച ശേഷം 365 ദിവസം പിന്നിട്ട ശേഷം മാത്രമേ നുസുക്, തവക്കൽനാ ആപ്പുകൾ വഴി പുതിയ പെർമിറ്റിന് ബുക്ക് ചെയ്യാൻ ഉപയോക്താക്കൾക്ക് സാധിക്കുകയുള്ളൂ. കഴിഞ്ഞ വർഷം പ്രവാചക പള്ളിയിൽ 28 കോടിയിലേറെ പേർ നമസ്‌കാരം നിർവഹിച്ചതായി ഹറം പരിചരണ വകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പ്രതിമാസം ശരാശരി 2.3 കോടി പേർ വീതം കഴിഞ്ഞ കൊല്ലം മസ്ജിദുന്നബവിയിൽ നമസ്‌കാരം നിർവഹിച്ചു.