കുവൈത്ത് സിറ്റി : തന്റെ അസാന്നിദ്ധ്യത്തിൽ രാജ്യത്തെ ഭരണ കാര്യങ്ങൾ നിർവഹിക്കുന്നതിന് പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് സബാഹ് അൽ സാലിം അൽ സബാഹിനെ ഡെപ്യൂട്ടി അമീറായി നിയമിച്ചുകൊണ്ട് കുവൈത്ത് അമീർ ശൈഖ് മിശ്അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ഉത്തരവ് പുറപ്പെടുവിച്ചു. മറ്റൊരു അമീരി ഉത്തരവിൽ, ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിംഗ് ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അൽസബാഹിനെ പ്രധാനമന്ത്രിസ്ഥാനവും ഏൽപിച്ചു. ശൈഖ് മുഹമ്മദ് അൽ സബാഹിനെ പുതിയ മന്ത്രിസഭ രൂപീകരിക്കാൻ ഇതിനു മുമ്പ് തന്നെ കുവൈത്ത് അമീർ ചുമതലപ്പെടുത്തിയിരുന്നു. രാജ്യവും മേഖലയും നിരവധി വെല്ലുവിളികളിലൂടെ കടന്നു പോകുന്ന ഈ ഘട്ടത്തിൽ മറ്റു മന്ത്രിമാരുമായി ചേർന്ന് ഉത്തരവാദിത്വ ബോധത്തോടെ പ്രവർത്തിക്കുമെന്ന് ഉത്തരവ് സ്വീകരിച്ചു കൊണ്ട് ശൈഖ് മുഹമ്മദ് അൽ സബാഹ് പറഞ്ഞു. രാജ്യത്തെ ഭരണഘടനയും നിയമങ്ങളുമനുസരിച്ച് ആത്മാർത്ഥതയോടെ പ്രവർത്തിക്കുകയും രാജ്യത്തെ പുരോഗതിയിലേക്കു നയിക്കുകയും ചെയ്യുമെന്നും അമീർ പറഞ്ഞു. രാജ്യത്ത് പുതിയ യുഗത്തിന്റെ അടിത്തറ പാകാനും മുന്നോട്ടുള്ള പ്രയാണം ശരിയായ ദിശയിലാക്കാൻ ആത്മാർത്ഥതയും അർപ്പണബോധവും രാജ്യത്തിനോട് എക്യദാർഢ്യവും പുലർത്തുന്ന വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന ആളുകൾ ആവശ്യമാണെന്നും ശൈഖ് കൂട്ടിച്ചേർത്തു. 1955 ൽ ജനിച്ച മുഹമ്മദ് അൽ സബാഹ് കാലിഫോർണിയയിലെ ക്ലെയർമൗണ്ട് യൂണിവേഴ്‌സിറ്റിയിൽ നിന്ന് നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും യു.എസ്.എ.യിലെ ഹാർവാർഡ് സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ തന്നെ ഡോക്ടറേറ്റും നേടിയിട്ടുണ്ട്.