ജിദ്ദ : സൗദിയിൽ വൈദ്യുതി ഉപഭോക്താക്കൾക്കുള്ള സേവനങ്ങളെല്ലാം ഒരു വിരൽത്തുമ്പിൽ ലഭ്യമാകുന്ന മൊബൈൽ ആപ്ലിക്കേഷന്‍ സംബന്ധിച്ച് ഉപഭോക്താക്കളില്‍ പലര്‍ക്കും അറിയില്ല. നിരവധി സംവിധാനങ്ങളാണ് ഈ അപ്ലിക്കേഷനിലുള്ളത്. സൗദി ഇലക്ട്രിസിറ്റി കമ്പനിയുടെ ആപ്ലിക്കേഷന്റെ പുതിയ അപ്‌ഡേഷൻ കൂടുതൽ ഉപഭോക്തൃ സൗഹൃദവും ലളിതവുമാണ്. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ മികച്ച രീതിയിലും കൂടുതൽ കാര്യക്ഷമവുമായി നിറവേറ്റാനാകുമെന്ന് അധികൃതർ അറിയിച്ചു. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ മെച്ചപ്പെട്ട സേവനമാണ് ലക്ഷ്യമിടുന്നത്.
പുതിയ അപ്ഡേറ്റിൽ നിരവധി നൂതന സേവനങ്ങൾ ഉൾപ്പെടുന്നുണ്ട്. ഉപഭോക്താവ് നൽകിയ അപേക്ഷയുടെ സ്റ്റാറ്റസ്, ഇലക്ട്രിക്കൽ സേവന രസീത് ആവശ്യപ്പെടുന്നതിനുള്ള വിൻഡോ, തത്സമയ ചാറ്റ്, ഉപയോക്താക്കൾക്ക് അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരം തുടങ്ങിയവ ഒട്ടേറെ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വികസിപ്പിച്ച ‘ഇലക്ട്രിസിറ്റി ആപ്ലിക്കേഷൻ’ വഴി അതിന്റെ ഡിജിറ്റൽ സേവനങ്ങൾ പുതിയ രൂപത്തിലും ഭാവത്തിലും ഉപയോക്താക്കളെ ആകർഷിക്കുമെന്നും വൈദ്യുതി മേഖലയിലെ ഗുണനിലവാരത്തിന്റെയും മികവിന്റെയും ഉയർന്ന നിലവാരം അനുഭവിച്ചറിയാനാകുമെന്നും കമ്പനി അവകാശപ്പെട്ടു.
എത്ര വൈദ്യുതി ഉപയോഗിക്കുന്നുണ്ടെന്ന് പ്രതിദിനം അറിയാം
പുതിയ അപ്ഡേറ്റിൽ, ഉപഭോക്താവ് ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവ്, ദിവസം, ആഴ്ച, മാസം എന്നിങ്ങനെ പ്രത്യേകം പ്രത്യേകം വേർതിരിച്ചറിയാനാകും. ആപ്ലിക്കേഷനിലൂടെ എവിടെനിന്നും എപ്പോൾ വേണമെങ്കിലും ഉപഭോക്താവിന് തന്റെ മീറ്റർ വായിക്കാനും സാധിക്കും. ഇതിന് പുറമെ, തന്റെ പ്രദേശത്തേയും സമീപ പ്രദേശത്തേയും സമാന വരിക്കാരുമായി ഉപഭോഗം താരതമ്യം ചെയ്യാനും കഴിയും. ഉപഭോഗം നിശ്ചിത പരിധി കഴിഞ്ഞാൽ ഉപഭോക്താവിന് സന്ദേശവും ലഭിക്കും.
മുഴുസമയ സാങ്കേതിക പിന്തുണ
ഇലക്ട്രിസിറ്റി ആപ്ലിക്കേഷന്റെ പുതിയ പതിപ്പിൽ, ജീവനക്കാരുമായി ചാറ്റിംഗിലൂടെ ആശയവിനിമയം നടത്താനും സാധിക്കും. വൈദ്യുതി തടസം അടക്കമുള്ളവ സംബന്ധിച്ച പരാതി ഓഫീസ് സന്ദർശിക്കാതെ തന്നെ ഓൺലൈനായി സമർപ്പിക്കാനും സാധിക്കും.