കുവൈത്ത് സിറ്റി : ഒറ്റക്ക് താമസിക്കുന്ന പ്രവാസികള്‍ക്ക് സിവില്‍ കാര്‍ഡ് നല്‍കുന്നതിനും പുതുക്കുന്നതിനും കര്‍ശന നടപടിക്രമങ്ങളുമായി കുവൈത്ത്. രാജ്യത്ത് എത്തുന്ന പ്രവാസി ബാച്ചിലര്‍മാരുടെ വാടക കരാറുകളുടെ സമഗ്രമായ പരിശോധന, ഉടമയുടെ ഒപ്പ് എന്നിവ സൂക്ഷ്മമായി പരിശോധിക്കുന്നതുള്‍പ്പടെ നടപടിക്രമങ്ങള്‍ ഏര്‍പ്പെടുത്തിയതായി കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ ഉത്തരവ് ഇറക്കി.
സ്വകാര്യ, പാര്‍പ്പിട മേഖലകളില്‍ കുടുംബമില്ലാതെ വ്യക്തികളെക്കുറിച്ച ആശങ്കകള്‍ പരിഹരിക്കുന്നതിനും ക്രോസ് റഫറന്‍സിംഗ് സിവില്‍ കാര്‍ഡുകളിലൂടെ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ കൃത്യത ഉറപ്പാക്കുന്നതിന് വേണ്ടി പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ ഒരു കമ്മിറ്റിയുമായി സഹകരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സ്വകാര്യ ഭവനങ്ങളില്‍ അവിവാഹിതരായ വ്യക്തികളെ താമസിപ്പിക്കുന്നത് നിരോധിക്കുന്നതിനുള്ള ലിസ്റ്റ് തയ്യാറാക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്റെ ഔദ്യോഗിക വക്താവ് ഖാലിദ് അല്‍ഷമ്മരി പറഞ്ഞു.
കുവൈത്തിലെ പ്രത്യേക റസിഡന്‍ഷ്യല്‍ മേഖലയില്‍ പ്രവാസി ബാച്ചിലര്‍മാരുടെ പാര്‍പ്പിടം നിരോധിക്കാന്‍ ലക്ഷ്യമിട്ടുള്ള കരട് നിയമം മന്ത്രിസഭക്ക് മുന്നില്‍ നേരത്തെ സമര്‍പ്പിച്ചിരുന്നു. മുനിസിപ്പല്‍ കാര്യ, കമ്മ്യൂണിക്കേഷന്‍സ് അഫയേഴ്‌സ് സഹമന്ത്രിയുമായ ഫഹദ് അല്‍ഷൗലയുടെ നേതൃത്വത്തിലാണ് കരട് നിയമം തയ്യാറാക്കി സമര്‍പ്പിച്ചത്. ഫത്‌വ ആന്റ് ലെജിസ്ലേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ അംഗീകാരം ലഭിച്ചതിന് ശേഷമാണ് കരട് നിയമം കൈമാറിയത്.