ജിദ്ദ : ഗൾഫിൽ സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് അഞ്ചു വർഷത്തിനിടെ കുറക്കാൻ സാധിച്ച ഏക രാജ്യം സൗദി അറേബ്യയാണെന്ന് ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. 2017 ൽ സൗദിയിൽ തൊഴിലില്ലായ്മ നിരക്ക് 12.8 ശതമാനമായിരുന്നു. 2022 അവസാനത്തോടെ ഇത് എട്ടു ശതമാനമായി കുറഞ്ഞു. സൗദിയിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്കാണിത്. സാമ്പത്തിക വളർച്ചക്കൊപ്പം സൗദിയിൽ തൊഴിലില്ലായ്മ നിരക്ക് ശ്രദ്ധേയമായ നിലക്ക് കുറയുകയായിരുന്നു. ശക്തമായ സാമ്പത്തിക വളർച്ച സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹായിച്ചു. എന്നാൽ മറ്റു രാജ്യങ്ങളെ കൊറോണ മഹാമാരി പ്രത്യാഘാതങ്ങൾ ബാധിച്ചു.
അഞ്ചു വർഷത്തിനിടെ സൗദിയിൽ സ്വകാര്യ മേഖല ആറു ലക്ഷം തൊഴിലുകൾ സൃഷ്ടിച്ചു. ഇതിൽ 2,60,000 ഓളം തൊഴിലുകൾ സ്വദേശികൾക്കാണ് ലഭിച്ചത്. സ്വകാര്യ മേഖലയെ ഉത്തേജിപ്പിച്ച് സാമ്പത്തിക വൈവിധ്യവൽക്കരണത്തിന് ഊന്നൽ നൽകിയത് വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹായിച്ചു. 2022 ൽ സൗദി അറേബ്യ 8.7 ശതമാനം സാമ്പത്തിക വളർച്ച കൈവരിച്ചു. 2010 നു ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന സാമ്പത്തിക വളർച്ചയാണിത്.
കൊറോണ വ്യാപനത്തിനൊപ്പം പെട്രോളിതര മേഖലക്ക് സർക്കാർ നൽകിയ അതിവേഗ ഉത്തേജക പ്രോഗ്രാമുകൾ സാമ്പത്തിക വളർച്ച കൈവരിക്കാനും സ്വദേശികൾക്ക് കൂടുതൽ തൊഴിലവരങ്ങൾ ലഭ്യമാക്കാനും സഹായിച്ചു. 2017 മുതൽ 2022 വരെയുള്ള കാലത്ത് 2020 ഒഴികെയുള്ള വർഷങ്ങളിലെല്ലാം സൗദി അറേബ്യ സാമ്പത്തിക വളർച്ച കൈവരിച്ചു. 2030 ഓടെ തൊഴിലില്ലായ്മ നിരക്ക് ഏഴു ശതമാനമായി കുറക്കാൻ വിഷൻ 2030 ലക്ഷ്യമിടുന്നു. ഉന്നമിട്ടതിനും ഏഴു വർഷം മുമ്പ് സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് ഏറെക്കുറെ ലക്ഷ്യത്തിനടുത്തെത്തി.
അഞ്ചു വർഷത്തിനിടെ സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് ഒമാനിൽ 2.2 ശതമാനത്തിൽ നിന്ന് 3.3 ശതമാനമായും ഖത്തറിൽ 0.3 ശതമാനത്തിൽ നിന്ന് 0.4 ശതമാനമായും കുവൈത്തിൽ 2.2 ശതമാനത്തിൽ നിന്ന് 2.5 ശതമാനമായും യു.എ.ഇയിൽ 2.5 ശതമാനത്തിൽ നിന്ന് 2.9 ശതമാനമായും ബഹ്റൈനിൽ 4.1 ശതമാനത്തിൽ നിന്ന് 5.9 ശതമാനമായും ഉയർന്നു. ഗൾഫിൽ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കുറവ് ഖത്തറിലാണ്.
ഗൾഫിൽ സ്വദേശികൾക്കിടയിൽ തൊഴിലില്ലായ്മ നിരക്ക് കൂടുതൽ വനിതകൾക്കിടയിലാണ്. യു.എ.ഇയിൽ 7.1 ഉം ബഹ്റൈനിൽ 10.9 ഉം ഒമാനിൽ 10.6 ഉം ഖത്തറിൽ 0.6 ഉം കുവൈത്തിൽ 6.3 ഉം ശതമാനമാണ് വനിതകൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക്. വനിതകൾക്കിടയിലെ ശരാശരി തൊഴിലില്ലായ്മ നിരക്ക് ആഗോള തലത്തിൽ 5.8 ശതമാനമാണ്. സൗദിയിൽ വനിതകൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 15.4 ശതമാനമാണ്. അഞ്ചു വർഷത്തിനിടെ സൗദി വനികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. 2017 ൽ സൗദിയിൽ സ്വദേശി വനിതകൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 31 ശതമാനമായിരുന്നു.