ജിദ്ദ : എഞ്ചിനിയറിംഗ് മേഖലയില്‍ ജൂലൈ 21 മുതല്‍ നടപ്പാക്കുന്ന സൗദിവല്‍ക്കരണത്തിലൂടെ ലക്ഷ്യമിടുന്നത് സ്വദേശികള്‍ക്ക് 8000 ലധികം തൊഴിലവസരങ്ങള്‍. അനുബന്ധമായി വേറെ 8000 തൊഴിലവസരങ്ങള്‍ കൂടി ലഭ്യമാക്കാനാകുമെന്നും കരുതുന്നു. പഴുതകളടച്ച് നടപ്പാക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തി.
രാജ്യത്ത് എഞ്ചിനീയര്‍മാരുടെയും സാങ്കേതിക വിദഗ്ധരുടെയും സ്‌പെഷ്യലിസ്റ്റുകളുടെയും സംഖ്യ 4,48,528 ആണെന്നാണ് സൗദി കൗണ്‍സില്‍ ഓഫ് എഞ്ചിനീയേഴ്‌സ് കണക്ക്. കൗണ്‍സിലില്‍ അഫിലിയേറ്റ് ചെയ്ത 3,267 എഞ്ചിനീയറിംഗ് ഓഫീസുകളും 1,123 എഞ്ചിനീയറിംഗ് കമ്പനികളും ഉള്‍പ്പെടെ 4,390 സ്ഥാപനങ്ങളാണുള്ളത്.
കൗണ്‍സിലുമായി അഫിലിയേറ്റ് ചെയ്ത മൊത്തം എന്‍ജിനീയര്‍മാരിലും സാങ്കേതിക വിദഗ്ധരിലും 34.17 ശതമാനം സൗദികളാണ്. ഇവരില്‍ സ്ത്രീകള്‍ 3.19 ശതമാനമാണ്.
യോഗ്യരായ സൗദികള്‍ക്ക് ഗുണനിലവാരമുള്ള തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുന്നതിനും അങ്ങനെ എഞ്ചിനീയറിംഗ് തൊഴിലുകളില്‍ 8,000ത്തിലധികം അസരങ്ങള്‍ നല്‍കി തൊഴില്‍ വിപണിയില്‍ അവരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനും തീരുമാനങ്ങള്‍ സഹായിക്കുമെന്നാണ് കരുതുന്നത്. എഞ്ചിനീയറിംഗ് ടെക്‌നിക്കല്‍ പ്രൊഫഷനുകളില്‍ 8,000ത്തിലധികം മറ്റു ജോലികള്‍ ഇത് സംഭാവന ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു.
മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം മുനിസിപ്പല്‍, റൂറല്‍ അഫയേഴ്‌സ് ആന്‍ഡ് ഹൗസിംഗ് മന്ത്രാലയവുമായി സഹകരിച്ചാണ് സ്വകാര്യ മേഖലയില്‍ 25 ശതമാനം എന്‍ജിനീയറിങ് പ്രൊഫഷനുകള്‍ സ്വദേശിവല്‍കരിക്കുന്നത്. എഞ്ചിനീയറിംഗ് ജോലികളില്‍ കുറഞ്ഞത് അഞ്ച് പേരെങ്കിലും ജോലി ചെയ്യുന്ന സ്വകാര്യ മേഖലയിലെ എല്ലാ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്ത്രീകളടക്കമുള്ള സ്വദേശികള്‍ക്ക് അനുകൂലവും ഉല്‍പ്പാദനക്ഷമവുമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് തീരുമാനത്തിന്റെ ലക്ഷ്യം. തൊഴില്‍ വിപണിയിലെ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് മുനിസിപ്പല്‍, ഗ്രാമകാര്യ, ഭവന മന്ത്രാലയമാണ് ഇതിന്റെ മേല്‍നോട്ടം വഹിക്കുകയും നടപ്പിലാക്കുകയും ചെയ്യുക. തൊഴില്‍ വിപണിയുടെ ആവശ്യവുമായും എഞ്ചിനീയറിംഗ് പ്രൊഫഷനുകളുടെ പ്രത്യേക ആവശ്യങ്ങളുമായും യോജിപ്പിച്ച് നടപ്പിലാക്കുന്ന കാര്യം മന്ത്രാലയം ഉറപ്പാക്കും.
വിവിധ കമ്പനികളുമായും സ്ഥാപനങ്ങളുമായും തൊഴില്‍, പരിശീലന കരാറുകള്‍ പ്രഖ്യാപിക്കുമെന്നും തൊഴില്‍ വിപണിയില്‍ സ്വദേശികളെ ശാക്തീകരിക്കുന്നതിനുള്ള കൂട്ടായ ശ്രമം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും മാനവശേഷി സാമൂഹിക വികസന മന്ത്രി മന്ത്രി അഹമ്മദ് അല്‍റാജ് ഹി പറഞ്ഞു.
സൗദി പൗരന്മാരുടെ തൊഴില്‍ സുഗമമാക്കുന്നതിന് മന്ത്രാലയങ്ങള്‍ നല്‍കുന്ന പ്രോത്സാഹനങ്ങളും സഹായ പരിപാടികളും സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയും. അനുയോജ്യമായ തൊഴിലാളികളെ ആകര്‍ഷിക്കുന്നതിനും തിരിച്ചറിയുന്നതിനുമുള്ള സഹായം, ആവശ്യമായ പരിശീലനത്തിനും യോഗ്യതാ പ്രക്രിയകള്‍ക്കുമുള്ള പിന്തുണ, റിക്രൂട്ട്‌മെന്റിലും കരിയര്‍ പുരോഗതിയിലും സഹായം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. സ്വദേശിവല്‍ക്കരണത്തെ പിന്തുണക്കുന്ന വിവിധ പരിപാടികളുടേയും മാനവശേഷി വികസന നിധി (ഹദഫ്)യുടേയും സഹായവും പിന്തുണയും സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താം.
മുനിസിപ്പല്‍, റൂറല്‍ അഫയേഴ്‌സ് ആന്‍ഡ് ഹൗസിംഗ് മന്ത്രാലയവും മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയവും സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളുമായി കരാറില്‍ ഏര്‍പ്പെടും. എഞ്ചിനീയറിംഗ് തൊഴിലുകളുടെ സ്വദേശിവല്‍ക്കരണം സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്ക് അനുസൃതമാണ് ഈ കരാറുകള്‍.
അഞ്ചോ അതിലധികമോ എഞ്ചിനീയര്‍മാര്‍ ജോലി ചെയ്യുന്ന സ്വകാര്യമേഖലാ സ്ഥാപനങ്ങളിലെ മൊത്തം എന്‍ജിനീയറിങ് പ്രൊഫഷണലുകളുടെ 25 ശതമാനം സ്വദേശിവല്‍ക്കരണം നടത്തണമെന്നും രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മിനിമം വേതനം നിശ്ചയിക്കണമെന്നും മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം നേരത്തെ തീരുമാനമെടുത്തിരുന്നു.
സൗദിവല്‍ക്കരണ തീരുമാനത്തിന്റെ വിശദാംശങ്ങള്‍, സൗദിവല്‍ക്കരണത്തിന്റെ നിര്‍ദ്ദിഷ്ട തോതുകള്‍, ലക്ഷ്യമിടുന്ന തൊഴിലുകള്‍, തൊഴിലാളികളുടെ ശതമാനം കണക്കാക്കുന്നതിനുള്ള സംവിധാനം, ആവശ്യമായ സൗദിവല്‍ക്കരണം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് ചുമത്തുന്ന പിഴകള്‍ എന്നിവ വിശദീകരിക്കുന്ന ഗൈഡും പ്രസിദ്ധീകരിച്ചിട്ടുണ്ട്.