ജിദ്ദ : പ്രവാസം തുടങ്ങിയതുമുതല്‍ ഓരോ പവന്‍ വാങ്ങിവെച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ കോടീശ്വരനാകാമായിരുന്നുവെന്ന് പരിതപിക്കുന്നവരുണ്ട്. അവര്‍ കടല്‍ കടന്ന സമയത്തെ സ്വര്‍ണവിലയും ഇപ്പോഴത്തെ സ്വര്‍ണവിലയും താരതമ്യം ചെയ്തു കൊണ്ടാണ് ഈ നിരാശ കലര്‍ന്ന പ്രതികരണം.
നിരാശയില്‍ കാര്യമില്ലെന്നും പല നിക്ഷേപ മാര്‍ഗങ്ങളും മുന്നിലുണ്ടെങ്കിലും പ്രവാസികള്‍ സ്വര്‍ണം കൈവിടരുതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന ഉപദേശം. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും സ്വര്‍ണം സുരക്ഷിത നിക്ഷേപമായി മാറുന്നുമുണ്ട്. ഓഹരി വിപണിയല്‍ ചാഞ്ചാട്ടമുട്ടാകുമ്പോള്‍ ആളുകള്‍ ധാരാളമായി സ്വര്‍ണത്തിലേക്ക് തിരിയുന്നതും കാണാം.
ലോകത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ സാമ്പത്തിക കാലാവസ്ഥ കണക്കിലെടുക്കുമ്പോള്‍ വരുന്ന 30 വര്‍ഷത്തിനുള്ളില്‍ സ്വര്‍ണ വില ഇരട്ടിയാകുമെന്നാണ് സൗദി ഗോള്‍ഡ് റിഫൈനറി കമ്പനിയുടെയും (എസ്.ജി.ആര്‍) സുലൈമാന്‍ അല്‍ ഒതൈം ജ്വല്ലറിയുടെയും ചെയര്‍മാന്‍ സുലൈമാന്‍ അല്‍ ഒതൈം പ്രവചിക്കുന്നു.
ലോകമെമ്പാടുമുള്ള പ്രധാന അംഗീകൃത കറന്‍സിയായി സ്വര്‍ണം മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
സൗദി അറേബ്യ നിലവില്‍ പ്രതിവര്‍ഷം ഏകദേശം 10 ടണ്‍ സ്വര്‍ണം ഉല്‍പാദിപ്പിക്കുന്നുണ്ടെന്നും 2030 ഓടെ ഉല്‍പാദനം 10 മടങ്ങ് വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും സുലൈമാന്‍ അല്‍ ഒതൈം പറയുന്നു.
ദക്ഷിണ സൗദി അറേബ്യയില്‍ വര്‍ഷം ഒന്നര ടണ്‍ വരെ ഉല്‍പ്പാദന ശേഷിയുള്ളതും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതുമായ സ്വര്‍ണ ഖനി നടത്തുന്നത് സൗദി ഗോള്‍ഡ് റിഫൈനറിയാണ്.
സൗദി അറേബ്യയില്‍ നിലവില്‍ 10 സ്വര്‍ണ ഖനികളുണ്ട്. ഇതില്‍ ഒമ്പതെണ്ണം സൗദി അറേബ്യന്‍ മൈനിംഗ് കമ്പനിയുടെ (മആദന്‍) ഉടമസ്ഥതയിലുള്ളതാണ്. നിക്ഷേപകര്‍ക്ക് സര്‍ക്കാര്‍ നല്‍കിവരുന്ന പിന്തുണയുടെ പശ്ചാത്തലത്തില്‍ 2030 ഓടെ ഖനികളുടെ എണ്ണം 100-300 ആയി ഉയരുമെന്നും സുലൈമാന്‍ അല്‍ഒതൈം പ്രതീക്ഷിക്കുന്നു.
ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് സ്വര്‍ണ്ണ ഉപഭോക്താക്കളില്‍ ഒന്നായ സൗദി അറേബ്യ സമീപ ഭാവിയില്‍തന്നെ ഒന്നാം സ്ഥാനത്തോ രണ്ടാം സ്ഥാനത്തോ എത്താനുള്ള സാധ്യതയും അദ്ദേഹം മുന്നില്‍ കാണുന്നു. രാജ്യത്ത് ശക്തിപ്പെടുന്ന ടൂറിസവും ഉംറ തീര്‍ഥാടകരുടെ വര്‍ധനയും വിപണി വിപുലീകരണത്തിന് കാരണമാകും. സഹായിക്കുന്നതിനാല്‍ സൗദി അറേബ്യ ഒന്നാമതോ രണ്ടാമതോ റാങ്ക് ചെയ്‌തേക്കാമെന്ന് അല്‍ഒതൈം പറഞ്ഞു.