ജിദ്ദ : ഡിസംബറിൽ രാജ്യത്തെ വിമാന കമ്പനികൾക്കെതിരെ യാത്രക്കാരിൽ നിന്ന് 1,308 പരാതികൾ ലഭിച്ചതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.
ഏറ്റവും കുറവ് പരാതികൾ ഉയർന്നുവന്നത് സ്വകാര്യ ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ നാസിനെതിരെ ആണ്. ഒരു ലക്ഷം യാത്രക്കാർക്ക് 42 പരാതികൾ തോതിൽ ഫ്‌ളൈ നാസിനെതിരെ കഴിഞ്ഞ മാസം ലഭിച്ചു. ഇവക്കു മുഴുവൻ നിശ്ചിത സമയത്തിനകം കമ്പനി പരിഹാരം കണ്ടു. രണ്ടാം സ്ഥാനത്തുള്ള സൗദിയക്കെതിരെ ഒരു ലക്ഷം യാത്രക്കാർക്ക് 61 പരാതികൾ തോതിൽ ലഭിച്ചു. ഇതിൽ 99 ശതമാനം പരാതികളും നിശ്ചിത സമയത്തിനകം സൗദിയ പരിഹരിച്ചു.
മൂന്നാം സ്ഥാനത്തുള്ള ഫ്‌ളൈ അദീലിനെതിരെ ഒരു ലക്ഷം യാത്രക്കാർക്ക് 65 പരാതികൾ തോതിൽ ഉയർന്നുവന്നു. ഇതിൽ 96 ശതമാനം പരാതികൾക്ക് നിശ്ചിത സമയത്തിനകം കമ്പനി പരിഹാരം കണ്ടു. ബാഗേജ് സേവനവുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ മാസം വിമാനക്കമ്പനികൾക്കെതിരെ യാത്രക്കാരിൽ നിന്ന് ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത്. സർവീസുകൾ, ടിക്കറ്റുകൾ എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
പ്രതിവർഷം 60 ലക്ഷത്തിലേറെ യാത്രക്കാർ ഉപയോഗിക്കുന്ന അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ മദീന പ്രിൻസ് മുഹമ്മദ് ഇന്റർനാഷണൽ എയർപോർട്ടിനെതിരെ ആണ് ഏറ്റവും കുറവ് പരാതികൾ ലഭിച്ചത്. ഒരു ലക്ഷം യാത്രക്കാർക്ക് ഒരു പരാതി തോതിൽ കഴിഞ്ഞ മാസം ആകെ അഞ്ചു പരാതികളാണ് മദീന എയർപോർട്ടിനെതിരെ ലഭിച്ചത്. ഇവക്കു മുഴുവൻ എയർപോർട്ട് അഡ്മിനിസ്‌ട്രേഷൻ നിശ്ചിത സമയത്തിനകം പരിഹാരം കണ്ടു. വർഷത്തിൽ 60 ലക്ഷത്തിൽ കുറവ് യാത്രക്കാർ ഉപയോഗിക്കുന്ന അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ഏറ്റവും കുറവ് പരാതികൾ ഉയർന്നുവന്നത് അബഹ ഇന്റർനാഷണൽ എയർപോർട്ടിനെതിരെ ആണ്.
ഒരു ലക്ഷം യാത്രക്കാർക്ക് രണ്ടു പരാതികൾ തോതിൽ ആകെ ആറു പരാതികളാണ് അബഹ വിമാനത്താവളത്തിനെതിരെ കഴിഞ്ഞ മാസം ലഭിച്ചത്. ഇവക്കെല്ലാം നിശ്ചിത സമയത്തിനകം അബഹ എയർപോർട്ട് അഡ്മിനിസ്‌ട്രേഷൻ പരിഹാരം കണ്ടു.
ആഭ്യന്തര വിമാനത്താവളങ്ങളിൽ ഏറ്റവും കുറവ് പരാതികൾ ഉയർന്നുവന്നത് നജ്‌റാൻ എയർപോർട്ടിനെതിരെ ആണ്. ഒരു ലക്ഷം യാത്രക്കാർക്ക് മൂന്നു പരാതികൾ തോതിലാണ് നജ്‌റാൻ വിമാനത്താവളത്തിനെതിരെ ലഭിച്ചത്. ആകെ രണ്ടു പരാതികളാണ് നജ്‌റാൻ എയർപോർട്ടിനെതിരെ ഉയർന്നുവന്നത്. ഇവ നിശ്ചിത സമയത്തിനകം അധികൃതർ പരിഹരിച്ചതായും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.