ജിദ്ദ : ഇറക്കുമതിയെ കൂടുതല്‍ ആശ്രയിക്കാതെ സമ്പദ്‌വ്യവസ്ഥയെ സ്വന്തം നിലയില്‍ വികസിപ്പിക്കാനാണ് സൗദി അറേബ്യ ശ്രമിക്കുന്നതെന്ന് ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍. സൗദി വിഷന്‍ 2030 പദ്ധതികള്‍ നടപ്പാക്കാനുള്ള സമവാക്യത്തിലെ പ്രധാന മാനദണ്ഡങ്ങള്‍ കാര്യക്ഷമതയും സാമ്പത്തിക മൂല്യവുമാണ്. സമ്പദ്‌വ്യവസ്ഥയില്‍ ചെലവഴിക്കുന്ന ഓരോ ഡോളറും ചോര്‍ന്നൊലിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ സൗദി അറേബ്യ ആഗ്രഹിക്കുന്നു.
റെയില്‍വെ പദ്ധതികള്‍, എയര്‍പോര്‍ട്ടുകള്‍ പോലെ അടിസ്ഥാന ലോജിസ്റ്റിക്‌സ് പദ്ധതികള്‍ സൗദി അറേബ്യ നടപ്പാക്കിവരികയാണ്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും മുടക്കമില്ലാതെ ശുദ്ധജലം ഉറപ്പാക്കുന്നതിന് സമുദ്രജല ശുദ്ധീകരണശാലകള്‍ വികസിപ്പിക്കാനും പദ്ധതികളുണ്ട്. നിരവധി പുനരുപയോഗ ഊര്‍ജ പദ്ധതികളും നടപ്പാക്കുന്നുണ്ടെന്ന് ദാവോസ് ലോക സാമ്പത്തിക ഫോറത്തോടനുബന്ധിച്ച് ബ്ലൂംബെര്‍ഗ് ന്യൂസ് ഏജന്‍സിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ധനമന്ത്രി പറഞ്ഞു.
യൂറോയില്‍ കൂടുതല്‍ ബോണ്ടുകള്‍ പുറത്തിറക്കാന്‍ പദ്ധതിയുണ്ട്. ഈ മാസം 1,200 കോടി ഡോളറിന്റ ബോണ്ടുകള്‍ സൗദി ഗവണ്‍മെന്റ് പുറത്തിറക്കിയിരുന്നു. ബോണ്ടുകള്‍ പുറത്തിറക്കി കഴിഞ്ഞ മാസം സമാഹരിച്ച പണം ബജറ്റ് കമ്മി നികത്താനും ചില പദ്ധതികള്‍ക്ക് പണം മുടക്കാനും വിനിയോഗിക്കും. മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ എണ്ണ മേഖലയുടെ സംഭാവന 70 ശതമാനത്തില്‍ നിന്ന് 35 ശതമാനമായി കുറഞ്ഞിട്ടുണ്ട്. പെട്രോളിതര മേഖല വലിയ വളര്‍ച്ച കൈവരിച്ചെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഇത് വലിയ നേട്ടമാണ്.
2023 ലെ ബജറ്റ് പ്രഖ്യാപിക്കുമ്പോള്‍ ഒരു ബാരല്‍ എണ്ണക്ക് 100 ഡോളറായിരുന്നു വില. പ്രതിദിനം ശരാശരി 1.1 കോടി ബാരല്‍ എണ്ണ തോതില്‍ സൗദി അറേബ്യ കയറ്റി അയക്കുകയും ചെയ്തിരുന്നു. എന്നാല്‍ വര്‍ഷാവസാനത്തോടെ എണ്ണ വില 23 ശതമാനം തോതിലും ഉല്‍പാദനം 17 ശതമാനം തോതിലും കുറഞ്ഞതായും മുഹമ്മദ് അല്‍ജദ്ആന്‍ പറഞ്ഞു.
വ്യക്തികള്‍ക്ക് ആദായ നികുതി ബാധകമാക്കില്ല എന്ന നിലപാടില്‍ സൗദി അറേബ്യ ഉറച്ചുനില്‍ക്കും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് സുവ്യക്തമാണ്. സാമ്പത്തിക, നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സൗദി അറേബ്യ ആദായ നികുതി നടപ്പാക്കാത്തത്. മൂല്യവര്‍ധിത നികുതി, കമ്പനികള്‍ക്കും വിദേശ നിക്ഷേപകര്‍ക്കുമുള്ള വരുമാന നികുതി, സ്വദേശികള്‍ക്കുള്ള സകാത്ത് എന്നിവ അടക്കമുള്ള നിലവിലെ നികുതികളിലൂടെ ഞങ്ങള്‍ പ്രാദേശിക വിഭവങ്ങള്‍ സമാഹരിക്കുന്നു. ഇതില്‍ മാറ്റം വരുത്തില്ല.
സമ്പദ്‌വ്യവസ്ഥ കൂടുതല്‍ അനുയോജ്യമാക്കാനും ബിസിനസ് അന്തരീക്ഷം ഉത്തേജിപ്പിക്കാനും കൂടുതല്‍ ആകര്‍ഷകമാക്കാനും സമ്പദ്‌വ്യവസ്ഥയിലെ ചില ഭാരങ്ങള്‍ കുറക്കാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നു. സാമ്പത്തിക വൈവിധ്യവല്‍ക്കരണം ലക്ഷ്യമിട്ടുള്ള പരിഷ്‌കരണങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നത് തുടരും. മേഖയിലെ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ നയതന്ത്രശ്രമങ്ങളില്‍ സൗദി അറേബ്യ ശക്തമായ പങ്കാളിത്തം വഹിക്കുന്നതായും ധനമന്ത്രി പറഞ്ഞു.