മക്ക : അടുത്ത റമദാനില്‍ ഉംറ തീര്‍ഥാടകര്‍ക്ക് യാത്രാ സേവനങ്ങള്‍ നല്‍കാന്‍ ജനറല്‍ കാര്‍സ് സിണ്ടിക്കേറ്റിനു കീഴിലെ 65 ബസ് കമ്പനികളിലേക്ക് 8,800 ലേറെ ഡ്രൈവര്‍മാരെയും ടെക്‌നീഷ്യന്മാരെയും തൊഴിലാളികളെയും സീസണ്‍ വിസയില്‍ റിക്രൂട്ട് ചെയ്യാനുള്ള നടപടികള്‍ അടുത്തയാഴ്ച മുതല്‍ ആരംഭിക്കുമെന്ന് സിണ്ടിക്കേറ്റില്‍ കമ്പനി കാര്യ വിഭാഗം മേധാവി അബ്ദുല്ല അല്‍മിഹ്മാദി പറഞ്ഞു.
ഉംറ സീസണ്‍ പൂര്‍ത്തിയായാലുടന്‍ ഹജ് സീസണിലേക്ക് ആവശ്യമായ 28,000 ഡ്രൈവര്‍മാരെയും ടെക്‌നീഷ്യന്മാരെയും സീസണ്‍ വിസകളില്‍ റിക്രൂട്ട് ചെയ്യാന്‍ ബസ് കമ്പനികള്‍ നടപടികള്‍ ആരംഭിക്കും. തീര്‍ഥാടകര്‍ക്ക് സുരക്ഷിത യാത്ര ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ട വകുപ്പുകളും ജനറല്‍ കാര്‍സ് സിണ്ടിക്കേറ്റും നിര്‍ണയിച്ച മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി സെലക്ഷന്‍ കമ്മിറ്റികളുടെ പങ്കാളിത്തത്തോടെ ഏറ്റവും മികച്ച ഡ്രൈവര്‍മാരെയാണ് തെരഞ്ഞെടുത്ത് റിക്രൂട്ട് ചെയ്യുന്നത്. ഈ വര്‍ഷത്തെ സീസണ്‍ തൊഴിലാളികള്‍ ശഅ്ബാന്‍ അഞ്ചു മുതല്‍ എത്തിത്തുടങ്ങുമെന്ന് അബ്ദുല്ല അല്‍മിഹ്മാദി പറഞ്ഞു.
ഹജ്, ഉംറ തീര്‍ഥാടകര്‍ക്ക് യാത്രാ സൗകര്യം നല്‍കുന്ന കമ്പനികള്‍ ഈജിപ്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ സീസണ്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത്. ഈ മേഖലയിലെ ദീര്‍ഘകാല പരിചയസമ്പത്തുള്ളതിനാലും ഹജ്, ഉംറ സീസണുകളുമായി ബന്ധപ്പെട്ട തൊഴില്‍ സാഹചര്യവും സ്വഭാവവും അറിയുന്നതിനാലുമാണ് മുഖ്യമായും ഈജിപ്തുകാരെ റിക്രൂട്ട് ചെയ്യുന്നത്.