ജിദ്ദ : റീ-എൻട്രിയിൽ സൗദിയിൽ നിന്ന് പുറത്തുപോയി പാസ്പോർട്ട് കാലാവധി അവസാനിച്ചവർ പുതിയ പാസ്പോർട്ട് നേടുന്ന പക്ഷം വിസാ വിവരങ്ങൾ പുതിയ പാസ്പോർട്ടിലേക്ക് മാറ്റണമെന്നും തൊഴിലുടമയുടെ അബ്ശിർ പ്ലാറ്റ്ഫോം അക്കൗണ്ട് വഴി ഇതിന് സാധിക്കുമെന്നും ജവാസാത്ത് ഡയറക്ടറേറ്റ് പറഞ്ഞു. ഇങ്ങിനെ അബ്ശിർ വഴി വിസാ വിവരങ്ങൾ പുതിയ പാസ്പോർട്ടിലേക്ക് മാറ്റാൻ കഴിയാതെ വരികയാണെങ്കിൽ അക്കാര്യം അബ്ശിറിലെ തവാസുൽ സേവനം വഴി അറിയിക്കണമെന്ന് ജവാസാത്ത് ആവശ്യപ്പെട്ടു. തവാസുൽ സേവനം വഴി ലഭിക്കുന്ന പരാതികളിൽ ആവശ്യമായ സേവനങ്ങൾ നൽകുമെന്നും ജവാസാത്ത് അറിയിച്ചു. തന്റെ മകൻ റീ-എൻട്രിയിൽ സൗദിയിൽ നിന്ന് പുറത്തുപോയെന്നും സ്വദേശത്തു വെച്ച് പാസ്പോർട്ട് കാലാവധി അവസാനിച്ചതിനെ തുടർന്ന് പുതുക്കിയപ്പോൾ പുതിയ പാസ്പോർട്ട് ആണ് ലഭിച്ചതെന്നും അറിയിച്ചും വിസയടിച്ച പാസ്പോർട്ടല്ലാത്തതിനാൽ പുതിയ പാസ്പോർട്ടിൽ സൗദിയിൽ തിരികെ പ്രവേശിക്കാൻ സാധിക്കുമോയെന്ന് ആരാഞ്ഞും സിറിയക്കാരൻ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് ജവാസാത്ത് ഇക്കാര്യം വ്യക്തമാക്കിയത്.
റീ-എൻട്രി വിസാ കാലാവധിയിൽ സൗദിയിൽ തിരിച്ചെത്താത്തവർക്ക് പുതിയ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കാവുന്നതാണ്. ഇത്തരക്കാർക്ക് പഴയ തൊഴിലുടമയുടെ അടുത്തേക്കോ പുതിയ തൊഴിലുടമയുടെ അടുത്തേക്കോ പുതിയ വിസയിൽ എത്താവുന്നതാണ്. വിദേശത്തു വെച്ച് റീ-എൻട്രി വിസാ കാലാവധി അവസാനിച്ചവരുടെ റീ-എൻട്രി കാലാവധി അബ്ശിർ പ്ലാറ്റ്ഫോമിലെ തവാസുൽ സേവനം വഴി ദീർഘിപ്പിക്കാൻ കഴിയും. ഇതിന് ഇഖാമയിൽ കാലാവധിയുണ്ടായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. റീ-എൻട്രി വിസ ലഭിക്കാൻ വിദേശിയുടെ പാസ്പോർട്ടിൽ 90 ദിവസത്തിൽ കുറയാത്ത കാലാവധിയുണ്ടായിരിക്കണമെന്നും ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് മറുപടിയായിയ ജവാസാത്ത് ഡയറക്ടറേറ്റ് പറഞ്ഞു.