ജിദ്ദ : സാഹസിക വിനോദസഞ്ചാരത്തിനുള്ള സൗദിയിലെ ആദ്യ ആഗോള ലക്ഷ്യസ്ഥാനമായ ദി റിഗ് പദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് കമ്പനി ഉടമസ്ഥതയിലുള്ള ഓയില്‍ പാര്‍ക്ക് ഡെവലപ്മെന്റ് കമ്പനി പ്രഖ്യാപിച്ചു. സമുദ്ര കായിക വിനോദങ്ങളെയും സാഹസിക വിനോദസഞ്ചാരത്തെയും പുനര്‍നിര്‍വചിക്കുന്നതാണ് പദ്ധതി വിനോദസഞ്ചാര വ്യവസായ മേഖലാ വളര്‍ച്ചക്ക് സഹായകമാകാനും പ്രത്യക്ഷമായും പരോക്ഷമായും പ്രാദേശിക പ്രതിഭകള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും സാമ്പത്തിക വൈവിധ്യവല്‍ക്കരണം കൈവരിക്കാനുമുള്ള പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് തന്ത്രവുമായും വിഷന്‍ 2030 ലക്ഷ്യങ്ങളുമായും പൊരുത്തപ്പെട്ടു പോകുന്ന നിലക്കാണ് ദി റിഗ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.
തീരത്തു നിന്ന് 40 കിലോമീറ്റര്‍ ദൂരത്തില്‍ അല്‍ജരീദ് ദ്വീപിനും അറേബ്യന്‍ ഉള്‍ക്കടലിലെ അല്‍ബരി എണ്ണപ്പാടത്തിനും സമീപം സവിശേഷമായ ആതിഥ്യവും സാഹസിക അനുഭവവും സമ്മാനിക്കുന്ന പദ്ധതിയിലെ കെട്ടിട വിസ്തീര്‍ണം മൂന്നു ലക്ഷം ചതുരശ്ര മീറ്ററിലധികമായിരിക്കുമെന്ന് ഓയില്‍ പാര്‍ക്ക് ഡെവലപ്മെന്റ് കമ്പനി സി.ഇ.ഒ റാഇദ് ബഖ്റജി പറഞ്ഞു. 2032 ഓടെ പ്രതിവര്‍ഷം ഒമ്പതു ലക്ഷം സന്ദര്‍ശകരെ പദ്ധതി ആകര്‍ഷിക്കും. ത്രില്ലും സാഹസികതയും ഇഷ്ടപ്പെടുന്നവര്‍, പര്യവേക്ഷകര്‍, സമതുലിതമായ അവധിക്കാലം തേടുന്നവര്‍ എന്നിവരുള്‍പ്പെടെ സൗദിയില്‍ നിന്നും വിദേശങ്ങളില്‍ നിന്നുമുള്ള നിരവധി സന്ദര്‍ശകരെ പദ്ധതി ആകര്‍ഷിക്കും.
ആകെ 800 മുറികളും 11 റെസ്റ്റോറന്റുകളുമുള്ള മൂന്നു ഹോട്ടലുകള്‍, സാഹസിക ഗെയിമുകള്‍ക്കും ആവേശകരമായ കായിക വിനോദങ്ങള്‍ക്കുമുള്ള അമ്യൂസ്മെന്റ് പാര്‍ക്ക്, ആഗോള മറീന, ഹെലിപാഡുകള്‍ എന്നിവ അടക്കം താമസവും വിനോദവും ഉള്‍പ്പെടെ നിരവധി ടൂറിസ്റ്റ് ഓപ്ഷനുകള്‍ പദ്ധതിയില്‍ അടങ്ങിയിരിക്കുന്നു. അമ്യൂസ്മെന്റ് പാര്‍ക്ക്, വാട്ടര്‍ പാര്‍ക്ക്, ഇ-സ്പോര്‍ട്സ് സെന്റര്‍, ഇന്ററാക്ടീവ് തിയേറ്റര്‍, മള്‍ട്ടി പര്‍പ്പസ് അരീന, ഡൈവിംഗ് സെന്റര്‍ എന്നിവ അടക്കം നിരവധി ജലകേളികള്‍ ആസ്വദിക്കാന്‍ സന്ദര്‍ശകര്‍ക്ക് അവസരമുണ്ടാകും.
ഓഫ്ഷോര്‍ ഓയില്‍ പ്ലാറ്റ്ഫോമുകള് എന്ന ആശയത്തില്‍ നിന്നാണ് ദി റിഗ് പദ്ധതി രൂപകല്പന ഉരുത്തിരിഞ്ഞിരിക്കുന്നത്. അസാധാരണവും അതുല്യവുമായ ഒരു വിനോദാനുഭവം സൃഷ്ടിച്ചുകൊണ്ട് ഈ ആശയം എണ്ണ, ഗ്യാസ് മേഖലകളിലെ സൗദി അറേബ്യയുടെ പൈതൃകവും പുരാതന ചരിത്രവും ആഘോഷിക്കുന്നു. എല്ലാവരും തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ലോകത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായി ദി റിഗ് പദ്ധതി മാറുമെന്നും റാഇദ് ബഖ്റജി പറഞ്ഞു