റിയാദ് : സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെയും സൗദി ഇലക്ട്രിസിറ്റി കമ്പനിയുടെയും സംയുക്ത ഉടമസ്ഥതയിലുള്ള എവിഖ് കമ്പനി ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള ആദ്യത്തെ ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷൻ റിയാദിൽ ഉദ്ഘാടനം ചെയ്തു. 100 കിലോവാട്ടിലേറെ ശേഷിയുള്ള രണ്ടു അഡ്വാൻസ്ഡ് ഫാസ്റ്റ് ചാർജറുകൾ പുതിയ കേന്ദ്രത്തിലുണ്ട്. ഒരേസമയം നാലു കാറുകൾ ചാർജ് ചെയ്യാൻ സ്റ്റേഷനിൽ സൗകര്യമുണ്ട്.
ഇലക്ട്രിക് വാഹന ഉപയോക്താക്കൾക്ക് ഹൈ-പവർ ചാർജിംഗ് സേവനം പുതിയ കേന്ദ്രം നൽകും. ഇത്തരത്തിൽ പെട്ട ഫാസ്റ്റ് ചാർജിംഗ് സേവനം സൗദിയിൽ ആദ്യമായാണ് നടപ്പാക്കുന്നത്. ഈ സാങ്കേതികവിദ്യയുടെ വ്യാപനം പൊതുജനങ്ങൾക്ക് അതിവേഗ ചാർജിംഗ് സേവനം നൽകും. ആദ്യ ഘട്ടത്തിൽ റിയാദ്, ജിദ്ദ, ദമാം എന്നീ നഗരങ്ങളിൽ ഫാസ്റ്റ് ചാർജിംഗ് സേവനം വ്യാപകമാക്കാൻ എവിഖ് കമ്പനി ലക്ഷ്യമിടുന്നതായി കമ്പനി സി.ഇ.ഒ മുഹമ്മദ് ബകർ ഖസ്സാസ് പറഞ്ഞു.
പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകളിൽ ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും. 2030 ഓടെ സൗദിയിലെ മുഴുവൻ നഗരങ്ങളിലും എക്‌സ്പ്രസ് വേകളിലും ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തിൽ ആയിരം ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും. ഇവിടങ്ങളിൽ ആകെ 5,000 ഫാസ്റ്റ് ചാർജറുകളുണ്ടാകും. ഇലക്ട്രിക് വാഹന ചാർജിംഗ് മേഖല ആഗോള തലത്തിൽ തന്നെ പുതിയ മേഖലയാണ്. സൗദിയിൽ ചാർജിംഗ് സ്റ്റേഷനുകൾക്കുള്ള ആവശ്യം ഗണ്യമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യത്ത് ചാർജിംഗ് സ്റ്റേഷൻ മേഖലയിൽ നിക്ഷേപം നടത്തുന്ന ഒരുകൂട്ടം കമ്പനികളിൽ ഒന്നാണ് എവിഖ്. റോഷൻ ഫ്രന്റിൽ ആദ്യ ചാർജിംഗ് ലൊക്കേഷൻ തുറന്നത് ഉപയോക്താക്കൾക്ക് ഏറ്റവും നൂതനമായ ഇലക്ട്രിക് കാർ ചാർജിംഗ് സാങ്കേതികവിദ്യകൾ ലഭ്യമാക്കുന്നതിൽ ഏറെ പ്രധാന്യമുണ്ട്. ഫാസ്റ്റ് ചാർജിംഗ് വൈദ്യുതി വാഹന ചാർജിംഗ് മേഖലയെ പരിവർത്തനം ചെയ്യുന്നതിലും മെച്ചപ്പെടുത്തുന്നതിലും കാര്യമായ സ്വാധീനം ചെലുത്തും. ഇതിലൂടെ ഇലക്ട്രിക് വാഹന ഡ്രൈവർമാർക്ക് കുറഞ്ഞ സമയത്തും റെക്കോർഡ് സമയത്തും വാഹനം ചാർജ് ചെയ്യാൻ സാധിക്കുമെന്നും മുഹമ്മദ് ബകർ ഖസ്സാസ് പറഞ്ഞു.
ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗിന് എടുക്കുന്ന സമയവും സൗദിയിൽ ഫാസ്റ്റ് ചാർജിംഗ് ഉപകരണങ്ങളുടെ കുറവും ഇലക്ട്രിക് കാർ ഉടമകൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളാണ്. ഫാസ്റ്റ് ചാർജിംഗ് സേവനം വ്യാപകമാകുന്നത് സൗദിയിൽ ഇലക്ട്രിക് കാർ ഉപയോഗം പ്രോത്സാഹിപ്പിക്കും. ഇലക്ട്രിക് കാർ മേഖലയിൽ സൗദി അറേബ്യയുടെ ശേഷികൾ വിപുലീകരിക്കാനും മത്സര ശേഷി വർധിപ്പിക്കാനുമുള്ള പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് തന്ത്രവുമായി എവിഖ് കമ്പനിയുടെ ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷൻ ഉദ്ഘാടനം പൊരുത്തപ്പെട്ടുപോകുന്നു.
എവിഖ് കമ്പനിയിൽ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന് 75 ശതമാനവും സൗദി ഇലക്ട്രിസിറ്റി കമ്പനിക്ക് 25 ശതമാനവും ഉടമസ്ഥാവകാശമാണുള്ളത്. സൗദിയിലെ ആദ്യ ഇലക്ട്രിക് കാർ ഫാക്ടറിയിൽ ഉൽപാദനം ആരംഭിച്ചിട്ടുണ്ട്. റാബിഗ് കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിലാണ് ലൂസിഡ് ഫാക്ടറി പ്രവർത്തിക്കുന്നത്. അമേരിക്കക്ക് പുറത്ത് ലൂസിഡ് കമ്പനി സ്ഥാപിക്കുന്ന ആദ്യത്തെ ഇലക്ട്രിക് കാർ ഫാക്ടറിയാണ് സൗദിയിേലത്. ഇതിനു പുറമെ ഇലക്ട്രിക് കാർ വ്യവസായ മേഖലയിൽ സൗദി അറേബ്യ സ്വന്തം ബ്രാൻഡ് ആയ സീറും പ്രഖ്യാപിച്ചിട്ടുണ്ട്.