ജിദ്ദ : സൗദി അറേബ്യ വിദേശത്ത് നിക്ഷേപം നടത്തിയ ആസ്തികൾ കഴിഞ്ഞ വർഷം മൂന്നാം പാദാവസാനത്തോടെ അഞ്ചു ട്രില്യൺ റിയാൽ കവിഞ്ഞു. മൂന്നാം പാദാവസാനത്തോടെ 5.203 ട്രില്യൺ റിയാലായാണ് വിദേശ ആസ്തികൾ ഉയർന്നത്. 2022 മൂന്നാം പാദത്തിൽ ഇത് 4.996 ട്രില്യൺ റിയാലായിരുന്നു. വിദേശങ്ങളിലെ നേരിട്ടുള്ള സൗദി നിക്ഷേപങ്ങൾ 721.78 ബില്യൺ റിയാലായി ഉയർന്നതായി സെൻട്രൽ ബാങ്ക് കണക്കുകൾ വ്യക്തമാക്കുന്നു.
മൂന്നാം പാദത്തിൽ നേരിട്ടുള്ള നിക്ഷേപങ്ങളിൽ 2.42 ബില്യൺ റിയാലിന്റെ വർധന രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ആദ്യത്തെ ഒമ്പതു മാസക്കാലത്ത് സൗദി അറേബ്യ വിദേശങ്ങളിൽ 86.74 ബില്യൺ റിയാലിന്റെ നേരിട്ടുള്ള നിക്ഷേപങ്ങൾ നടത്തി. 2022 ഇതേ കാലയളവിൽ 34.19 ബില്യൺ റിയാലിന്റെ നേരിട്ടുള്ള നിക്ഷേപങ്ങളാണ് വിദേശങ്ങളിൽ നടത്തിയത്. ഇതിനെ അപേക്ഷിച്ച് കഴിഞ്ഞ കൊല്ലം വിദേശങ്ങളിൽ നടത്തിയ നേരിട്ടുള്ള നിക്ഷേപങ്ങളിൽ 153 ശതമാനം വളർച്ച രേഖപ്പെടുത്തി.