ദോഹ : വാണിജ്യ കപ്പലുകൾക്കു നേരെയുള്ള ഹൂത്തി ആക്രമണങ്ങളുടെയും ഹൂത്തികൾക്കെതിരായ അമേരിക്കൻ, ബ്രിട്ടീഷ് സൈനിക നടപടികളുടെയും പശ്ചാത്തലത്തിൽ ചെങ്കടൽ വഴിയുള്ള എണ്ണ, ഗ്യാസ് കയറ്റുമതി ഖത്തർ പെട്രോളിയം നിർത്തിവെച്ചു. ചെങ്കടൽ വഴിയുള്ള കയറ്റുമതി സുരക്ഷിതമല്ലാത്തതിനാൽ ഖത്തറിൽ നിന്നുള്ള ഗ്യാസ്, എണ്ണ ലോഡുകൾ ഗുഡ്ഹോപ്പ് മുനമ്പ് വഴി കയറ്റി അയക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. കഴിഞ്ഞ വാരാന്ത്യത്തിൽ നാലു ഗ്യാസ് ടാങ്കറുകൾ ചെങ്കടലിലൂടെ കടന്നുപോകുന്നത് ഖത്തർ എനർജി നിർത്തിവെച്ചു. ഖത്തറിലെ റാസ് ലഫാനിൽ നിന്ന് ഗ്യാസ് കയറ്റിയ അൽഗാരിയ, അൽഹുവൈല, അൽനുഅ്മാൻ എന്നീ ടാങ്കറുകൾ സൂയസ് കനാലിലേക്ക് നീങ്ങേണ്ടതായിരുന്നു. എന്നാൽ ഇവ ജനുവരി 14 ന് ഒമാൻ തീരത്ത് നിർത്തിയിട്ടു. അൽറുകയാത്ത് ഗ്യാസ് ടാങ്കർ ജനുവരി 13 ന് ചെങ്കടലിലും നിർത്തിയിട്ടു.
ഖത്തറിൽ നിന്നുള്ള ദ്രവീകൃത പ്രകൃതി വാതകം വഹിച്ച അഞ്ചിൽ കുറയാത്ത ടാങ്കറുകൾ ചെങ്കടലിന്റെ തെക്കേയറ്റത്തെ സമുദ്ര പാത ലക്ഷ്യമാക്കി നീക്കം തുടങ്ങിയിരുന്നെങ്കിലും വെള്ളിയാഴ്ച മുതൽ ഇവ ചെങ്കടലിലൂടെ കടന്നുപോകുന്നത് നിർത്തിവെച്ചതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. മൂന്നു ടാങ്കറുകൾ താൽക്കാലികമായി നിർത്തിയിട്ടിട്ടുണ്ട്. ഇതിൽ ഒന്ന് ചെങ്കടലിലും മറ്റു രണ്ടെണ്ണം സൂയസ് കനാലിനു സമീപം മധ്യധരണ്യാഴിയിലുമാണ് നിർത്തിയിട്ടിരിക്കുന്നതെന്നും ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.