ജിദ്ദ : സൗദി അറേബ്യയിൽ ഡിസംബറിൽ പണപ്പെരുപ്പം 1.5 ശതമാനമായി കുറഞ്ഞതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു. നവംബറിൽ പണപ്പെരുപ്പം 1.7 ശതമാനമായിരുന്നു. 23 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പണപ്പെരുപ്പമാണ് ഡിസംബറിലെത്. ഇതിനു മുമ്പ് 2022 ജനുവരിയിൽ പണപ്പെരുപ്പം 1.2 ശതമാനമായിരുന്നു. റഷ്യ-ഉക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ലോകം അഭിമുഖീകരിക്കുന്ന ഉയർന്ന പണപ്പെരുപ്പം നിയന്ത്രണ വിധേയമാക്കാൻ സൗദി ഗവൺമെന്റ് സ്വീകരിക്കുന്ന നടപടികൾ വിജയകരമാണെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്.
പാർപ്പിട വാടക ഉയർന്നതാണ് ഡിസംബറിൽ പണപ്പെരുപ്പം 1.5 ശതമാനമാവാൻ പ്രധാന കാരണം. തുടർച്ചയായി 22-ാം മാസമാണ് സൗദിയിൽ പാർപ്പിട വാടക ഉയരുന്നത്. ഇതിനു മുമ്പ് തുടർച്ചയായി 61 മാസം പാർപ്പിട വാടക കുറഞ്ഞിരുന്നു. ഡിസംബറിൽ പാർപ്പിട വാടക ഒമ്പതു ശതമാനം തോതിലാണ് വർധിച്ചത്. ആറു മാസത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ പാർപ്പിട വാടക വർധനയാണിത്. ഫഌറ്റ് വാടക 12.1 ശതമാനം തോതിൽ ഉയർന്നതാണ് കഴിഞ്ഞ മാസം പാർപ്പിട വാടകയിൽ പ്രതിഫലിച്ചത്.
പാലിന്റെയും പാലുൽപന്നങ്ങളുടെയും വില 4.1 ശതമാനം വർധിച്ചതിന്റെ ഫലമായി കഴിഞ്ഞ മാസം പണപ്പരുപ്പം കണക്കാൻ അവലംബിക്കുന്ന ഭക്ഷ്യ, പാനീയ വിഭാഗത്തിൽ നിരക്കുകൾ 1.2 ശതമാനം തോതിൽ വർധിച്ചു. ഹോട്ടൽ, റെസ്റ്റോറന്റ് വിഭാഗത്തിൽ 2.5 ശതമാനവും, വിദ്യാഭ്യാസ വിഭാഗത്തിൽ 0.8 ശതമാനവും, വിനോദ, സാംസ്കാരിക വിഭാഗത്തിൽ ഒരു ശതമാനവും കഴിഞ്ഞ മാസം നിരക്കുകൾ ഉയർന്നു. ഫർണിച്ചർ വിഭാഗത്തിൽ 3.2, വസ്ത്ര, പാദരക്ഷ വിഭാഗത്തിൽ 4.2, ഗതാഗത വിഭാഗത്തിൽ 1.3 എന്നിങ്ങനെയും നിരക്കുകൾ കുറഞ്ഞു.
കഴിഞ്ഞ കൊല്ലം സൗദിയിൽ ശരാശരി പണപ്പെരുപ്പം 2.3 ശതമാനമായിരുന്നു. 2022 ൽ 2.5 ശതമാനവും. 2023 ൽ പണപ്പെരുപ്പം 2.6 ശതമാനമാകുമെന്നാണ് സർക്കാർ നേരത്തെ പ്രതീക്ഷിച്ചിരുന്നത്. ഇതിലും കുറവായിരുന്നു പണപ്പെരുപ്പം. ഈ വർഷം 2.4 ഉം അടുത്ത വർഷം 2.1 ഉം 2026 ൽ 1.9 ശതമാനവുമാകും പണപ്പെരുപ്പമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു. പണപ്പെടുപ്പം നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് പെട്രോളിയം ഉൽപന്നങ്ങളുടെ വിലക്ക് പരമാവധി പരിധി നിശ്ചയിക്കൽ അടക്കമുള്ള ഏതാനും മുൻകരുതൽ നടപടികൾ സൗദി അറേബ്യ സ്വീകരിച്ചിരുന്നു. സൗദിയിൽ ഈ കൊല്ലം പണപ്പെരുപ്പം 2.3 ശതമാനമാകുമെന്ന് അന്താരാഷ്ട്ര നാണയനിധി പ്രതീക്ഷ പ്രകടിപ്പിച്ചു.
അതേസമയം, ഈ വർഷം മധ്യത്തോടെ സൗദിയിൽ പണപ്പെരുപ്പം ഒരു ശതമാനമായി കുറമെന്ന് പ്രതീക്ഷിക്കുന്നതായി കാപ്പിറ്റൽ ഇക്കണോമിക്സ് റിപ്പോർട്ട് പറഞ്ഞു. ഈ കൊല്ലം രണ്ടാം പകുതിയിൽ പണപ്പെരുപ്പം നേരിയ തോതിൽ ഉയരാൻ സാധ്യതയുണ്ടെങ്കിലും അത് താൽക്കാലികമായിരിക്കും. അടുത്ത വർഷാദ്യത്തോടെ പണപ്പെരുപ്പം വീണ്ടും മന്ദഗതിയിലാകും.
കഴിഞ്ഞ ഒക്ടോബറിൽ 1.6 ശതമാനവും, ഓഗസ്റ്റിൽ രണ്ടു ശതമാനവും, ജൂലൈയിൽ 2.3 ഉം ജൂണിൽ 2.7 ഉം ശതമാനമായിരുന്നു പണപ്പെരുപ്പം. 2023 ജനുവരിയിൽ പണപ്പെരുപ്പം 3.2 ശതമാനമായിരുന്നു.