അബുദാബി : എയര്‍പോര്‍ട്ട് ടു എയര്‍പോര്‍ട്ട് സ്റ്റാറ്റസ് മാറ്റല്‍ (എ ടു എ) സേവനത്തിലൂടെ യു.എ.ഇ സന്ദര്‍ശക വിസ നീട്ടാന്‍ ചെലവേറും. മുമ്പത്തെ നിരക്കുകളെ അപേക്ഷിച്ച് 20 ശതമാനം വരെ ഇപ്പോള്‍ അധികമായി നല്‍കേണ്ടിവരുമെന്ന് ട്രാവല്‍ രംഗത്തുള്ളവര്‍ വെളിപ്പെടുത്തി.
അപേക്ഷകന്റെ മാതൃരാജ്യത്തേക്ക് മടങ്ങുന്നതിനുപകരം അടുത്തുള്ള രാജ്യം സന്ദര്‍ശിച്ച് പുതിയ ടൂറിസ്റ്റ് വിസ വേഗത്തില്‍ നേടുന്നതിന് അനുവദിക്കുന്ന രീതിയാണ് എയര്‍പോര്‍ട്ട് ടു എയര്‍പോര്‍ട്ട് വിസ മാറ്റം.
‘സന്ദര്‍ശകര്‍ രാജ്യത്തിന് പുറത്തേക്ക് പറക്കുകയും മടങ്ങുകയും ചെയ്യുന്ന എയര്‍ലൈന്‍ വിമാന നിരക്ക് ഏകദേശം 125 ദിര്‍ഹം വര്‍ധിപ്പിച്ചിട്ടുണ്ട്. തണുപ്പുള്ള മാസങ്ങളില്‍ രാജ്യത്ത് തങ്ങാന്‍ സന്ദര്‍ശകര്‍ക്കിടയില്‍ വന്‍തോതിലുള്ള ഡിമാന്‍ഡാണ് പാക്കേജിലെ വര്‍ധനവിന് മറ്റൊരു ഘടകമെന്ന് റെഹാന് അല്‍ ജസീറ ടൂറിസം മാനേജിംഗ് ഡയറക്ടര്‍ ഷിഹാബ് പര്‍വാദ് പറഞ്ഞു.
എ ടു എ രീതിയില്‍ സന്ദര്‍ശകര്‍ക്ക് ഒരേ ദിവസം തന്നെ വിസ മാറ്റം ലഭിക്കും. അല്ലെങ്കില്‍ അവര്‍ക്ക് അയല്‍രാജ്യത്ത് ഒരു രാത്രി ചെലവഴിച്ച് അടുത്ത ദിവസം മടങ്ങാം. ഒറ്റ ദിവസം കൊണ്ട് മാറണമെങ്കില്‍ സാധാരണയായി ഏകദേശം നാല് മണിക്കൂര്‍ ആവശ്യമാണ്. അയല്‍രാജ്യത്തെ വിമാനത്താവളത്തില്‍ കാത്തിരുന്ന് അടുത്ത വിമാനത്തില്‍ മടങ്ങാം.
2023 അവസാന പാദത്തില്‍ 90 ദിവസത്തെ വിസ യു.എ.ഇ അധികൃതര്‍ റദ്ദാക്കിയിരുന്നു. ഇതോടെ സന്ദര്‍ശകര്‍ക്കിടയില്‍ 60 ദിവസത്തെ വിസക്കുള്ള ആവശ്യം വര്‍ധിച്ചു. 60 ദിവസത്തെ വിസയുടെ നിരക്ക് 1,300 ദിര്‍ഹത്തിലായിരുന്നു. ഇപ്പോള്‍ നിരക്ക് 1,500 ദിര്‍ഹമായതായി ‘റൂഹ് ട്രാവല്‍ ആന്‍ഡ് ടൂറിസം എല്‍എല്‍സിയുടെ ഓപ്പറേഷന്‍സ് ആന്‍ഡ് സെയില്‍സ് മേധാവി ലിബിന് വര്‍ഗീസ് പറഞ്ഞു.
2022 ഡിസംബറില്‍, വിസിറ്റ് വിസ ഉടമകള്‍ക്ക് രാജ്യത്തിനകത്ത് നിന്ന് താമസാനുമതി നീട്ടാനുള്ള ഓപ്ഷന് യു.എ.ഇ നിര്‍ത്തലാക്കി. പുതിയ വിസയില്‍ കിട്ടുന്നതിന് വിസിറ്റ് വിസയുള്ളവര്‍ക്ക് രാജ്യം വിടേണ്ടി വന്നു.
30 ദിവസത്തെ വിസ മാറ്റത്തിനുള്ള നിരക്കും 1,200 ദിര്‍ഹത്തില്‍നിന്ന് 1,300 ദിര്‍ഹമായി വര്‍ധിച്ചതായി ഈ രംഗത്തെ വിദഗ്ധര്‍ പറഞ്ഞു.
’60 ദിവസത്തെ വിസ നീട്ടുന്നതിനുള്ള ഡിമാന്റ് വളരെ ഉയര്‍ന്നതാണ്. ഞങ്ങളുടെ ക്വാട്ട മിക്ക ദിവസങ്ങളിലും വിറ്റുതീര്‍ന്നു, സീറ്റുകള്‍ ലഭിക്കാന്‍ ഞങ്ങള്‍ക്ക് ബുദ്ധിമുട്ടാണ് -പര്‍വാദ് പറഞ്ഞു.