റിയാദ് : സൗദിയില്‍ 9.375 ട്രില്യണ്‍ റിയാല്‍ മൂല്യം കണക്കാക്കുന്ന ഉപയോഗപ്പെടുത്താത്ത ധാതുവിഭവ സമ്പത്തുള്ളതായി വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദര്‍ അല്‍ഖുറൈഫ് പറഞ്ഞു. ഫോസ്‌ഫേറ്റ്, സ്വര്‍ണം, അപൂര്‍വ ലോഹങ്ങള്‍ എന്നിവയുടെ ഉപയോഗപ്പെടുത്താത്ത വന്‍ ശേഖരങ്ങള്‍ രാജ്യത്തുണ്ടെന്ന് മൂന്നാമത് ഫ്യൂച്ചര്‍ മിനറല്‍സ് ഫോറത്തില്‍ വ്യവസായ, ധാതുവിഭവ മന്ത്രി പറഞ്ഞു. 2.5 ട്രില്യണ്‍ ഡോളറിന്റെ ധാതുവിഭവ ശേഖരം സൗദിയിലുള്ളതായാണ് കണക്കാക്കുന്നത്. പുതിയ പര്യവേക്ഷണങ്ങളുടെയും സര്‍വേകളുടെയും ഫലമായി രാജ്യത്തുള്ള ധാതുവിഭവ ശേഖരങ്ങളുടെ മൂല്യവുമായി ബന്ധപ്പെട്ട കണക്കുകള്‍ പരിഷ്‌കരിച്ചിട്ടുണ്ട്. രാജ്യത്ത് അഞ്ചു ട്രില്യണ്‍ റിയാലിന്റെ (1.3 ട്രില്യണ്‍ ഡോളര്‍) ധാതുവിഭവ ശേഖരങ്ങളുണ്ടെന്നാണ് 2016 ല്‍ കണക്കാക്കിയിരുന്നത്.
ധാതുവിഭവ ശേഖരങ്ങള്‍ ഇപ്പോള്‍ 90 ശതമാനം വര്‍ധിച്ചിരിക്കുന്നു. ഇതില്‍ പത്തു ശതമാനം ഇലക്ട്രിക് കാര്‍ വ്യവസായത്തിനും നൂതന സാങ്കേതിക ഉല്‍പന്നങ്ങള്‍ക്കും ആവശ്യമായ അപൂര്‍വ ധാതുക്കളാണ്. ഈ വര്‍ഷം ധാതുവിഭവ പര്യവേക്ഷണത്തിനുള്ള 30 ലൈസന്‍സുകള്‍ അന്താരാഷ്ട്ര നിക്ഷേപകര്‍ക്ക് നല്‍കാന്‍ സൗദി അറേബ്യ ആലോചിക്കുന്നു. ഓരോ പര്യവേക്ഷണ ലൈസന്‍സിലും 2000 ചതുരശ്ര കിലോമീറ്ററിലേറെ വിസ്തൃതിയുള്ള സ്ഥലം അനുവദിക്കാന്‍ വ്യവസായ, ധാതുവിഭവ മന്ത്രാലയത്തിന് അധികാരം നല്‍കുന്ന പുതിയ നിയമാവലി വൈകാതെ പ്രഖ്യാപിക്കും. ഫ്യൂച്ചര്‍ മിനറല്‍സ് ഫോറം ലോകത്ത് ഖനന വ്യവസായ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട പ്ലാറ്റ്‌ഫോം ആയി മാറിയിരിക്കുന്നു. ഫോറത്തിനിടെ 7500 കോടി റിയാലിന്റെ കരാറുകള്‍ ഒപ്പുവെക്കുമെന്നും ബന്ദര്‍ അല്‍ഖുറൈഫ് പറഞ്ഞു.
റിയാദ് കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് സെന്ററിലാണ് മൂന്നാമത് ഫ്യൂച്ചര്‍ മിനറല്‍സ് ഫോറം നടക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഖനന മന്ത്രിമാരും മുന്‍നിര വ്യവസായികളും വന്‍കിട ഖനന കമ്പനികളുടെ സി.ഇ.ഒമാരും ദ്വിദിന ഫോറത്തില്‍ പങ്കെടുക്കുന്നുണ്ട്. ഫോറത്തിനിടെ ഇന്നലെ ഖനന മേഖലാ സഹകരണത്തിന് ഈജിപ്ത്, മൊറോക്കൊ, റഷ്യ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എന്നീ നാലു രാജ്യങ്ങളുമായി സൗദി വ്യവസായ, ധാതുവിഭവ മന്ത്രാലയം ധാരണാപത്രങ്ങള്‍ ഒപ്പുവെച്ചു. സൗദി വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദര്‍ അല്‍ഖുറൈഫും നാലു രാജ്യങ്ങളിലെയും ബന്ധപ്പെട്ട മന്ത്രിമാരുമാണ് ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചത്.