ജിദ്ദ : ഒമ്പതു രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകരുടെ ബയോമെട്രിക് വിവരങ്ങൾ മൊബൈൽ ഫോൺ വഴി ശേഖരിക്കുന്ന പദ്ധതി നടപ്പാക്കുന്നതായി ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി ഡോ. അബ്ദുൽഫത്താഹ് മുശാത്ത് പറഞ്ഞു. ലോകത്തു തന്നെ ആദ്യമായാണ് ഇത്തരമൊരു പരീക്ഷണം നടപ്പാക്കുന്നത്. മൊബൈൽ ഫോണിലെ ആപ് തുറന്നാലുടൻ വിരലുകൾ സ്ക്രീനിൽ വെച്ചാൽ വിരലടയാളങ്ങൾ രജിസ്റ്റർ ചെയ്ത് സ്ഥിരീകരിക്കും. ഇതിനു ശേഷം വിസ ഇഷ്യൂ ചെയ്യാൻ സാധിക്കും.
ഹജ്, ഉംറ മേഖലയുമായി ബന്ധപ്പെട്ട് വിദേശ രാജ്യങ്ങളുമായി ഹജ്, ഉംറ മന്ത്രാലയം രാഷ്ട്രീയ ഏകോപനം നടത്തുകയും അടിസ്ഥാന വ്യവസ്ഥകളും നിയമങ്ങളും ഓരോ രാജ്യത്തിനും കൈമാറുകയും ചെയ്യുന്നു. അതിനു ശേഷം തീർഥാടകരുടെ സുഗമമായ വരവും സേവനങ്ങളുടെ സുഗമവും ഉറപ്പാക്കുന്ന കരാറുകൾ ഹജ് മിഷൻ മേധാവികൾ മുഖേന ഒപ്പുവെക്കുകയാണ് ചെയ്യേണ്ടത്. 2030 ഓടെ പ്രതിവർഷം മൂന്നു കോടി വിദേശ ഉംറ തീർഥാടകരെയാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നതെന്നും ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി ഡോ. അബ്ദുൽഫത്താഹ് മുശാത്ത് പറഞ്ഞു.
കഴിഞ്ഞ ഡിസംബറിൽ ആരംഭിച്ച കെ.എസ്.എ വിസ പ്ലാറ്റ്ഫോം വിദേശങ്ങളിലെ സൗദി എംബസികൾ സന്ദർശിക്കേണ്ടതില്ലാതെ ഓൺലൈൻ ആയി ഹജ് വിസ ലഭിക്കാൻ ഹജ് തീർഥാടകരെ സഹായിക്കുമെന്ന് ഡെപ്യൂട്ടി വിദേശ മന്ത്രി എൻജിനീയർ വലീദ് അൽഖുറൈജി പറഞ്ഞു. സുരക്ഷാ, ആരോഗ്യ വെല്ലുവിളികൾ നേരിടാൻ ഇ-വിസ ഇഷ്യൂ ചെയ്യുന്നത് സഹായിക്കുമെന്നും ഡെപ്യൂട്ടി വിദേശ മന്ത്രി പറഞ്ഞു.
വർഷം മുഴുവൻ താമസക്കാരില്ലാത്ത പുണ്യസ്ഥലങ്ങളിൽ തെരുവ് മൃഗങ്ങളെയും കീടങ്ങളെയും ചെറുക്കാൻ മക്ക നഗരസഭ ശ്രമിക്കുന്നതായി മക്ക മേയർ മുസാഅദ് അൽദാവൂദ് പറഞ്ഞു. ഹജ് സീസൺ ആരംഭിക്കുന്നതിനു മുമ്പ്, പുണ്യസ്ഥലങ്ങളിലെ 1,60,000 ലേറെ തമ്പുകളിലും 90,000 ലേറെ ടോയ്ലറ്റുകളിലും മറ്റു സൗകര്യങ്ങളിലും തെരുവ് മൃഗങ്ങളെയും കീടങ്ങളെയും ചെറുക്കാൻ അണുനശീകരണികൾ തളിക്കുന്നതായും മേയർ പറഞ്ഞു.