റിയാദ് : സൗദി അറേബ്യ നാളെ(ബുധന്‍) ഒരു ശുഭ വാര്‍ത്ത പ്രഖ്യാപിക്കുമെന്ന് സൂചന നല്കി വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദര്‍ അല്‍ഖുറയ്ഫ്. സൗദി അറേബ്യയുടെ ധാതു സമ്പത്തിന്റെ മൂല്യത്തെക്കുറിച്ചുള്ള നല്ല വാര്‍ത്ത നാളെ ഫ്യൂച്ചര്‍ മിനറല്‍ ഫോറത്തില്‍ (എഫ്എംഎഫ്) പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ധാതുസമ്പത്ത് അഞ്ച് ട്രില്യന്‍ റിയാല്‍ (1.3 ട്രില്യണ്‍) വരുന്ന 2016 ലെ കണക്കാണ് നാളെ അപ്ഡേറ്റ് ചെയ്യാന്‍ പോകുന്നതെന്ന് മിനറല്‍ ഫോറത്തിനിടെ അല്‍ഖുറയ്ഫ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ആഗോള സ്ഥാപനങ്ങള്‍ അവലോകനം ചെയ്ത് കൃത്യമെന്ന് സമ്മതിച്ച പുതിയ കണക്കാണ് പുറത്തുവിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഖനന മേഖലക്ക് നിരവധി ലക്ഷ്യങ്ങളുണ്ട്. ഭൗമശാസ്ത്ര സര്‍വേയും ഖനന സമ്പത്തിനെക്കുറിച്ചുള്ള കൂടുതല്‍ അറിവും രാജ്യത്തിന്റെ സുപ്രധാന കാര്യമാണെന്നും രാജ്യം ശരിയായ പാതയിലാണെന്നും അദ്ദേഹം പറഞ്ഞു. ഖനന മേഖലയെ സൗദി അറേബ്യയിലെ വ്യവസായങ്ങളുടെ പ്രധാന ഭാഗമാക്കി മാറ്റും. പുതിയ ഖനന നിക്ഷേപ നിയമം പുറപ്പെടുവിച്ചതിന് ശേഷം
വിദേശ കമ്പനികളില്‍ നിന്ന് വലിയ ഡിമാന്‍ഡുണ്ട്. സുതാര്യത, വ്യക്തത, ആവശ്യമായ ലൈസന്‍സുകള്‍ നേടുന്നതിനുള്ള വേഗത എന്നിവയുടെ കാര്യത്തില്‍ മുന്‍നിരയിലാണ് രാജ്യം. ഖനന നിക്ഷേപ നിയമത്തില്‍ അനുശാസിക്കുന്ന നികുതികള്‍ ലോകത്തിലെ ഏറ്റവും കറഞ്ഞതാണെന്നത് കൂടുതല്‍ ആകര്‍ഷകമാക്കുന്നു.