ജിദ്ദ : വിദേശങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകരുടെ എണ്ണത്തിൽ കഴിഞ്ഞ കൊല്ലം സർവകാല റെക്കോർഡ് സ്ഥാപിച്ചതായി ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ പറഞ്ഞു. കഴിഞ്ഞ കൊല്ലം വിദേശങ്ങളിൽ നിന്ന് 1.35 കോടിയിലേറെ ഉംറ തീർഥാടകരെത്തിയതായി ജിദ്ദ സൂപ്പർഡോമിൽ നടക്കുന്ന മൂന്നാമത് ഹജ്, ഉംറ സേവന സമ്മേളന, എക്സിബിഷനിൽ ഹജ്, ഉംറ മന്ത്രി പറഞ്ഞു. ഇതിനു മുമ്പ് വിദേശ തീർഥാടകരുടെ എണ്ണം ഏറ്റവും ഉയർന്നത് 2019 ൽ ആയിരുന്നു. 2019 ൽ 85.5 ലക്ഷം തീർഥാടകരാണ് വിദേശങ്ങളിൽ നിന്ന് എത്തിയത്. ഇതിനെ അപേക്ഷിച്ച് കഴിഞ്ഞ വർഷം തീർഥാടകരുടെ എണ്ണം 58 ശതമാനം തോതിൽ വർധിച്ചു. കഴിഞ്ഞ കൊല്ലം തീർഥാടകരുടെ എണ്ണം 1.355 കോടിയായി ഉയർന്നു. 2019 നെ അപേക്ഷിച്ച് 2023 ൽ തീർഥാടകരുടെ എണ്ണത്തിൽ 50 ലക്ഷം പേരുടെ വർധന രേഖപ്പെടുത്തി. വിസാ നടപടികൾ എളുപ്പമാക്കിയത് അടക്കമുള്ള ഇളവുകളുടെയും സൗകര്യങ്ങളുടെയും ഫലമായാണ് വിദേശ തീർഥാടകരുടെ എണ്ണം വലിയ തോതിൽ വർധിച്ചത്.
തീർഥാടകരുടെ അനുഭവം സമ്പന്നമാക്കാൻ ലക്ഷ്യമിട്ട് ചരിത്ര കേന്ദ്രങ്ങളിൽ വികസന, പുനരുദ്ധാരണ പദ്ധതികൾ നടപ്പാക്കിവരികയാണ്. ഇതുവരെ പത്തു പുതിയ ചരിത്ര കേന്ദ്രങ്ങളിലും പതിനെട്ടു മറ്റു കേന്ദ്രങ്ങളിലും വികസന, പുനരുദ്ധാരണ ജോലികൾ പൂർത്തിയാക്കി. പന്ത്രണ്ടു ചരിത്ര കേന്ദ്രങ്ങളിൽ നിലവിൽ വികസന പദ്ധതികൾ നടപ്പാക്കിവരികയാണ്.
സൗദി വിമാന കമ്പനികളിലെ യാത്രക്കാരെ ലക്ഷ്യമിട്ട് ട്രാൻസിറ്റ് വിസ ആരംഭിച്ചിട്ടുണ്ട്. സൗദിയിലൂടെ ട്രാൻസിറ്റ് ആയി കടന്നുപോകുന്ന ഏതു യാത്രക്കാർക്കും ടിക്കറ്റും ട്രാൻസിറ്റ് വിസയും ഓൺലൈൻ ആയി എളുപ്പത്തിൽ നേടാൻ സാധിക്കും. ട്രാൻസിറ്റ് വിസയിൽ നാലു ദിവസം സൗദിയിൽ തങ്ങാൻ കഴിയും. ഇതിനിടെ ഉംറ കർമം നിർവഹിക്കാനും മസ്ജിദുന്നബവി സിയാറത്ത് നടത്താനും സാധിക്കും.
ഈ വർഷത്തെ ഹജിന് 35 കമ്പനികൾ സേവനങ്ങൾ നൽകും. കഴിഞ്ഞ കൊല്ലത്തെ ഹജിന് 20 കമ്പനികളാണ് തീർഥാടകർക്ക് സേവനങ്ങൾ നൽകിയത്. അതിനും മുമ്പ് ആറു കമ്പനികളാണ് ഹജ് സേവന മേഖലയിൽ പ്രവർത്തിച്ചിരുന്നത്. ഹജ്, ഉംറ തീർഥാടകരുടെ സൗകര്യം മാനിച്ചും തീർഥാടകരുടെ യാത്ര എളുപ്പമാക്കാൻ ശ്രമിച്ചും ജിദ്ദയിലേക്കും മദീനയിലേക്കും ഡയറക്ട് വിമാന സർവീസുകളുള്ള വിദേശ നഗരങ്ങളുടെ എണ്ണം കഴിഞ്ഞ കൊല്ലം 164 ൽ നിന്ന് 216 ആയി ഉയർത്തിയിട്ടുണ്ട്. നേരിട്ട് സർവീസുകളുള്ള വിദേശ നഗരങ്ങളുടെ എണ്ണം ഒരു വർഷത്തിനിടെ 32 ശതമാനം തോതിൽ വർധിച്ചു. ഹജ്, ഉംറ സേവന മേഖലയിൽ 44,000 ലേറെ പേർക്ക് പരിശീലനങ്ങൾ നൽകിയിട്ടുണ്ട്. ഈ വർഷം 1,20,000 ലേറെ പേർക്ക് പരിശീലനം നൽകാനാണ് ശ്രമം.
പുണ്യസ്ഥലങ്ങളിൽ നിരവധി പശ്ചാത്തല വികസന പദ്ധതികൾ മന്ത്രാലയം നടപ്പാക്കുന്നുണ്ട്. 500 കോടിയിലേറെ റിയാലിന്റെ പശ്ചാത്തല വികസന പദ്ധതികളാണ് നടപ്പാക്കുന്നത്. കാലാവസ്ഥാ വെല്ലുവിളികൾക്ക് പരിഹാരം കാണാൻ ശ്രമിച്ച് പുണ്യസ്ഥലങ്ങളിൽ ഒന്നര ലക്ഷത്തിലേറെ പുതിയ എയർ കണ്ടീഷനറുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഡോ. തൗഫീഖ് അൽറബീഅ പറഞ്ഞു.