റിയാദ് : ജിസാനിലെ ഫര്സാന് ദ്വീപ് തീരത്ത് രണ്ട് ഭീമന് കൊലയാളി തിമിംഗലങ്ങളെ കണ്ടെത്തിയതായി വന്യജീവി സംരക്ഷണ വകുപ്പ് അറിയിച്ചു. കില്ലര്‍ തിമിംഗലം എന്നറിയപ്പെടുന്ന ഓര്‍ക്കാ ഇനത്തില്‍ പെട്ടവയാണിതെന്നും സമുദ്ര ആവാസ വ്യവസ്ഥയുടെ സംരക്ഷണത്തില്‍ ഇവക്ക് പ്രാധാന്യമേറെയുണ്ടെന്നും വകുപ്പ് വ്യക്തമാക്കി.
നീലത്തിമിംഗലവും കൂനന്‍ തിമിംഗലവും ഉള്‍പ്പെടുന്ന ബ്ലാക്ക് തിമിംഗല വര്‍ഗത്തില്‍ പെടുന്നവയാണിത്. ശക്തമായ പേശികളുള്ക്കൊള്ള ശരീരഘടനയുള്ള ഈ സസ്തനികള്‍ സമുദ്രത്തിലെ വേട്ടക്കാരാണ്. വൈരുധ്യ നിറങ്ങളാണ് ഓര്ക്കായുടെ സവിശേഷത. പിന്‍ഭാഗവും മുകള്‍ഭാഗവും കറുപ്പും വയറും താഴത്തെ വശവും വെളുത്തതുമാണ്. കൂറ്റന്‍ തലയും മൂര്‍ച്ചയുള്ളതും മാരകവുമായ പല്ലുകളും ശക്തമായ താടിയെല്ലുകളും ഇതിനെ വ്യത്യസ്തമാക്കുന്നു. പരമാവധി ഒമ്പത് മീറ്റര്‍ വരെ നീളം വരും. തണുത്തതും മിതശീതോഷ്ണവുമായ സമുദ്രങ്ങളിലാണ് ഓര്‍ക്കകള്‍ ജീവിക്കുന്നത്. മത്സ്യങ്ങള്‍, ചെറിയ തിമിംഗലങ്ങള്‍, നീരാളികള്‍ എന്നിവയെ ഭക്ഷിക്കുന്ന ഇവ സാമൂഹിക ജീവികളായാണ്്. എപ്പോഴും കൂട്ടങ്ങളായാണ് കാണപ്പെടുക. ശബ്ദങ്ങളും ചലനങ്ങളും ഉപയോഗിച്ച് സങ്കീര്‍ണ്ണമായ ആശയവിനിമയം ഇവയുടെ സവിശേഷതയാണ്.
ഏറ്റവും പ്രശസ്തമായ തിമിംഗലങ്ങളില്‍ ഒന്നാണ് ഓര്‍ക്കാ. ജലത്തിന്റെ ഉപരിതലത്തിലൂടെ ചാടാനും അതിശയകരമായ ചലനങ്ങള്‍ നടത്താനുമുള്ള കഴിവുണ്ട് ഇവക്ക്. സമുദ്ര മലിനീകരണവും അനധികൃത മത്സ്യബന്ധനവും ഉള്‍പ്പെടെയുള്ള ഭീഷണി ഇവ നേരിടുന്നു. ഇത്തരത്തിലുള്ള തിമിംഗലങ്ങളെ സംരക്ഷിക്കാനും അതിന്റെ സ്വാഭാവിക പരിസ്ഥിതി സംരക്ഷിക്കാനും നിരവധി സംഘടനകളും സര്‍ക്കാരുകളും പ്രവര്‍ത്തിക്കുന്നു.