ഹായിൽ : ഹായിൽ പ്രവിശ്യയിലെ മലനിരകളും മരുഭൂമിയും പ്രകൃതിയുടെ വരദാനമായി ലഭിച്ച കലാവിരുതുകളുടെ സംഗമ കേന്ദ്രങ്ങളാണ്. സന്ദർശകരുടെ മനസിലുടക്കുന്ന നിരവധി മരുപ്പച്ചയും ജലാശയവും ശിലാരൂപങ്ങളും പുരാതന സമൂഹങ്ങളുടെ വാസ സ്ഥലങ്ങളും പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിലായുണ്ട്. അജാ പർവ്വത നിരകളിൽ സ്ഥിതി ചെയ്യുന്ന സബാബ ജലാശയം ഒറ്റനോട്ടത്തിൽ കണ്ടാൽ മലയും സമീപത്തുള്ള അരുവിയും ഏതോ ചിത്രകാരന്റെ കാൻവാസിലെ പെയിന്റിംഗ് ആണെന്ന് തോന്നും.
ഹായിൽ നഗരത്തിനു പടിഞ്ഞാറായാണ് പ്രസിദ്ധമായ അജാ പർവ്വത നിര സ്ഥിതിചെയ്യുന്നത്. ഇതിനു മുകളിൽ സമുദ്ര നിരപ്പിൽ നിന്ന് 1245 മീറ്റർ ഉയരത്തിലാണ് സബാബ ജലാശയം. ഈത്തപ്പനകളും അക്കേഷ്യ മരങ്ങളും അർഫജും മറ്റു കാട്ടുചെടികളും സമൃദ്ധമായി വളർന്നു നിൽക്കുന്ന സമതല പ്രദേശത്തേക്കാണ് സന്ദർശകർ ആദ്യമെത്തുന്നത്. വർഷം മുഴുവൻ ജലലഭ്യതയുള്ള ഇവിടെ നിന്നൊഴുകുന്ന കാട്ടരുവിയും അതിൽ നിന്നു രൂപപ്പെട്ടിരിക്കുന്ന ചെറുതടാകങ്ങളും നിരവധി പക്ഷി വർഗങ്ങളുടെയും മൃഗങ്ങളുടെയും വാസസ്ഥലങ്ങളാണ്. രാജ്യത്തിനകത്തും പുറത്തു നിന്നുമായി നൂറുകണക്കിന് സന്ദർശകരും പ്രകൃതി സ്നേഹികളുമാണ് ദിനേന ഇവിടെയെത്തുന്നത്.