റിയാദ് : സന്ദർശകർ വൻതോതിൽ ഒഴുകിയെത്തിയതോടെ തിരക്ക് നിയന്ത്രിക്കാൻ റിയാദ് സീസണിലെ ബുളവാഡ് സിറ്റി ഏരിയ വെള്ളിയാഴ്ച രാത്രി അടച്ചു. റിയാദ് സീസണിലെ ഏറ്റവും വലിയ വിനോദ ഏരിയയായ ബുളവാഡ് സിറ്റിയിൽ വെള്ളിയാഴ്ച രണ്ടു ലക്ഷത്തിലേറെ സന്ദർശകരാണ് എത്തിയത്. ആദ്യമായാണ് ബുളവാർഡ് സിറ്റിയിൽ ഒരു ദിവസത്തിനിടെ സന്ദർശകർ രണ്ടു ലക്ഷം കവിയുന്നത്. അനിയന്ത്രിതമായി സന്ദർശകരുടെ എണ്ണം ഉയർന്നതോടെയാണ് ബുളവാഡ് സിറ്റി അടക്കാൻ തീരുമാനിച്ചതായും കൂടുതൽ സന്ദർശകരെ സ്വീകരിക്കുന്നത് നിർത്തിവെക്കുന്നതായും ജനറൽ എന്റർടെയ്ൻമെന്റ് അതോറിറ്റി പ്രസിഡന്റ് തുർക്കി ആലുശൈഖ് അറിയിച്ചത്. ഇന്നലെ വൈകിട്ട് നാലു മണിക്ക് ബുളവാഡ് സിറ്റി ഏരിയ വീണ്ടും തുറന്നു. വൈകിട്ട് നാലു മുതൽ പുലർച്ചെ രണ്ടു വരെയാണ് ഇവിടെ സന്ദർശകരെ സ്വീകരിക്കുന്നത്. നാലാമത് റിയാദ് സീസൺ സന്ദർശകർ ഇതിനകം 1.2 കോടി കവിഞ്ഞിട്ടുണ്ട്. ബിഗ് ടൈം എന്ന ശീർഷകത്തിലാണ് ഇത്തവണ റിയാദ് സീസൺ പരിപാടികൾ നടക്കുന്നത്.