ജിദ്ദ : കഴിഞ്ഞ ഡിസംബറിൽ പൊതുഗതാഗത അതോറിറ്റി ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് ഗതാഗത മേഖലയിൽ രണ്ടര ലക്ഷത്തോളം പരിശോധനകൾ നടത്തി. ടാക്‌സികളും ബസുകളും ലോറികളും അടക്കമുള്ള 2,39,196 വാഹനങ്ങൾ പരിശോധിച്ചു. ഇതിൽ 2,36,130 എണ്ണം സൗദി വാഹനങ്ങളും 973 എണ്ണം വിദേശ നമ്പർ പ്ലേറ്റുകളുള്ള വാഹനങ്ങളുമായിരുന്നു.
കരഗതാഗത മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ 2,093 ഉം സമുദ്ര ഗതാഗത മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ 9,840 ഉം റെയിൽ ഗതാഗത മേഖലയിലും പ്രിൻസ് നൂറ യൂനിവേഴ്‌സിറ്റി മെട്രോയിലും നാലും ഫീൽഡ് പരിശോധനകളും കഴിഞ്ഞ മാസം അതോറിറ്റി നടത്തി.
കരഗതാഗത മേഖലയിൽ 36,896 നിയമ ലംഘനങ്ങൾ ഉദ്യോഗസ്ഥർ കണ്ടെത്തി. ഓട്ടോമാറ്റിക് നിരീക്ഷണ സംവിധാനം വഴി 6,847 നിയമ ലംഘനങ്ങൾ രേഖപ്പെടുത്തി. സമുദ്ര ഗതാഗത മേഖലയിൽ നടത്തിയ ഫീൽഡ് പരിശോധനകൾക്കിടെ 81 നിയമ ലംഘനങ്ങൾ രേഖപ്പെടുത്തി. റെയിൽ ഗതാഗത മേഖലയിൽ മൂന്നു വീഴ്ചകളും ശ്രദ്ധയിൽ പെട്ടു.
കരഗതാഗത മേഖലയിൽ പരിശോധനകൾ നടത്തിയ വാഹനങ്ങളിലും സ്ഥാപനങ്ങളിലും 92 ശതമാനവും സമുദ്ര ഗതാഗത മേഖലയിൽ 99 ശതമാനം സ്ഥാപനങ്ങളും നിയമ, വ്യവസ്ഥകൾ പൂർണമായും പാലിക്കുന്നതായി വ്യക്തമായി. ഓപ്പറേറ്റിംഗ് കാർഡില്ലാതെയും റദ്ദാക്കിയ കാർഡുകൾ ഉപയോഗിച്ചും ബസുകളും ടാക്‌സികളും ലോറികളും പ്രവർത്തിപ്പിക്കൽ, ചരക്ക്‌നീക്ക ഡോക്യുമെന്റ് ഇല്ലാതിരിക്കൽ, ബന്ധപ്പെട്ട വകുപ്പുകൾ അംഗീകരിച്ച മാനദണ്ഡങ്ങൾക്കനുസൃതമായ സുരക്ഷാ ബാരിയറുകൾ ലോറികളിൽ ഇല്ലാതിരിക്കൽ, സുരക്ഷാ വ്യവസ്ഥകൾ പൂർണമല്ലാതിരിക്കൽ, ഡ്രൈവർ കാർഡ് ലഭിക്കുന്നതിനു മുമ്പായി ഡ്രൈവറെ ജോലിക്കു വെക്കൽ എന്നീ നിയമ ലംഘനങ്ങളാണ് ഗതാഗത മേഖലയിൽ ഏറ്റവുമധികം കണ്ടെത്തിയത്. ഏറ്റവും കൂടുതൽ നിയമ ലംഘനങ്ങൾ കണ്ടെത്തിയത് ചരക്ക് ഗതാഗത മേഖലയിലാണ്. സ്‌പെഷ്യലൈസ്ഡ് ട്രാൻസ്‌പോർട്ടേഷൻ, ടാക്‌സി, പബ്ലിക് ടാക്‌സി, എയർപോർട്ട് ടാക്‌സി എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
കഴിഞ്ഞ മാസം ഏറ്റവുമധികം ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്തിയത് മക്ക പ്രവിശ്യയിലാണ്. ഇവിടെ 10,221 നിയമ ലംഘനങ്ങൾ കണ്ടെത്തി. രണ്ടാം സ്ഥാനത്തുള്ള റിയാദ് പ്രവിശ്യയിൽ 8,801 ഉം കിഴക്കൻ പ്രവിശ്യയിൽ 5,533 ഉം മദീനയിൽ 3,419 ഉം ഗതാഗത നിയമ ലംഘനങ്ങളും കഴിഞ്ഞ മാസം കണ്ടെത്തി. തബൂക്കിൽ 1,265 ഉം ഉത്തര അതിർത്തി പ്രവിശ്യയിൽ 224 ഉം ഹായിലിൽ 512 ഉം അൽജൗഫിൽ 714 ഉം ജിസാനിൽ 1,763 ഉം അൽഖസീമിൽ 1,417 ഉം നജ്‌റാനിൽ 1,018 ഉം അസീറിൽ 1,416 ഉം അൽബാഹയിൽ 593 ഉം നിയമ ലംഘനങ്ങളും കരഗതാഗത മേഖലയിൽ കഴിഞ്ഞ മാസം കണ്ടെത്തി.