ജിദ്ദ : മഅ്‌റൂഫ സേവനം പ്രയോജനപ്പെടുത്തി നാലു രാജ്യങ്ങളിൽ നിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ സാധിക്കുമെന്ന് ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങൾക്കുള്ള മുസാനിദ് പ്ലാറ്റ്‌ഫോം അറിയിച്ചു. നിലവിൽ മഅ്‌റൂഫ സേവനം വഴി ശ്രീലങ്ക, ഫിലിപ്പൈൻസ്, കെനിയ, ഉഗാണ്ട എന്നീ രാജ്യങ്ങളിൽ നിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനാണ് സൗകര്യമുള്ളത്. ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള വിസ നേടിയ ശേഷമാണ് റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങൾക്കുള്ള മഅ്‌റൂഫ സേവനം പ്രയോജനപ്പെടുത്തേണ്ടത്. വേലക്കാരിയുടെ പേര്, പാസ്‌പോർട്ട് നമ്പർ, പാസ്‌പോർട്ട് കാലാവധി, ബന്ധപ്പെടാനുള്ള മൊബൈൽ ഫോൺ നമ്പർ എന്നിവയെല്ലാം മുൻകൂട്ടി അറിയാൻ മഅ്‌റൂഫ സേവനം തൊഴിലുടമയെ സഹായിക്കും.
ഫിലിപ്പൈൻസ്, ശ്രീലങ്ക, കെനിയ, ഉഗാണ്ട എന്നീ രാജ്യങ്ങളിൽ നിന്ന് സൗദിയിൽ തൊഴിൽ തേടുന്ന വേലക്കാരികളുടെ സി.വികൾ മുൻകൂട്ടി ലഭ്യമാക്കി തങ്ങൾക്ക് ഇഷ്ടമുള്ള തൊഴിലാളികളെ തെരഞ്ഞെടുത്ത് റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ മഅ്‌റൂഫ സേവനം തൊഴിലുടമകളെ സഹായിക്കുന്നു. റിക്രൂട്ട്‌മെന്റ് നടപടികൾക്ക് കാലതാമസം നേരിടുന്ന പ്രശ്‌നത്തിന് പരിഹാരം കാണാൻ ശ്രമിച്ചാണ് നേരത്തെ മഅ്‌റൂഫ സേവനം മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ആരംഭിച്ചത്.
മുസാനിദ് പ്ലാറ്റ്‌ഫോം വഴി റിക്രൂട്ട്‌മെന്റ് കരാർ ഇൻഷുറൻസ് സേവനം തെരഞ്ഞെടുക്കാതെ, ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളുമായി കരാർ ഒപ്പുവെച്ച ശേഷം റിക്രൂട്ട്‌മെന്റ് കരാർ ഇൻഷുറൻസ് സേവനം പ്രയോജനപ്പെടുത്താൻ കഴിയില്ലെന്ന് പ്ലാറ്റ്‌ഫോം വ്യക്തമാക്കി. റിക്രൂട്ട് ചെയ്ത് സൗദിയിലെത്തിച്ച വേലക്കാരിയുടെ റിക്രൂട്ട്‌മെന്റ് കരാർ ഏതു രീതിയിലാണ് ഇൻഷുർ ചെയ്യുക എന്ന് ആരാഞ്ഞ് ഉപയോക്താക്കളിൽ ഒരാൾ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് മുസാനിദ് പ്ലാറ്റ്‌ഫോം ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ റിക്രൂട്ട്‌മെന്റ് കരാറുകൾക്ക് മാത്രമാണ് ഇൻഷുറൻസ് സേവനം ലഭിക്കുക.
ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് കരാർ ഇൻഷുറൻസ് സേവനം ഫെബ്രുവരി ഒന്നു മുതൽ നടപ്പാക്കി തുടങ്ങും. സൗദിയിലേക്ക് പുതുതായി റിക്രൂട്ട് ചെയ്യുന്ന ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് കരാറുകൾക്കാണ് മുസാനിദ് പ്ലാറ്റ്‌ഫോം വഴി നിർബന്ധിത ഇൻഷുറൻസ് ബാധകമാക്കുന്നത്. ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റിന് തൊഴിലുടമയും റിക്രൂട്ട്‌മെന്റ് സ്ഥാപനവും തമ്മിൽ ഒപ്പുവെക്കുന്ന കരാറിന്റെ ഭാഗമായി കരാറിന്റെ തുടക്കം മുതൽ രണ്ടു വർഷത്തേക്കാണ് റിക്രൂട്ട്‌മെന്റ് കരാർ ഇൻഷുർ ചെയ്യുക.
രണ്ടു വർഷത്തിനു ശേഷം റിക്രൂട്ട്‌മെന്റ് കരാർ ഇൻഷുർ ചെയ്യാനും ചെയ്യാതിരിക്കാനും തൊഴിലുടമകൾക്ക് സ്വാതന്ത്ര്യമുണ്ടാകും. നിലവിൽ മുസാനിദ് ഉപയോക്താക്കൾക്ക് ഈ സേവനം ലഭ്യമാണ്. 2023 ആദ്യത്തിലാണ് ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് കരാർ ഇൻഷുറൻസ് സേവനം മുസാനിദ് പ്ലാറ്റ്‌ഫോം വഴി ഓപ്ഷനലായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ആരംഭിച്ചത്. നിലവിൽ റിക്രൂട്ട്‌മെന്റ് കരാർ ഇൻഷുർ ചെയ്യൽ നിർബന്ധമല്ല.
തൊഴിലാളികൾ ഒളിച്ചോടുകയോ ജോലിക്ക് സന്നദ്ധരാകാതിരിക്കുകയോ മരണപ്പെടുകയോ തൊഴിൽ നിർവഹിക്കാൻ തൊഴിലാളികൾ അശക്തരായി മാറുകയോ ജോലി നിർവഹിക്കാൻ കഴിയാത്ത നിലക്കുള്ള മാറാരോഗങ്ങൾ പിടിപെടുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ റിക്രൂട്ട്‌മെന്റ് ചെലവുകൾക്കുള്ള നഷ്ടപരിഹാരം ഇൻഷുറൻസ് പരിരക്ഷ പ്രകാരം തൊഴിലുടമകൾക്ക് ലഭിക്കും. ഗാർഹിക തൊഴിലാളി മരണപ്പെടുന്ന പക്ഷം മൃതദേഹവും വ്യക്തിപരമായ വസ്തുക്കളും സ്വദേശത്തേക്ക് അയക്കാനുള്ള ചെലവും ഇൻഷുറൻസ് പോളിസി വഹിക്കും. അപകടങ്ങളുടെ ഫലമായി തൊഴിലാളിക്ക് ഭാഗികമോ പൂർണമായോ വൈകല്യം സംഭവിക്കൽ, തൊഴിലുടമ മരണപ്പെടുകയോ വൈകല്യം സംഭവിക്കുന്നതു മൂലമോ വേതനവും സർവീസ് ആനുകൂല്യങ്ങളും വിതരണം ചെയ്യാൻ കഴിയാതിരിക്കൽ എന്നീ സാഹചര്യങ്ങളിൽ തൊഴിലാളികളുടെ അവകാശങ്ങളും ഇൻഷുറൻസ് പോളിസി ഉറപ്പുവരുത്തും.