ജിദ്ദ : സൗദിയിൽ റീജ്യനൽ ആസ്ഥാനങ്ങളില്ലാത്ത ബഹുരാഷ്ട്ര കമ്പനികളുമായി സർക്കാർ വകുപ്പുകൾ കരാറുകൾ ഒപ്പുവെക്കുന്നതിനുള്ള കർശന വ്യവസ്ഥകൾ ഉന്നതാധികൃതർ അംഗീകരിച്ചു. സൗദിയിലേക്ക് റീജ്യനൽ ആസ്ഥാനങ്ങൾ മാറ്റാത്ത ബഹുരാഷ്ട്ര കമ്പനികളുമായി സർക്കാർ വകുപ്പുകൾ കരാറുകൾ ഒപ്പുവെക്കുന്നതും ഇത്തരം കമ്പനികൾക്ക് സർക്കാർ പദ്ധതികളുടെ കരാറുകൾ അനുവദിക്കുന്നതും വിലക്കാനുള്ള തീരുമാനം ഈ മാസം ഒന്നു മുതൽ നിലവിൽ വന്നിട്ടുണ്ട്.
സാങ്കേതികമായി സ്വീകാര്യമായ ഒന്നിലധികം ടെണ്ടറുകൾ ഉണ്ടാകാൻ പാടില്ല എന്നതാണ് സൗദിയിൽ റീജ്യനൽ ആസ്ഥാനങ്ങളില്ലാത്ത ബഹുരാഷ്ട്ര കമ്പനികളുമായി സർക്കാർ വകുപ്പുകൾ കരാറുകൾ ഒപ്പുവെക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥ. കൂടാതെ കമ്പനി സമർപ്പിക്കുന്ന ടെണ്ടർ സാങ്കേതിക മൂല്യനിർണയത്തിനു ശേഷമുള്ള ഏറ്റവും മികച്ച ഓഫർ ആയിരിക്കണമെന്നും ടെണ്ടർ തുക 25 ശതമാനമെങ്കിലും കുറവായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥകൾ പാലിച്ചുകൊണ്ടല്ലാതെ സൗദിയിൽ റീജ്യനൽ ആസ്ഥാനങ്ങളില്ലാത്ത കമ്പനികളുമായി സർക്കാർ വകുപ്പുകൾ കരാറുകൾ ഒപ്പുവെക്കുന്നതിന് വിലക്കുണ്ട്. പത്തു ലക്ഷം റിയാലിൽ കവിയാത്ത ചെലവ് കണക്കാക്കുന്ന പദ്ധതികളെയും പർച്ചെയ്‌സിംഗുകളെയും പുതിയ വ്യവസ്ഥകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പൊതുതാൽപര്യം മുൻനിർത്തി ഈ തുകയിൽ ഭേദഗതികൾ വരുത്താനോ ഈ ഇളവ് റദ്ദാക്കാനോ ഇളവ് താൽക്കാലികമായി നിർത്തിവെക്കാനോ ധനമന്ത്രിക്ക് അധികാരം നൽകിയിട്ടുണ്ട്.
ധനമന്ത്രാലയം, ജനറൽ അതോറിറ്റി ഫോർ ഫോറീൻ ട്രേഡ്, ലോക്കൽ കണ്ടന്റ് ആന്റ് ഗവൺമെന്റ് പ്രോക്യുർമെന്റ് അതോറിറ്റി എന്നിവയുമായി ഏകോപനം നടത്തി സൗദിയിൽ റീജ്യനൽ ആസ്ഥാനങ്ങളില്ലാത്ത കമ്പനികളുടെ പേരുവിവരങ്ങൾ അടങ്ങിയ പട്ടിക നിക്ഷേപ മന്ത്രാലയം തയാറാക്കും. സർക്കാർ വകുപ്പുകൾക്ക് കൈമാറുന്ന ഈ പട്ടിക ഓരോ പാദവർഷത്തിലും അപ്‌ഡേറ്റ് ചെയ്യും.
സാങ്കേതികമായി സ്വീകാര്യമായ ഒന്നിലധികം ടെണ്ടറുകൾ ഇല്ലാതിരിക്കൽ, സാങ്കേതികമായി ഏറ്റവും മികച്ച ഓഫർ ആയിരിക്കൽ-ഏറ്റവും മികച്ച രണ്ടാമത്തെ ടെണ്ടറിൽ ഓഫർ ചെയ്ത തുകയെക്കാൾ 25 ശതമാനവും അതിലും കുറവോ ആയിരിക്കൽ എന്നീ രണ്ടു സാഹചര്യങ്ങളിൽ സൗദിയിൽ റീജ്യനൽ ആസ്ഥാനങ്ങളില്ലാത്ത ബഹുരാഷ്ട്ര കമ്പനികളുമായി സർക്കാർ വകുപ്പുകൾ കരാർ ഒപ്പുവെക്കുന്നതിന് വിലക്കില്ല. ഇങ്ങിനെ സൗദിയിൽ ആസ്ഥാനങ്ങളില്ലാത്ത കമ്പനികളുമായി കരാറുകൾ ഒപ്പുവെക്കുന്ന സർക്കാർ വകുപ്പുകൾ കരാറുകൾ ഒപ്പുവെക്കാൻ പ്രേരിപ്പിച്ച കാരണങ്ങൾ വ്യക്തമാക്കി റിപ്പോർട്ട് തയാറാക്കി കരാർ ഒപ്പുവെച്ച് മുപ്പതു ദിവസത്തിനകം ബഹുരാഷ്ട്ര കമ്പനികളുടെ റീജ്യനൽ ആസ്ഥാനങ്ങൾ സൗദിയിലേക്ക് ആകർഷിക്കുന്ന പ്രോഗ്രാം സുപ്രീം കമ്മിറ്റിക്കും കമ്മിറ്റി സെക്രട്ടേറിയറ്റിനും സമർപ്പിക്കണമെന്നും വ്യവസ്ഥയുണ്ട്.
സൗദിയിൽ റീജ്യനൽ ആസ്ഥാനങ്ങളില്ലാത്ത ബഹുരാഷ്ട്ര കമ്പനികൾക്ക് സർക്കാർ പദ്ധതികളുടെ കരാറുകൾ വിലക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച ശേഷം 180 ബഹുരാഷ്ട്ര കമ്പനികൾ സൗദിയിലേക്ക് റീജ്യനൽ ആസ്ഥാനങ്ങൾ മാറ്റിയിട്ടുണ്ട്. റീജ്യനൽ ആസ്ഥാനങ്ങൾ സൗദിയിലേക്ക് മാറ്റാനുള്ള പ്രോത്സാഹനമെന്നോണം ഇത്തരം കമ്പനികളെ 30 വർഷത്തേക്ക് ആദായ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.