ജിദ്ദ : കഴിഞ്ഞ വർഷം മൂന്നാം പാദാവസാനത്തോടെ സൗദിയിലെ ആകെ വിദേശ നിക്ഷേപങ്ങൾ 2.517 ട്രില്യൺ റിയാലായി ഉയർന്നു. 2022 മൂന്നാം പാദാവസാനത്തിൽ ആകെ വിദേശ നിക്ഷേപങ്ങൾ 2.412 ട്രില്യൺ റിയാലായിരുന്നു.
കഴിഞ്ഞ കൊല്ലം ആദ്യത്തെ ഒമ്പതു മാസത്തിനിടെ ആകെ 22.295 ബില്യൺ റിയാലിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളാണ് രാജ്യത്തെത്തിയത്. 2022 ൽ ഇതേകാലയളവിൽ ആകെ 22.355 ബില്യൺ റിയാലിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങൾ ആകർഷിക്കാൻ സൗദി അറേബ്യക്ക് സാധിച്ചിരുന്നു.
കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ രാജ്യത്തെത്തിയ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളിൽ 12.05 ശതമാനം വർധന രേഖപ്പെടുത്തി. 2022 മൂന്നാം പാദത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ മൂന്നാം പാദത്തിൽ 85.9 കോടി റിയാലിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങൾ അധികം സൗദിയിലെത്തി. മൂന്നാം പാദത്തിൽ 7.99 ബില്യൺ റിയാലിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളാണ് രാജ്യത്തെത്തിയത്. 2022 മൂന്നാം പാദത്തിൽ ഇത് 7.13 ബില്യൺ റിയാലോളമായിരുന്നു.
വിദേശ നിക്ഷേപങ്ങൾ കണക്കാക്കാൻ അവലംബിക്കാൻ തുടങ്ങിയ പുതിയ രീതിശാസ്ത്രം അനുസരിച്ച് രാജ്യത്തെത്തിയ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട പരിഷ്‌കരിച്ച കണക്കുകൾ നവംബർ ഏഴിന് നിക്ഷേപ മന്ത്രാലയം പുറത്തു വിട്ടിരുന്നു. ഇതുപ്രകാരം 2015 ൽ 64 ഉം 2016 ൽ 111 ഉം 2017 ൽ 27 ഉം 2018 ൽ 71 ഉം 2019 ൽ 32 ഉം 2020 ൽ 30 ഉം 2021 ൽ 100 ഉം 2022 ൽ 122 ഉം ബില്യൺ റിയാലിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളാണ് സൗദിയിലെത്തിയത്.
ഒരു വർഷത്തിനിടെ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളിൽ 2.95 ശതമാനം വർധന രേഖപ്പെടുത്തി. 2022 മൂന്നാം പാദാവസാനം മുതൽ 2023 മൂന്നാം പാദാവസാനം വരെയുള്ള കാലത്ത് 29.51 ബില്യൺ റിയാലിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളാണ് രാജ്യത്തെത്തിയത്. മൂന്നാം പാദാവസാനത്തെ കണക്കുകൾ പ്രകാരം സൗദിയിലെ ആകെ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങൾ 1.031 ട്രില്യൺ റിയാലാണ്. 2022 മൂന്നാം പാദത്തിൽ ഇത് 1.001 ട്രില്യൺ റിയാലായിരുന്നു.