റിയാദ് : സൗദി അറേബ്യയിൽ ആസ്ഥാനങ്ങൾ സ്ഥാപിക്കാത്ത കമ്പനികൾക്ക് സർക്കാർ ജോലികളുടെ കരാറുകൾ നൽകില്ലെന്ന തീരുമാനം പ്രാബല്യത്തിൽ. 180 വിദേശ കമ്പനികളാണ് ഇതിനകം സൗദിയിൽ അവരുടെ ആസ്ഥാനങ്ങൾ തുറന്നത്. മറ്റു ചില കമ്പനികൾ നടപടികൾ പൂർത്തിയാക്കി വരികയാണ്.
ബഹുരാഷ്ട്ര കമ്പനികളെ സൗദിയിലേക്ക് ആകർഷിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമായി നിക്ഷേപക മന്ത്രാലയവും റിയാദ് റോയൽ കമ്മീഷനും 2021 ഫെബ്രുവരിയിലാണ് ആസ്ഥാനമാറ്റ നിർദേശം മുന്നോട്ട് വെച്ചത്. ഇത്തരം കമ്പനികൾക്ക് ധാരാളം ഓഫറുകളും നിക്ഷേപക മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. 30 വർഷത്തേക്ക് റീജിയണൽ ഹെഡ്ക്വാർട്ടേഴ്‌സിനുള്ള നികുതി ഇളവ്, പ്രാദേശിക ആസ്ഥാനങ്ങളുടെ ആദായ നികുതി പൂജ്യം ശതമാനം, സൗദിവത്കരണത്തിൽ ഇളവ്, വിദേശികളെ മാനേജർമാരായി നിയമിക്കൽ, കമ്പനിയുടെ ആവശ്യത്തിനനുസരിച്ച് വിസ അനുവദിക്കൽ, ആശ്രിത വിസയിലുള്ളവർക്ക് ജോലി ചെയ്യാൻ അവസരം, ആശ്രിത വിസയുള്ള കുട്ടികളുടെ പ്രായപരിധി 25 ആക്കൽ തുടങ്ങിയ ഇളവുകൾ ഇത്തരം സ്ഥാപനങ്ങൾക്ക് അനുവദിക്കും.
ബഹുരാഷ്ട്ര കമ്പനികൾക്ക് അവയുടെ ആസ്ഥാനം സൗദിയിലേക്ക് മാറ്റാനുള്ള സമയപരിധി 2023 ഡിസംബർ 31 ആണെന്നും അതിൽ മാറ്റമില്ലെന്നും സാമ്പത്തിക കാര്യമന്ത്രി ഫൈസൽ അൽഇബ്രാഹീം കഴിഞ്ഞ ഒക്ടോബറിൽ നടന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് മീറ്റിൽ വ്യക്തമാക്കിയിരുന്നു. മറ്റ് രാജ്യങ്ങളിൽ ആസ്ഥാനങ്ങൾ സ്ഥാപിച്ച് സൗദിയിൽ കരാർ ജോലികൾ നേടിയെടുക്കുന്ന കമ്പനികൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് 2021ലാണ് സർക്കാർ പ്രഖ്യാപിച്ചത്. എണ്ണേതര വരുമാനത്തിൽ പുതിയ നയം പ്രഖ്യാപിച്ച സൗദിയിൽ വിദേശ നിക്ഷേപങ്ങൾ വർധിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പുതിയ തീരുമാനം സഹായകമാകുമെന്ന് ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ വ്യക്തമാക്കി.
സർക്കാർ തീരുമാനത്തോട് അനുകൂല പ്രതികരണമാണ് ഉണ്ടായത്. 160 കമ്പനികളെങ്കിലും നിശ്ചിത സമയപരിധിക്ക് മുമ്പ് സൗദിയിലെത്തുമെന്നായിരുന്നു നിക്ഷേപ മന്ത്രാലയം പ്രതീക്ഷിച്ചിരുന്നത്. എന്നാൽ 180 കമ്പനികൾ ലൈസൻസ് നടപടികൾ പൂർത്തിയാക്കിയത് അനുകൂല ഘടകമായാണ് കണക്കാക്കുന്നത്. ആഴ്ചയിൽ 10 എന്ന തോതിലാണിപ്പോൾ സൗദിയിലേക്ക് ബഹുരാഷ്ട്ര കമ്പനികൾ കടന്നുവരുന്നത്.
അമേരിക്കയിലെ ഫ്‌ളോർ കോർപറേഷൻ, ബെക്ടെൽ എന്റർപ്രൈസസ്, ജർമ്മനിയുടെ സീമെൻസ്, പെപ്‌സികോ, കാറ്റാടി ടർബൈൻ നിർമ്മാതാക്കളായ വെസ്റ്റാസ് വിൻഡ്, യൂനിലിവർ, സാംസങ്, ബേക്കർ ഹ്യൂസ്, ഡൈമൻഷൻ ഡാറ്റ, സിസ്റ്റം എയർ, ഇന്റർഹെൽത്ത് കാനഡ ഉൾപ്പെടെ ഐ.ടി, ഓയിൽ, ഭക്ഷ്യ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികളാണ് ഇപ്പോൾ സൗദിയിൽ ആസ്ഥാനം തുറന്നിരിക്കുന്നത്. ജി 20 രാജ്യങ്ങളിൽ ഏറ്റവും സാമ്പത്തിക വളർച്ചയുള്ള രാജ്യമാണ് സൗദിയെന്നതിനാൽ നിക്ഷേപകരും വലിയ സാധ്യതകളാണ് സൗദിയിൽ കാണുന്നത്.
ധാരാളം കമ്പനികൾ സൗദിയിൽ ആസ്ഥാനം തുറക്കാൻ താത്പര്യം പ്രകടിപ്പിച്ച് മുന്നോട്ട് വരുന്നുണ്ടെന്നും സാമ്പത്തിക വകുപ്പ് മന്ത്രി ഫൈസൽ അൽഇബ്രാഹീം പറഞ്ഞു. മിഡിൽ ഈസ്റ്റ്, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ നിക്ഷേപത്തിനുള്ള ഏറ്റവും മികച്ച ലക്ഷ്യസ്ഥാനമായി സൗദി അറേബ്യ കണക്കാക്കപ്പെടുന്നുവെന്നും നിക്ഷേപ സൗഹൃദ രാജ്യമാണ് സൗദിയെന്നും നിക്ഷേപ മന്ത്രി ഖാലിദ് അൽഫാലിഹ് അഭിപ്രായപ്പെട്ടു.