അബുദാബി : ഈ വർഷം മൂന്നാം പാദത്തിൽ അബുദാബിയിൽ പെട്രോളിതര മേഖലയിൽ 7.7 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി അബുദാബി സ്റ്റാറ്റിസ്റ്റിക്‌സ് സെന്റർ അറിയിച്ചു. പെട്രോളിതര മേഖലയിലെ ഭൂരിഭാഗം രംഗങ്ങളിലും ഉയർന്ന വളർച്ച രേഖപ്പെടുത്തുന്നത് തുടർന്നു. മൂന്നാം പാദത്തിൽ മൊത്തം ആഭ്യന്തരോൽപാദനത്തിൽ പെട്രോളിതര മേഖലയുടെ സംഭാവന 52.8 ശതമാനമായി ഉയർന്നു.
മൂന്നാം പാദത്തിൽ അബുദാബിയിൽ മൊത്തം ആഭ്യന്തരോൽപാദനം 290.5 ബില്യൺ ദിർഹം ആയി ഉയർന്നു. ഒരു പാദവർഷത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന ആഭ്യന്തരോൽപാദനമാണിത്. എണ്ണ വില ഇടിഞ്ഞിട്ടും മൂന്നാം പാദത്തിൽ മൊത്തം ആഭ്യന്തരോൽപാദനത്തിൽ ഒരു ശതമാനം വളർച്ച രേഖപ്പെടുത്തി. ഈ വർഷം ആദ്യത്തെ ഒമ്പതു മാസക്കാലത്ത് 2.8 ശതമാനം സാമ്പത്തിക വളർച്ചയാണ് അബുദാബി കൈവരിച്ചത്. ഇക്കാലയളവിൽ പെട്രോളിതര സാമ്പത്തിക വളർച്ച 8.6 ശതമാനമാണ്.
ആഗോള സമ്പദ്‌വ്യവസ്ഥ വിവിധ വിപണികളെയും മേഖലകളെയും ബാധിക്കുന്ന വലിയ പരിവർത്തനങ്ങൾക്ക് സാക്ഷ്യംവഹിക്കുന്ന ഈ ഘട്ടത്തിൽ ശക്തമായ പ്രകടനത്തിന്റെ തുടർച്ച സമ്പദ്‌വ്യവസ്ഥയുടെ പ്രതിരോധ ശേഷിയെയും വെല്ലുവിളികളെയും അവസരങ്ങളാക്കി മാറ്റാനുള്ള സമീപനത്തിന്റെ ഫലപ്രാപ്തിയും സ്ഥിരീകരിക്കുന്നതായി അബുദാബി ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്‌മെന്റ് മേധാവി അഹ്മദ് അൽസആബി പറഞ്ഞു. ഒമ്പതു മാസത്തിനിടെ എണ്ണയിതര മേഖലയിലെ വളർച്ച 8.6 ശതമാനത്തിലെത്തി. മൊത്തം ആഭ്യന്തരോൽപാദനത്തിൽ 2.8 ശതമാനം വളർച്ച കൈവരിച്ചു. ഇത് സാമ്പത്തിക അടിത്തറയുടെ കരുത്തിന്റെയും ശക്തിയുടെയും നയങ്ങളുടെയും ചട്ടക്കൂടുകളുടെയും ചൈതന്യത്തിന്റെയും തെളിവാണ്. സാമ്പത്തിക വൈവിധ്യവൽക്കരണത്തിനും സ്വകാര്യ മേഖലയുടെ പങ്കാളിത്തം വർധിപ്പിക്കാനും കൂടുതൽ പ്രാദേശിക, വിദേശ നിക്ഷേപങ്ങൾ ആകർഷിക്കാനുമുള്ള തന്ത്രപരമായ പദ്ധതികളുടെ വെളിച്ചത്തിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനുള്ള ശേഷി ഇത് ശക്തമാക്കുമെന്നും അഹ്മദ് അൽസആബി പറഞ്ഞു.
2021 രണ്ടാം പാദം മുതൽ കൈവരിക്കുന്ന വളർച്ച നിലനിർത്താനുള്ള അബുദാബി സമ്പദ്‌വ്യവസ്ഥയുടെ ശേഷി മൂന്നാം പാദത്തിലെ സാമ്പത്തിക പ്രകടന സൂചകങ്ങൾ പ്രകടമാക്കിയതായി അബുദാബി സ്റ്റാറ്റിസ്റ്റിക്‌സ് സെന്റർ ആക്ടിംഗ് ഡയറക്ടർ ജനറൽ അബ്ദുല്ല അൽഖംസി പറഞ്ഞു. ആഗോള തലത്തിൽ എണ്ണ മേഖലയിലെ മാന്ദ്യത്തിന്റെ ഫലമായ പ്രത്യാഘാതങ്ങൾ കുറക്കാൻ എണ്ണയിതര മേഖലയിലെ ശക്തമായ വളർച്ച സഹായിച്ചു. സാമ്പത്തിക വൈവിധ്യവൽക്കരണത്തിനും പെട്രോളിതര മേഖലാ പ്രവർത്തനങ്ങളുടെ വിപുലീകരണത്തിനും അബുദാബി നടത്തുന്ന ശ്രമങ്ങളാണ് കണക്കുകൾ സ്ഥിരീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാം പാദത്തിൽ പെട്രോളിതര മേഖലയിൽ പരിവർത്തന വ്യവസായ മേഖലയാണ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത്. പരിവർത്തന വ്യവസായ മേഖല മൊത്തം ആഭ്യന്തരോൽപാദനത്തിലേക്ക് 26.3 ബില്യൺ ദിർഹം സംഭാവന ചെയ്തു. ഇത് പെട്രോളിതര ആഭ്യന്തരോൽപാദനത്തിന്റെ 17 ശതമാനവും മൊത്തം ആഭ്യന്തരോൽപാദനത്തിന്റെ ഒമ്പതു ശതമാനവുമാണ്. സാമ്പത്തിക വൈവിധ്യവൽക്കരണത്തിനുള്ള നിരന്തര ശ്രമങ്ങളുടെ വിജയമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.