ജിദ്ദ : ടാക്‌സി, ഓണ്‍ലൈന്‍ ടാക്‌സി പ്രവര്‍ത്തനം ക്രമീകരിക്കുന്ന നിയമാവലിയില്‍ ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രാലയം വലിയ തോതില്‍ ഭേദഗതികള്‍ വരുത്തി. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച് 60 ദിവസത്തിനു ശേഷം ഭേദഗതികള്‍ പ്രാബല്യത്തില്‍വരും. പൊതുഗതാഗത അതോറിറ്റിയുടെ അനുമതിയോടെ ടാക്‌സി, ഓണ്‍ലൈന്‍ ടാക്‌സി ലൈസന്‍സ് ഒരു നഗരത്തില്‍ നിന്ന് മറ്റൊരു നഗരത്തിലേക്ക് മാറ്റാന്‍ അനുവദിക്കുന്നു എന്നതാണ് ഇന്നലെ ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച പരിഷ്‌കരിച്ച ഭേദഗതികളില്‍ പ്രധാനം. ടാക്‌സി ലൈസന്‍സ് റദ്ദാക്കിയ ശേഷം കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനില്‍ നിന്ന് ടാക്‌സി മേഖലാ പ്രവര്‍ത്തനം ടാക്‌സി കമ്പനികള്‍ നീക്കം ചെയ്യണം. ടാക്‌സി മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ മാത്രമുള്ള കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനാണെങ്കില്‍ ടാക്‌സി ലൈസന്‍സ് റദ്ദാക്കിയാല്‍ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ തന്നെ റദ്ദാക്കണം.
പൊതുഗതാഗത അതോറിറ്റി നിര്‍ണയിക്കുന്ന ഇലക്‌ട്രോണിക് സംവിധാനങ്ങളുമായി ബന്ധിപ്പിക്കുന്നത് തുടരാതിരിക്കല്‍, കമ്മീഷന്‍ നിരക്കും അത് ശേഖരിക്കുന്നതിനും നടപ്പാക്കുന്നതിനുമുള്ള നയം തയാറാക്കാതിരിക്കല്‍, ആവശ്യമായ വിവരങ്ങള്‍ അംഗീകൃത ഇലക്‌ട്രോണിക് സംവിധാനത്തിന് നല്‍കാതിരിക്കല്‍ എന്നീ നിയമ ലംഘനങ്ങള്‍ക്ക് 5,000 റിയാല്‍ പിഴ ചുമത്തുമെന്ന് ഭേദഗതികള്‍ വ്യക്തമാക്കുന്നു.
യാത്രാ അപേക്ഷ സ്വീകരിക്കുന്നതിനോ നിരസിക്കുന്നതിനോ മുമ്പായി യാത്ര പുറപ്പെടല്‍, എത്തിച്ചേരല്‍ ലൊക്കേഷന്‍ കാണാന്‍ ഡ്രൈവറെ അനുവദിക്കാതിരിക്കുന്നതിന് ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ക്ക് 4,000 റിയാല്‍ പിഴ ചുമത്തും. ഒരു മാസത്തിനിടെ അഞ്ചിലേറെ ട്രിപ്പുകള്‍ സ്വീകരിച്ച ശേഷം റദ്ദാക്കുന്ന പക്ഷം ഡ്രൈവര്‍ക്ക് 30 ദിവസത്തെ വിലക്കേര്‍പ്പെടുത്താതിരിക്കുന്നതിന് കമ്പനിക്ക് 1,000 റിയാല്‍ പിഴ ചുമത്തും. സേവനം നല്‍കുന്നതുമായി ബന്ധപ്പെട്ട നയം തയാറാക്കാതിരിക്കുന്നതിന് കമ്പനിക്ക് 3,000 റിയാല്‍ പിഴ ചുമത്തും. പൊതുഗതാഗത അതോറിറ്റി അംഗീകരിച്ച, സേവനം നല്‍കുന്നതുമായി ബന്ധപ്പെട്ട നയം പാലിക്കാതിരിക്കുന്നതിന് 500 റിയാലും പിഴ ചുമത്തും.
പിഴകള്‍ ഒടുക്കിയ ശേഷം പൊതുഗതാഗത അതോറിറ്റി അനുമതിയോടെ ടാക്‌സി ഓപ്പറേറ്റിംഗ് കാര്‍ഡ് ഇതേ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ ലൈസന്‍സുള്ള മറ്റൊരാളുടെ പേരിലേക്ക് മാറ്റാന്‍ ഭേദഗതികള്‍ അനുവദിക്കുന്നു. അതോറിറ്റി അനുമതി ലഭിച്ച് 90 ദിവസത്തിനകം ഓപ്പറേറ്റിംഗ് കാര്‍ഡ് മാറ്റാനുള്ള വ്യവസ്ഥകള്‍ പാലിച്ചിരിക്കണം. ടാക്‌സി ഓപ്പറേറ്റിംഗ് കാര്‍ഡ് എയര്‍പോര്‍ട്ട് ടാക്‌സി മേഖലയിലേക്ക് മാറ്റാന്‍ എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് ചുമതലയുള്ള ബന്ധപ്പെട്ട വകുപ്പിന്റെ അനുമതി ആവശ്യമാണ്. പബ്ലിക് ടാക്‌സി, ഫാമിലി ടാക്‌സി, എയര്‍പോര്‍ട്ട് ടാക്‌സി ഓപ്പറേറ്റിംഗ് കാര്‍ഡുകള്‍ പ്രൈവറ്റ് ടാക്‌സിയിലേക്ക് മാറ്റാന്‍ അനുവാദമില്ല.
ബാര്‍കോഡ് അടങ്ങിയ സേവന ദാതാവിന്റെ ആപ്പ് ലോഗോ ഡ്രൈവര്‍ക്ക് നല്‍കലും ഗതാഗത സേവനം നല്‍കുമ്പോള്‍ കാറില്‍ എളുപ്പത്തില്‍ കാണുന്ന സ്ഥലത്ത് ലോഗോ സ്ഥാപിക്കലും നിര്‍ബന്ധമാണെന്ന വ്യവസ്ഥ പുതിയ ഭേദഗതികള്‍ റദ്ദാക്കിയിട്ടുണ്ട്. നഗരങ്ങള്‍ക്കിടയിലും സൗദി അറേബ്യക്ക് പുറത്തേക്കും ഗതാഗത സേവനം നല്‍കുന്ന സാഹചര്യത്തില്‍ ശുമൂസ് സെക്യൂരിറ്റി സംവിധാനവുമായി ബന്ധിപ്പിക്കണമെന്ന ഭേദഗതി ഇതിനു പകരം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡ്രൈവര്‍ കാര്‍ഡ് ലഭിക്കാതെ ഡ്രൈവറെ ജോലിക്കു വെക്കല്‍, റദ്ദാക്കിയ ഡ്രൈവര്‍ കാര്‍ഡ് ഉപയോഗിച്ച് ഡ്രൈവറെ ജോലിക്കു വെക്കല്‍, ഓപ്പറേറ്റിംഗ് കാര്‍ഡ് ലഭിക്കാതെ ടാക്‌സി പ്രവര്‍ത്തിപ്പിക്കല്‍, റദ്ദാക്കിയ ഓപ്പറേറ്റിംഗ് കാര്‍ഡ് ഉപയോഗിച്ച് ടാക്‌സി പ്രവര്‍ത്തിപ്പിക്കല്‍, യാത്രക്കാരുടെ നഷ്ടപ്പെടുന്ന വസ്തുക്കള്‍ തിരികെ നല്‍കുന്നതിന് സംവിധാനം ഏര്‍പ്പെടുത്താതിരിക്കല്‍ എന്നിവയെല്ലാം നിയമ ലംഘനങ്ങളായി ഭേദഗതികള്‍ നിര്‍ണയിക്കുന്നു.