ജിദ്ദ : ജിയോപൊളിറ്റിക്കൽ സംഘർഷങ്ങൾക്കിടെയും ഈ വർഷം ആഗോള വിപണിയിൽ എണ്ണ വില പത്തു ശതമാനത്തോളം ഇടിഞ്ഞു. ഒരു ബാരൽ ക്രൂഡ് ഓയിലിന്റെ വില 77.5 ഡോളറായി ഇടിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷാവസാനം എണ്ണ വില 86 ഡോളറായിരുന്നു. നെഗറ്റീവ് സാമ്പത്തിക ഫലങ്ങളുടെ പശ്ചാത്തലത്തിൽ ചൈനയിൽ നിന്നുള്ള എണ്ണയാവശ്യം കുറയുമെന്ന ഭീതിയുടെയും അമേരിക്കയുടെ എണ്ണയുൽപാദനം റെക്കോർഡ് നിലയിൽ ഉയർന്നതിന്റെയും ഫലമായാണ് ഈ വർഷം എണ്ണ വില കുറഞ്ഞത്. തുടർച്ചയായി രണ്ടു വർഷം ഉയർന്ന ശേഷമാണ് ഈ കൊല്ലം എണ്ണ വില കുറയുന്നത്. കഴിഞ്ഞ വർഷം പത്തു ശതമാനവും 2021 ൽ 50 ശതമാനവും തോതിൽ എണ്ണ വില ഉയർന്നിരുന്നു. കൊറോണ മഹാമാരിയോടനുബന്ധിച്ച് ആവശ്യം കുത്തനെ കുറഞ്ഞതോടെ 2020 ൽ എണ്ണ വില 22 ശതമാനം തോതിൽ ഇടിഞ്ഞിരുന്നു. റഷ്യ, ഉക്രൈൻ സംഘർഷത്തിനും മധ്യപൗരസ്ത്യദേശത്തെ സംഘർഷത്തിനുമിടെയാണ് ഈ വർഷം എണ്ണ വില കുറഞ്ഞത്. സാധാരണയിൽ ജിയോപൊളിറ്റിക്കൽ സംഘർഷങ്ങൾക്കിടെ എണ്ണ വില ഉയരാറാണ് പതിവ്.
ആവശ്യം കുറഞ്ഞത് ഉൽപാദനത്തിൽ നേരത്തെ വരുത്തിയ കുറവ് തുടരാനും ഉൽപാദനം കൂടുതൽ വെട്ടിക്കുറക്കാനും ഒപെക് പ്ലസ് കൂട്ടായ്മയെ പ്രേരിപ്പിച്ചു. ഈ വർഷം എണ്ണ വില ഏറ്റവും കുറഞ്ഞത് മാർച്ചിലായിരുന്നു. അന്ന് ഒരു ബാരൽ എണ്ണ വില 70 ഡോളറിലേക്ക് താഴ്ന്നു. ആഗോള സാമ്പത്തിക മാന്ദ്യത്തെ കുറിച്ച ഭീതി ഉയർത്തിയ ബാങ്ക് പ്രതിസന്ധിയോടനുബന്ധിച്ചാണ് മാർച്ചിൽ എണ്ണ വില ഇടിഞ്ഞത്. ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത് സെപ്റ്റംബറിലായിരുന്നു. അന്ന് വില 98 ഡോളറിലെത്തി. അമേരിക്കൻ എണ്ണ ശേഖരത്തിലെ വലിയ കുറവ് ആഗോള വിപണിയിൽ എണ്ണ വിതരണത്തിൽ കുറവുണ്ടാക്കിയേക്കുമെന്ന ഭീതിയാണ് അന്ന് വില ഉയരാൻ ഇടയാക്കിയത്.
ആവശ്യം വർധിക്കുന്നതിന്റെ ഫലമായി അടുത്ത വർഷം എണ്ണ വില 85 ഡോളറായി ഉയരുമെന്നാണ് വൻകിട ബഹുരാഷ്ട്ര ബാങ്കുകൾ പ്രതീക്ഷിക്കുന്നത്. ഈ വർഷത്തെ അപേക്ഷിച്ച് അടുത്ത കൊല്ലം എണ്ണ വിലയിൽ എട്ടു ശതമാനം വർധനയാണ് പ്രതീക്ഷിക്കുന്നത്. 2003 മുതൽ 2023 വരെയുള്ള 20 വർഷത്തിനിടെ പതിമൂന്നു വർഷം എണ്ണ വില ഉയരുകയും ഏഴു വർഷം വില കുറയുകയും ചെയ്തു. 2003 ൽ എണ്ണ വില 28.5 ഡോളറായിരുന്നു. തുടർന്നുള്ള അഞ്ചു വർഷങ്ങളിൽ വില ഉയർന്നു. 2004 ൽ വില 34 ശതമാനം തോതിൽ ഉയർന്ന് 38 ഡോളറും 2005 ൽ 45 ശതമാനം തോതിൽ ഉയർന്ന് 55.3 ഡോളറും 2006 ൽ 20 ശതമാനം തോതിൽ ഉയർന്ന് 66.1 ഡോളറും 2007 ൽ ഏഴു ശതമാനം തോതിൽ ഉയർന്ന് 72.7 ഡോളറും 2008 ൽ 36 ശതമാനം തോതിൽ ഉയർന്ന് 98.5 ഡോളറുമായി.
എന്നാൽ 2009 ൽ എണ്ണ വില 36 ശതമാനം തോതിൽ കുറഞ്ഞ് 62.7 ഡോളറായി. 2010 ൽ 28 ശതമാനം തോതിൽ ഉയർന്ന് 80.3 ഡോളറും 2011 ൽ 38 ശതമാനം തോതിൽ ഉയർന്ന് 110.9 ഡോളറും 2012 ൽ ഒരു ശതമാനം തോതിൽ ഉയർന്ന് 111.7 ഡോളറുമായി. 2013 ൽ 0.3 ശതമാനം തോതിൽ കുറഞ്ഞ് 110.8 ഡോളറും 2014 ൽ 48 ശതമാനം തോതിൽ കുറഞ്ഞ് 57.9 ഡോളറും 2015 ൽ 36 ശതമാനം തോതിൽ കുറഞ്ഞ് 37.3 ഡോളറുമായി.
2016 ൽ എണ്ണ വില 52 ശതമാനം തോതിൽ ഉയർന്ന് 56.8 ഡോളറായി. 2017 ൽ 18 ശതമാനം തോതിൽ വില ഉയർന്നു. 2017 അവസാനത്തിൽ ഒരു ബാരൽ എണ്ണക്ക് 66.9 ഡോളറായിരുന്നു വില. 2018 ൽ വില 20 ശതമാനം തോതിൽ ഇടിഞ്ഞ് 53.8 ഡോളറായി. 2019 ൽ വീണ്ടും വില ഉയർന്നു. ആ വർഷം വില 23 ശതമാനം തോതിൽ ഉയർന്ന് 66 ഡോളറായി. എന്നാൽ 2020 ൽ വില വീണ്ടും ഇടിഞ്ഞു. ആ വർഷം വില 22 ശതമാനം തോതിൽ ഇടിഞ്ഞു. 2020 ഡിസംബർ 31 ന് ഒരു ബാരൽ എണ്ണക്ക് 51.8 ഡോളറായിരുന്നു.
2021 ൽ വില 50 ശതമാനം തോതിൽ വർധിച്ച് 77.8 ഡോളറായി. 2022 ൽ പത്തു ശതമാനം തോതിൽ ഉയർന്ന് ഒരു ബാരൽ എണ്ണ വില 85.9 ഡോളറായി. എണ്ണ വില സർവകാല റെക്കോർഡ് രേഖപ്പെടുത്തിയത് 2008 ൽ ആണ്. 2008 ൽ ഒരുവേള എണ്ണ വില ബാരലിന് 147 ഡോളർ വരെ ഉയർന്നിരുന്നു. വില പിന്നീട് ക്രമാനുഗതമായി കുറഞ്ഞ് 2008 ഡിസംബർ അവസാനത്തിൽ 98.5 ഡോളറിലെത്തി.