ജിദ്ദ : സ്വകാര്യ സ്ഥാപനങ്ങൾക്ക് ഏറെ ആശ്വാസമായി നേരത്തെ പ്രഖ്യാപിച്ച, നികുതി നിയമ ലംഘകർക്കുള്ള പിഴ റദ്ദാക്കൽ പദ്ധതി അടുത്ത വർഷം ജൂൺ 30 വരെ ദീർഘിപ്പിച്ചതായി സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു. കോവിഡ് മഹാമാരിയുടെ ഫലമായി സ്ഥാപനങ്ങൾക്കു മേലുള്ള സാമ്പത്തിക പ്രത്യാഘാതങ്ങൾ ലഘൂകരിക്കാൻ ലക്ഷ്യമിട്ടാണ് നേരത്തെ നികുതി നിയമ ലംഘകരെ പിഴകളിൽ നിന്ന് ഒഴിവാക്കുന്ന പദ്ധതി പ്രഖ്യാപിച്ചത്. ഇത് ഡിസംബർ 31 ന് അവസാനിക്കാനിരുന്നതാണ്. ഇതാണിപ്പോൾ ജൂൺ 30 വരെ ദീർഘിപ്പിച്ചിരിക്കുന്നത്. വ്യവസ്ഥകൾ പൂർണമായവർക്ക് പദ്ധതി പ്രയോജനപ്പെടുത്താൻ സാധിക്കുന്നതിനും പദ്ധതിയുടെ ഉദ്ദേശ്യ, ലക്ഷ്യങ്ങൾ കൈവരിക്കാൻ ശ്രമിച്ചുമാണ് പദ്ധതി ആറു മാസത്തേക്കു കൂടി ദീർഘിപ്പിച്ചത്.
നികുതി സംവിധാനങ്ങളിൽ രജിസ്റ്റർ ചെയ്യാൻ കാലതാമസം വരുത്തൽ, നികുതി അടക്കാൻ കാലതാമസം വരുത്തൽ, നികുതി റിട്ടേണുകൾ സമർപ്പിക്കാൻ കാലതാമസം വരുത്തൽ, മൂല്യവർധിത നികുതി റിട്ടേണുകളിൽ തിരുത്തലുകൾ വരുത്തൽ, ഇ-ഇൻവോയ്സുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ നടത്തുന്ന ഫീൽഡ് പരിശോധനകളിൽ കണ്ടെത്തുന്ന നിയമ ലംഘനങ്ങൾ, മൂല്യവർധിത നികുതിയുമായി ബന്ധപ്പെട്ട മറ്റു നിയമ ലംഘനങ്ങൾ എന്നിവക്കുള്ള പിഴകളിൽ നിന്നാണ് പദ്ധതി ഗുണഭോക്താക്കളെ ഒഴിവാക്കുക.
പദ്ധതി പ്രയോജനപ്പെടുത്താൻ ഗുണഭോക്താക്കൾ നികുതി സംവിധാനത്തിൽ രജിസ്റ്റർ ചെയ്തിരിക്കണമെന്നും മുമ്പ് സമർപ്പിക്കാത്ത മുഴുവൻ റിട്ടേണുകളും സമർപ്പിക്കണമെന്നും വ്യവസ്ഥയുണ്ട്. ശരിയായ രീതിയിൽ വെളിപ്പെടുത്താത്ത മുഴുവൻ നികുതികളെയും കുറിച്ച് വെളിപ്പെടുത്തലും നിർബന്ധമാണ്. റിട്ടേണുകൾ പ്രകാരമുള്ള നികുതി കുടിശ്ശികകൾ പൂർണമായും അടക്കുകയും വേണം. നികുതികൾ തവണ വ്യവസ്ഥയിൽ അടക്കാനും സൗകര്യമുണ്ട്. ഇതിന് പദ്ധതി പ്രാബല്യത്തിലുള്ള കാലത്ത് സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റിക്ക് പ്രത്യേക അപേക്ഷ സമർപ്പിക്കണം. കൂടാതെ അതോറിറ്റി അംഗീകരിച്ച സമയക്രമം അനുസരിച്ച് മുഴുവൻ തവണകളും കൃത്യമായി അടക്കുകയും വേണം. നികുതി വെട്ടിപ്പ് കാരണമായ പിഴകൾ, ഇളവ് പദ്ധതി പ്രാബല്യത്തിൽ വരുന്നതിനു മുമ്പായി അടച്ച പിഴകൾ എന്നിവ പദ്ധതി പ്രകാരം ഒഴിവാക്കുകയോ റദ്ദാക്കുകയോ ചെയ്യില്ലെന്ന് അതോറിറ്റി പറഞ്ഞു.