കുവൈത്ത് സിറ്റി : ഗള്‍ഫ് രാജ്യങ്ങളെ ബന്ധിപ്പിച്ചുള്ള ജിസിസി റെയിലിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ഗണ്യമായ പുരോഗതി കൈവരിച്ചതായി കുവൈത്ത്. 2028 ല്‍ സര്‍വീസ് ആരംഭിക്കാനാണ് പരിപാടി. നിര്‍മാണം, നടത്തിപ്പ് എന്നിവ സംബന്ധിച്ച പഠനങ്ങള്‍ പൂര്‍ത്തിയായി.
പദ്ധതി നടപടികള്‍ ഉടന്‍ ആരംഭിക്കും. 10 രാജ്യാന്തര കമ്പനികള്‍ ടെന്‍ഡര്‍ സമര്‍പ്പിച്ചതില്‍ സാങ്കേതിക മികവും കുറഞ്ഞ തുകയും രേഖപ്പെടുത്തുന്ന കമ്പനിയെ തിരഞ്ഞെടുത്ത് ഏല്പിക്കുമെന്ന് റോഡ്സ് ആന്‍ഡ് ലാന്‍ഡ് ട്രാന്‍സ്പോര്‍ട്ട് പബ്ലിക് അതോറിറ്റി ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ ഖാലിദ് ദാവി വ്യക്തമാക്കി.
കുവൈത്തില്‍നിന്ന് ആരംഭിച്ച് ഒമാന്‍, ബഹ്റൈന്‍, ഖത്തര്‍, യുഎഇ എന്നീ രാജ്യങ്ങള്‍ കടന്ന് ഒമാനിലെ മസ്കത്തില് സമാപിക്കുന്ന രീതിയിലാണ് ട്രാക്ക് ഒരുക്കുന്നത്. 2,117 കിലോമീറ്ററാണ് ജി.സി.സി റെയില്‍ ദൈര്‍ഘ്യം. പരമാവധി വേഗം മണിക്കൂറില്‍ 200 കി.മീ. പാസഞ്ചര്‍, ചരക്ക് റെയിലുകള്‍ സര്‍വീസ് നടത്തും. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ യാത്രയും ചരക്കു ഗതാഗതവും സുഗമമാകും.
യു.എ.ഇയുടെ ഇത്തിഹാദ് റെയില്‍ 900 കി.മീ പൂര്‍ത്തിയാക്കി ഫെബ്രുവരിയില്‍ രാജ്യമൊട്ടുക്ക് ചരക്കു സേവനം ആരംഭിച്ചു. ജുബൈലിലൂടെ കടന്നുപോകുന്ന സൗദി റെയില്‍ റാസല്‍ഖൈര്‍-ദമാന്‍ റൂട്ടില്‍ 200 കി.മീലേറെ പൂര്‍ത്തിയായി. സൊഹാര്‍ തുറമുഖത്തെ യു.എ.ഇ ദേശീയ റെയിലുമായി ബന്ധിപ്പിക്കുന്നതിനു ഒമാന്‍ റെയിലും ഇത്തിഹാദ് റെയിലും സംയുക്ത സംരംഭവും പുരോഗമിക്കുന്നു. ഖത്തര്‍ റെയിലിന്റെ അടിസ്ഥാന സൗകര്യ വികസനവും രൂപകല്പനയും പൂര്‍ത്തിയായി.
ബഹ്റൈനെ ജി.സി.സി റെയില്‍വേ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന സമാന്തര പാലം പദ്ധതിയുടെ ആദ്യഘട്ടവും കുവൈത്തിന്റെ 111 കി.മീ റെയില്‍വേ ട്രാക്കിന്റെ രൂപകല്പനയും പൂര്‍ത്തിയായിട്ടുണ്ട്.