ജിദ്ദ : ഫീസ് ഈടാക്കി വ്യക്തികൾ ഇ-ലേണിംഗ് മേഖലയിൽ പ്രവർത്തിക്കുന്നത് നാഷണൽ ഇ-ലേണിംഗ് സെന്റർ വിലക്കുന്നു. ഇതുമായി ബന്ധപ്പെട്ട നിയമാവലി നാഷണൽ ഇ-ലേണിംഗ് സെന്റർ പൊതുസമൂഹത്തിന്റെയും വിദഗ്ധരുടെയും അഭിപ്രായ നിർദേശങ്ങൾക്കായി പബ്ലിക് കൺസൾട്ടേഷൻ പ്ലാറ്റ്‌ഫോമിൽ പരസ്യപ്പെടുത്തി. ഇ-ലേണിംഗും പരിശീലനവും അതിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്ന വിധത്തിൽ നിയന്ത്രിക്കാനും ഗുണനിലവാരം ഉയർത്താനും ഇ-ലേണിംഗിലും പരിശീലനത്തിലും വിശ്വാസം വർധിപ്പിക്കാനുമാണ് പുതിയ നിയമാവലിയിലൂടെ ലക്ഷ്യമിടുന്നത്.
ഇ-ലേണിംഗും പരിശീലനവും നിയന്ത്രിക്കുന്ന മാനദണ്ഡങ്ങളും വ്യവസ്ഥകളും നിയമാവലിയിൽ അടങ്ങിയിരിക്കുന്നു. ഇ-ലേണിംഗ് പ്രോഗ്രാമുകളുടെ ഗുണനിലവാരം ഉറപ്പാക്കാനും ഗുണഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇ-ലേണിംഗിനും പരിശീലനത്തിനും ലൈസൻസ് നേടൽ നിർബന്ധമാണ്. സ്ഥാപനങ്ങൾക്കു മാത്രമാണ് ലൈസൻസ് അനുവദിക്കുക. നാഷണൽ ഇലേണിംഗ് സെന്റർ ലൈസൻസുള്ള സ്ഥാപനങ്ങൾ വഴിയല്ലാതെ ഫീസ് ഈടാക്കി വ്യക്തികൾ ഇ-ലേണിംഗ്, പരീശീലന മേഖലയിൽ പ്രവർത്തിക്കുന്നത് നിയമാവലി വിലക്കുന്നു. ഇ-ലേണിംഗ്, പരിശീലന മേഖലയിൽ പ്രവർത്തിക്കാൻ നാലു വർഷ കാലാവധിയുള്ള ലൈസൻസ് ആണ് അനുവദിക്കുക. ലൈസൻസ് പിന്നീട് പുതുക്കാവുന്നതാണ്. കാലാവധി തീരുന്നതിന് ആറു മാസത്തിലധികം മുമ്പ് ലൈസൻസ് പുതുക്കാൻ അപേക്ഷ സമർപ്പിച്ചിരിക്കണം.
ഇ-ലേണിംഗ്, പരിശീലന മേഖലയിൽ പ്രവർത്തിക്കുന്ന വിദേശ സ്ഥാപനങ്ങളുമായി കരാർ ഒപ്പുവെക്കാൻ സൗദിയിലെ സ്ഥാപനങ്ങൾ നാഷണൽ ഇലേണിംഗ് സെന്ററിൽ നിന്ന് മുൻകൂട്ടി അനുമതി നേടി ആവശ്യമായ നടപടികൾ പൂർത്തിയാക്കണം. സൗദിയിൽ ഇ-ലേണിംഗ്, പരിശീലന മേഖലയിൽ സമ്മേളനങ്ങളും ശിൽപശാലകളും മറ്റും സംഘടിപ്പിക്കാൻ സെന്ററുമായി മുൻകൂട്ടി ഏകോപനം നടത്തുകയും വേണം. ലൈസൻസ് നേടാത്ത സ്ഥാപനങ്ങൾ ഇ-ലേണിംഗ്, പരിശീലന മേഖലയിൽ പ്രവർത്തിക്കുന്നത് നിയമാവലി വിലക്കുന്നു. ഇത്തരം സ്ഥാപനങ്ങൾക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കും. ലൈസൻസുള്ള സ്ഥാപനങ്ങൾ നിയമാവലി വകുപ്പുകൾ ലംഘിക്കുന്ന പക്ഷം രേഖാമൂലം വാണിംഗ് നോട്ടീസ് നൽകും. ഇത്തരം സ്ഥാപനങ്ങൾക്ക് നിയമ ലംഘനം അവസാനിപ്പിച്ച് പദവി ശരിയാക്കാൻ 15 ദിവസത്തെ സാവകാശം അനുവദിക്കും. ഇതിനകം നിയമ ലംഘനം അവസാനിപ്പിക്കാത്ത സ്ഥാപനങ്ങളുടെ ലൈസൻസ് നിയമ ലംഘനം അവസാനിപ്പിക്കുന്നതു വരെ മരവിപ്പിക്കും.
മുപ്പതു ദിവസം പിന്നിട്ടിട്ടും നിയമ ലംഘനം അവസാനിപ്പിക്കാത്ത പക്ഷം സ്ഥാപനത്തിന് നൽകിയ മുഴുവൻ ലൈസൻസുകളും റദ്ദാക്കും. വാണിംഗ് നോട്ടീസ് നൽകിയ ശേഷം നിയമ ലംഘനം അവാനിപ്പിച്ച ശേഷമല്ലാതെ പുതിയ ഇ-ലേണിംഗ്, പരിശീലന പ്രോഗ്രാമുകളെ കുറിച്ച് സ്ഥാപനങ്ങൾ പരസ്യം ചെയ്യാനോ പുതിയ ഗുണഭോക്താക്കൾക്ക് പ്രവേശനം നൽകാനോ പാടില്ലെന്നും നിയമാവലി വ്യക്തമാക്കുന്നു.