റിയാദ് : വിഷൻ 2030 നും പ്രോഗ്രാമുകൾക്കും അനുസൃതമായി വികസനാഭിവൃദ്ധിയിലേക്കുള്ള പ്രയാണം സൗദി അറേബ്യ തുടരുകയാണെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. ആഗോള തലത്തിൽ സൗദി അറേബ്യക്കുള്ള മുൻനിര സ്ഥാനം നിലനിർത്താനും കൂടുതൽ വികസനവും അഭിവൃദ്ധിയും കൈവരിക്കാനും പൗരന്മാർക്ക് മാന്യമായ ജീവിതം പ്രദാനം ചെയ്യാനും വിഷൻ 2030 സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനെ പ്രതിനിധീകരിച്ച് എട്ടാമത് ശൂറാ കൗൺസിലിന്റെ നാലാം വർഷ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തുള്ള നയപ്രഖ്യാപന പ്രസംഗത്തിലാണ് കിരീടാവകാശി ഇക്കാര്യം പറഞ്ഞത്. വിഷൻ 2030 ലക്ഷ്യങ്ങൾക്കനുസൃതമായി സാമ്പത്തിക പരിവർത്തന പ്രയാണം തുടരും. സാമ്പത്തിക പരിഷ്‌കാരങ്ങൾ കൈവരിക്കുന്നതിലും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിലും സമഗ്രമായ സാമ്പത്തിക വളർച്ച വർധിപ്പിക്കുന്നതിലും കൂടുതൽ വിജയങ്ങൾ നേടാൻ കഴിയുമെന്ന് ഇതിനകം കൈവരിച്ച അനുകൂല ഫലങ്ങൾ സൂചിപ്പിക്കുന്നു.
വ്യത്യസ്ത തലങ്ങളിൽ വൻ വിജയങ്ങൾ കൈവരിക്കാൻ സൗദി അറേബ്യക്ക് ഇതിനകം സാധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ജി-20 രാജ്യങ്ങളിൽ ഏറ്റവും വലിയ സാമ്പത്തിക വളർച്ച കൈവരിച്ചത് സൗദി അറേബ്യയാണ്. കഴിഞ്ഞ കൊല്ലം സാമ്പത്തിക വളർച്ച 8.7 ശതമാനമായിരുന്നു. പെട്രോളിതര മേഖലയിൽ 4.8 ശതമാനം വളർച്ച കൈവരിക്കാനും സാധിച്ചു. നിരവധി മേഖലകളിൽ മുൻനിര സ്ഥാനങ്ങൾ കൈവരിക്കാൻ രാജ്യത്തിന് സാധിച്ചു. യു.എന്നിന്റെ 50 ശതമാനത്തിലേറെ സുസ്ഥിര വികസന സൂചകങ്ങളിൽ സൗദി അറേബ്യ മുന്നേറിയിട്ടുണ്ട്.
ഈ വർഷം ആദ്യ പാദത്തിൽ ടൂറിസം മേഖലയിൽ ചരിത്രപരമായ പ്രകടനം കാഴ്ചവെക്കാൻ രാജ്യത്തിന് സാധിച്ചു. ആദ്യ പാദത്തിൽ വിനോദസഞ്ചാര വ്യവസായ മേഖലയിൽ 64 ശതമാനം വളർച്ച രേഖപ്പെടുത്തി. സാധ്യമായത്ര തീർഥാടകർക്ക് ഹജ്, ഉംറ കർമങ്ങൾ നിർവഹിക്കാൻ അവസരമൊരുക്കാൻ സൗദി അറേബ്യ അതിയായി ആഗ്രഹിക്കുന്നു. കഴിഞ്ഞ കൊല്ലം 18 ലക്ഷത്തിലേറെ വിദേശ ഹജ് തീർഥാടകരെയും ഒരു കോടിയിലേറെ വിദേശ ഉംറ തീർഥാടകരെയും സൗദി അറേബ്യ സ്വീകരിച്ചു. വിഷൻ 2030 ന്റെ ഭാഗമായ പിൽഗ്രിംസ് സർവീസ് പ്രോഗ്രാമിന്റെ ഫലങ്ങളിൽ ഒന്നാണിത്.
മേഖലാ, ആഗോള തലങ്ങളിൽ സൗദി അറേബ്യക്കുള്ള പ്രത്യേക സ്ഥാനത്തെയും എല്ലാ തലങ്ങളിലും രാജ്യത്തിനുള്ള ശക്തമായ സാന്നിധ്യത്തെയും അടിസ്ഥാനമാക്കി, ലോക രാജ്യങ്ങളുമായുള്ള ക്രിയാത്മക ബന്ധം ശക്തിപ്പെടുത്താൻ സൗദി അറേബ്യ പ്രവർത്തിച്ചു. ഇതിന്റെ ഭാഗമായി കഴിഞ്ഞ വർഷം ഏതാനും വലിയ ഉച്ചകോടികൾക്ക് രാജ്യം ആതിഥേയത്വം വഹിച്ചു. ഈ ഉച്ചകോടികളിൽ 100 ലേറെ രാജ്യങ്ങൾ പങ്കെടുത്തു. എക്‌സ്‌പോ 2030 ആതിഥേയത്വം വഹിക്കാൻ സൗദി അറേബ്യയെ തെരഞ്ഞെടുത്തത് പ്രധാനപ്പെട്ട ആഗോള പരിപാടികൾക്ക് ആതിഥേയത്വം വഹിക്കാനുള്ള അനുയോജ്യമായ കേന്ദ്രം എന്നോണം ആഗോള തലത്തിൽ രാജ്യത്തിനുള്ള നിലയും വിശ്വാസവും സ്ഥിരീകരിക്കുന്നു.
ഗാസ യുദ്ധത്തിന് അറുതിയുണ്ടാക്കാൻ ശ്രമിച്ച് സൗദി അറേബ്യ അറബ്, ഇസ്‌ലാമിക് സംയുക്ത ഉച്ചകോടി വിളിച്ചുചേർത്തു. ഇസ്രായിൽ ആക്രമണം അവസാനിപ്പിക്കാനും ഗാസയിൽ മാനുഷിക സഹായങ്ങൾ എത്തിക്കാനും അന്താരാഷ്ട്ര സമൂഹത്തിനു മേൽ സമ്മർദം ചെലുത്താൻ യോജിച്ച അറബ്, ഇസ്‌ലാമിക് നീക്കത്തിന് അസാധാരണ അറബ്, ഒ.ഐ.സി സംയുക്ത ഉച്ചകോടിയിലൂടെ സൗദി അറേബ്യ പ്രവർത്തിച്ചു.
എല്ലാ രാജ്യങ്ങളുടെയും പരമാധികാരം മാനിക്കൽ, മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കൽ, അന്താരാഷ്ട്ര നിയമസാധുതയുടെ തത്വങ്ങളോടും അതിന്റെ പ്രമേയങ്ങളോടുമുള്ള സ്ഥിരമായ പ്രതിബദ്ധത, നല്ല അയൽപക്ക തത്വങ്ങൾ പാലിക്കൽ, തർക്കങ്ങൾ സമാധാനപരമായ മാർഗങ്ങളിലൂടെ പരിഹരിക്കൽ, മേഖലയിലും ലോകത്തും സുരക്ഷയും സ്ഥിരതയും വർധിപ്പിക്കുന്ന എല്ലാ കാര്യങ്ങളും സ്വീകരിക്കൽ എന്നിവയാണ് സൗദി അറേബ്യയുടെ സ്ഥിരസമീപനത്തിന്റെ അടിസ്ഥാനമെന്നും കിരീടാവകാശി പറഞ്ഞു.
ശൂറാ കൗൺസിലിലെത്തിയ കിരീടാവകാശിയെ റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ രാജകുമാരൻ, റിയാദ് ഡെപ്യൂട്ടി ഗവർണർ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ രാജകുമാരൻ, ശൂറാ കൗൺസിൽ സ്പീക്കർ ശൈഖ് ഡോ. അബ്ദുല്ല ആലുശൈഖ് എന്നിവർ ചേർന്ന് സ്വീകരിച്ചു. ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ, ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ, നാഷണൽ ഗാർഡ് മന്ത്രി അബ്ദുല്ല ബിൻ ബന്ദർ രാജകുമാരൻ, പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ, സാംസ്‌കാരിക മന്ത്രി ബദ്ർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ രാജകുമാരൻ തുടങ്ങി നിരവധി രാജകുമാരന്മാരും മന്ത്രിമാരും വിദേശ നയതന്ത്ര പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു.